സ്ത്രീകൾക്ക് ബ്ലഡ് പ്രഷർ വേറെ  


MARCH 8, 2021, 11:00 AM IST

നിങ്ങൾ ഒരു ഡോക്ടറെ കാണുമ്പോൾ  ആദ്യം ചെയ്യുന്നത് ബ്ലഡ് പ്രഷർ പരിശോധനയാകും. അപ്പോൾ ഡിസ്പ്ലേ സ്‌ക്രീനിൽ തെളിയുന്ന മാജിക് നമ്പറിലേക്കായിരിക്കും ശ്രദ്ധ മുഴുവനും. മെർക്കുറിയുടെ മില്ലിമീറ്ററുകളിലാകും അത് അളക്കുക. 120/ 80 ആരോഗ്യകരമായ സംഖ്യയെന്നാണ് ഇതുവരെയും കരുതിപ്പോന്നത്. 

എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ ഇത് ഇത്രനാളും ശരിയായ ഒരു അളവ് കോലായിരുന്നില്ലയെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. 

ആദ്യ സംഖ്യ സിസ്റ്റോളിക് ബ്ലഡ് പ്രഷർ സൂചിപ്പിക്കുന്നു. ഹൃദയം മിടിക്കുമ്പോൾ ആർട്ടറി ഭിത്തികൾക്ക് മേൽ രക്തം എത്ര സമ്മർദ്ദം ചെലുത്തുന്നുവെന്നതിനെയാണത് സൂചിപ്പിക്കുന്നത്. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം മെർക്കുറിക്ക് 120 മില്ലിമീറ്ററിൽ കുറഞ്ഞിരിക്കുന്നത് ശരിയായ പരിധിക്കുള്ളിലാണ്. എന്നാൽ സ്ത്രീകളിൽ ഇത് 110 മില്ലിമീറ്ററിൽ കുറവായിരിക്കണമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. സ്ത്രീകളുടെ സാധാരണയുള്ള ബ്ലഡ് പ്രഷർ കണക്കാക്കുന്നതിൽ പുതിയ കണ്ടെത്തൽ മാറ്റം വരുത്തുമെന്ന് വിദഗ്ധർ പറയുന്നു. 

 27,000ൽപ്പരം പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ബ്ലഡ് പ്രഷർ അളന്നത്. മെർക്കുറിയുടെ 110 മില്ലിമീറ്ററിനു മുകളിൽ രേഖപ്പെടുത്തുന്ന സ്ത്രീകളിൽ ഹൃദയസംബന്ധമായ എന്തെങ്കിലും രോഗം വരുന്നതിനുള്ള സാധ്യത കൂടുതലാണ്. അത് ഹൃദയാഘാതമാകാം, ഹൃദയ സ്തംഭനമാകാം അല്ലെങ്കിൽ സ്ട്രോക്ക് ആകാം. പുരുഷന്മാരിൽ നിന്നും വ്യത്യസ്തമാണ് സ്ഥിതി.അമേരിക്കക്കാരുടെ ഏറ്റവും വലിയ കൊലയാളിയാണ് ഹൃദ്രോഗം. 

ഉയർന്ന രക്ത സമ്മർദ്ദം പലവിധ ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കും. ഭക്ഷണം, വ്യായാമം എന്നിവയിലൂടെ,പ്രത്യേകിച്ചും ചെറുപ്പകാലത്ത് നിയന്ത്രിക്കാൻ കഴിയുന്ന കാര്യമാണത്.  പ്രായം, ലിംഗം, ജനിതകം എന്നിങ്ങനെയുള്ള ഘടകങ്ങളിൽ "മാറ്റ"ങ്ങളൊന്നും വരുത്താൻ  കഴിയില്ല. നിയന്ത്രിക്കാൻ കഴിയുന്ന ഉയർന്ന കൊളസ്‌ട്രോൾ, പുകവലി എന്നിവയെപ്പോലെ  രക്ത സമ്മർദ്ദവും നല്ല പ്രയത്നത്തിലൂടെ നമ്മുക്ക് നിയന്ത്രിക്കാൻ കഴിയുന്നതാണ്.  

സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ,അമേരിക്കൻ ഹാർട്ട് അസോസിയേഷൻ തുടങ്ങിയ സംഘടനകൾ ഡോക്ടർമാർക്ക് നൽകുന്ന മാർഗനിർദ്ദേശങ്ങൾ പ്രകാരം 120/ 80ൽ താഴ്ന്ന ബ്ലഡ് പ്രഷർ  പ്രായപൂർത്തിയായവരെ സംബന്ധിച്ചിടത്തോളം ആരോഗ്യകരമാണ്. എന്നാൽ രോഗിയുടെ ലിംഗഭേദമനുസരിച്ച് ഇത് വ്യത്യാസപ്പെടുത്താതിരിക്കുന്നത് നല്ല പ്രവണതയല്ലെന്നു വിദഗ്ധർ പറയുന്നു. 

സ്ത്രീകൾ അവരുടെ ബ്ലഡ് പ്രഷർ കൂടെക്കൂടെ പരിശോധിച്ച് നോക്കണമെന്നാണ് വിദഗ്ധർ നൽകുന്ന ഉപദേശം. വീട്ടിലെ വിശ്രമ വേളകളിൽ ഉപകരണങ്ങൾ ഉപയോഗിച്ച് ഇത് ചെയ്യാവുന്നതേയുള്ളൂ. കൂടെക്കൂടെ പരിശോധിക്കുമ്പോൾ  ശരാശരി കണ്ടെത്താൻ എളുപ്പമാണ്. രക്തസമ്മർദ്ദം കുറക്കുന്നതിന് ഭക്ഷണവും ജീവിതശൈലിയും പരിഷ്‌ക്കരിക്കേണ്ട ആവശ്യകതയും വിദഗ്ധർ   ഓർമ്മിപ്പിക്കുന്നു.