കുടവയര്‍ കുറയണമെങ്കില്‍...


NOVEMBER 25, 2019, 11:27 AM IST

ലീനാ തോമസ് കാപ്പന്‍


'ഹലോ ഫേസ്ബുക്കില്‍ ഫോട്ടോ കണ്ടു. ഞാനൊരു ഇഷ്ടമൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ പബ്ലിക് ആയിട്ട് പറയണ്ടാത്ത ഒരു അഭിപ്രായമുണ്ട് പറയട്ടെ.'

തന്റെ ചെറുപ്പത്തിലെയുള്ള  കളിക്കൂട്ടുകാരന്‍ അജിത്തിന്റെ ഫോട്ടോ കണ്ടിട്ട് ബെറ്റി ഫോണ്‍ വിളിക്കുകയാണ്

ഹായ് ബെറ്റീ ..

ഉം പറയ്, നിന്റെ കലപിലയും വഴക്കുകളും കേട്ടിട്ട് കുറെയായല്ലോ. എന്താ വിളിക്കാത്തതെന്ന് അനുവും ചോദിക്കുന്നുണ്ടായിരുന്നു. അജിത് ഉത്സാഹത്തോടെ പ്രതികരിച്ചു.

ഫാര്‍മസിസ്റ്റിന്റെ ഒരു സ്‌കാനിംഗ് നോട്ടമാണിത്. ഉപദേശം ഫ്രീയും. വേണോങ്കില്‍ മതി.

പറയെടീ.. ഞാനിവിടെ വേണമെങ്കില്‍ ഒരു യുദ്ധത്തിനും റെഡിയാണെന്നേ...അജിത് പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു

എടാ നിന്റെ കുടവയറ് കാണാന്‍ ഒരു രസോമില്ല കേട്ടോ...

പാവം ആ ബട്ടന്‍സ് എത്ര പ്രയാസപ്പെട്ടാണ് വയറിനെ താങ്ങിനിര്‍ത്തിയിരിക്കുന്നത്!!! വൈയ്റ്റും കൂടിയിട്ടുണ്ടല്ലോ..നല്ല തീറ്റയാണല്ലേ..ഇങ്ങനെ വാരിവലിച്ചു കഴിക്കാന്‍ അനുവെന്താണ് ഇത്ര സ്‌പെഷ്യല്‍ ആയി ഉണ്ടാക്കിത്തരുന്നത്? അതോ നീ താമരയായോ? ഇങ്ങനെ വെള്ളമടിക്കല്ലേ മോനേ..വയറിനു ചുറ്റും കൊഴുപ്പടിഞ്ഞുകൂടിയാല്‍ എന്തൊക്കെ ദൂഷ്യങ്ങളുണ്ടെന്ന് നിനക്കറിയാമോ? കുട്ടികള് പറക്കമുറ്റാകുംവരെയെങ്കിലും അസുഖമില്ലാതെ ജീവിച്ചിരിക്കേണ്ടേ? നീയെന്താണ് ഒന്നും മിണ്ടാത്തത്?

നീയൊന്നു നിര്‍ത്തിയിട്ടു വേണ്ടേ എനിക്കൊന്നു തുടങ്ങാന്‍. അജിത്തിന് ശുണ്ഠി വന്നു.

ഞാന്‍ ഓരോന്നോരോന്നായി മറുപടി പറയാം. സത്യം പറഞ്ഞാല്‍ എനിക്ക് വൈയ്റ്റും വയറും  കുറക്കണാമെന്നൊക്കെ നല്ല ആഗ്രഹമുണ്ട്. പക്ഷെ എന്തു ചെയ്താല്‍ കുറയും എന്നറിയാത്തതുകൊണ്ടല്ലേ. നീ ക്ഷമിക്ക്.

ദേ പിന്നേ താമരപോലെ സ്ഥിരം വെള്ളത്തിലൊന്നും അല്ലകേട്ടോ ഞാന്‍. വല്ലപ്പോഴും ഒന്നോ രണ്ടോ...അത്രേയുള്ളൂ..അജിത് അനുവിനെ നോക്കി കണ്ണിറുക്കി..

ശരി ശരി..

അവന്‍ പറഞ്ഞു തീരുംമുമ്പേ ബെറ്റി ഇടയില്‍ കയറി

മര്യാദയ്ക്ക് ഞാന്‍ പറയുന്നതുപോലെ അനുസരിച്ചോണം. ഫോണ്‍ അനുവിന് കൊടുക്ക്.

അവളിവിടെ കേട്ടോണ്ടിരുന്ന് ചിരിക്കുന്നുണ്ട്. ദേ കൊടുത്തു..

അനു ഇന്നു മുതല്‍ അവന് രാത്രിയില്‍ ഭക്ഷണം കൊടുക്കരുത്. ഒരു നേരം കഴിച്ചില്ലെന്നു വെച്ച് ഒന്നും സംഭവിക്കില്ല. വേണമെങ്കില്‍ ചെറുതായി വല്ലതും ആറുമണിക്ക് മുമ്പ് കൊടുക്ക്. പ്രമേഹമൊന്നും ഇല്ലാത്തതുകൊണ്ട് ഇതാണ് ഇങ്ങനെ ചെയ്യാന്‍ പറ്റിയ സമയം. ഏതെങ്കിലും ഒരു നേരത്തെ ഭക്ഷണം നല്ല നാരുള്ള പച്ചക്കറികള്‍  വേവിച്ചൊ, പുഴുങ്ങിയോ ബേക്ക് ചെയ്‌തോ എങ്ങനെയെങ്കിലും കൊടുക്ക്.  വെണ്ടക്ക, ബ്രോക്കൊളി, ബീറ്റ് റൂട്ട്, പച്ച ഏത്തക്ക, കടല, സ്വീറ്റ് പൊട്ടറ്റോ, കിഡ്‌നി ബീന്‍സ് ഇതൊക്കെ നല്ല നാരുകളുള്ളവയാണ്.

രാവിലെ ഒരു പാത്രം ഓട്ട്‌സ് കാച്ചിയത് കുടിച്ചിട്ട് പോകട്ടെ. കമ്പ്യൂട്ടറിന് മുന്‍പിലിരുന്ന് കൊറിക്കുന്ന ഒരസുഖമുണ്ടല്ലോ. അതിന് പോപ്‌കോണ്‍ വാങ്ങിക്കൊടുക്ക്. അതാകുമ്പോ അതിലും നല്ല നാരുണ്ട്.

നീ കുറെ നേരായി നാര്, നാര് എന്നു പറയുന്നത്. അനുവാണെങ്കില്‍ എനിക്കിട്ട് പാര വെയ്ക്കാന്‍ ഒരു കൂട്ട് കിട്ടാന്‍ നോക്കിയിരിക്കുവായിരുന്നു. രണ്ടാളും കൂടെ എന്നെ പട്ടിണിക്കിട്ട് കൊല്ലാനാണോ ഭാവം.

നിന്റെ വയറിനും ചുറ്റും ഭരണിപോലെ വീര്‍ത്തിരിക്കുന്ന കൊഴുപ്പ് കളയാനാ ഇതൊക്കെ. ഒരു നേരത്തെ ഭക്ഷണം റദ്ദാക്കിയാല്‍ വൈയ്റ്റും കുറയും. നാരു വയറ്റിലെത്തിയാല്‍ ഒരുനേരം നീയെന്തു കൊഴുപ്പു കഴിച്ചാലും ഈ നാര് അതിനെ തൂത്തുവാരി അങ്ങ് കൊണ്ടുപൊയ്‌ക്കോളും. രക്തത്തിലേക്ക് ഒട്ടും ആഗിരണം ചെയ്യില്ല. ശോധനയും എളുപ്പമാകും.

ഇനി ഭക്ഷണം കുറക്കുന്നതുകൊണ്ട് ക്ഷീണമാകുമെന്നല്ലേ നിന്റെ പേടി..?

അതിനുള്ള പരിഹാരമിതാണ്. അഞ്ചോ ആറോ ബദാം പന്ത്രണ്ട് മണിക്കൂറോളം വെള്ളത്തിലിട്ട് കുതിര്‍ത്ത് പിറ്റേന്ന് തൊലികളഞ്ഞ് കഴിച്ചാല്‍ അതില് നാരുമുണ്ട്, പിന്നെ നല്ല കൊളസ്‌റ്റ്രോള്‍(HDL)  കൂടുകയും ചീത്ത കൊളസ്‌ട്രോള്‍ (LDL) കുറയുകയും ചെയ്യും. ക്ഷീണം പരിഹരിക്കാന്‍ ഇത് വളരെ നല്ലതാണ്. കൊളസ്‌റ്റ്രോളുണ്ടോ എന്നു ചോദിച്ചപ്പോള്‍ എത്ര അഭിമാനത്തോടെയാണ് ബോര്‍ഡറിലാണ് എന്നവന്‍ പറഞ്ഞത്.  

ആകെ ഒരു പ്രശ്‌നമുള്ളത് നന്നായി വെള്ളം കുടിക്കണമെന്നുള്ളതാണ്. കാരണം വൃക്കയില്‍ കല്ലുണ്ടാവുന്ന പ്രവണത ഉള്ളവര്‍ക്ക് ബദാം, കശുവണ്ടി എന്നിവയൊക്കെ കഴിച്ചാല്‍ കല്ലുണ്ടാകുന്നതിന് കാരണമാകും. എന്നു വിചാരിച്ച് പേടിക്കുവൊന്നും വേണ്ട. ഞാനൊരു പതിനാലു വര്‍ഷമായി ബദാം കഴിച്ചാണ് നടക്കുന്നത്.

തീര്‍ന്നിട്ടില്ല. വ്യായാമം ചെയ്യാനുള്ള മാര്‍ഗ്ഗങ്ങളും കൂടെ കണ്ടുപിടിച്ചോളണം.

രാവിലെ പത്രം നിവര്‍ത്തിപ്പിടിച്ചുള്ള ആ ഇരിപ്പിനു പകരം അരമണിക്കൂറോ ഒരു മണിക്കൂറോ നടന്നിട്ടു വരട്ടെ. എന്നിട്ട് ചായ കൊടുത്താല്‍ മതി.കീന്‍വാ ( qu-ino-a) കൊണ്ട് സാലഡോ അല്ലെങ്കില്‍ പച്ചക്കറി, ചിക്കന്‍, മുട്ട ഒക്കെ ചേര്‍ത്ത് നൂഡില്‍ ഉണ്ടാക്കിയോ  കഴിച്ചാല്‍ വണ്ണം കുറയാനും ആരോഗ്യപരമായും വളരെ നല്ലതാണ്.  നാരിനു പുറമെ, പ്രോട്ടീന്‍, മഗ്‌നീഷ്യം, ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം, ആന്റിഓക്‌സിഡന്‍സ് തുടങ്ങി എല്ലാമുണ്ടിതില്‍. അതു നാട്ടില്‍ കിട്ടുമോയെന്ന് നോക്ക്.

അനൂ എനിക്കൊരു ഫോണ്‍ വരുന്നുണ്ട്. പിന്നെ വിളിക്കാം. എന്റെ ക്ലാസ് തീര്‍ന്നിട്ടില്ലെന്ന് അവനോടു പറഞ്ഞേക്ക്...ബെറ്റി ഫോണ്‍ കട്ട് ചെയ്ത് അടുത്ത കോള്‍ അറ്റന്‍ഡ് ചെയ്യാന്‍ പോയി.