സ്തനാർബുദം കണ്ടെത്താൻ എഐ 


SEPTEMBER 18, 2020, 6:08 PM IST

റേഡിയോളോജിസ്റ്റുകളെപ്പോലെതന്നെയോ അല്ലെങ്കില്‍ അവരെക്കാള്‍ മികവോടെയോ സ്തനാർബുദം കണ്ടെത്താന്‍ വരും ദിവസങ്ങളിൽ കഴിയുക നിർമിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനാവും.ഇതിനുള്ള എഐ സംവിധാനം വികസിപ്പിച്ചെടുത്തതായി ഗൂഗിളിന്റെ ഹെല്‍ത്ത് റിസര്‍ച്ച് യുണിറ്റ് കഴിഞ്ഞ ജനുവരിയിൽ അറിയിച്ചിരുന്നു. 

ഗവേഷകരുടെ ഒരു അന്താരാഷ്ട്ര സംഘം വികസിപ്പിച്ചെടുത്ത ഈ മാതൃകക്ക് സാധാരണ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയാതിരുന്ന കാന്‍സര്‍ കണ്ടെത്തുന്നതിനും കാന്‍സര്‍ ഇല്ലാത്തവരെ തെറ്റായ രീതിയില്‍ കാന്‍സര്‍ രോഗികളായി കണ്ടെത്തുന്ന സംഭവങ്ങള്‍ കുറക്കുന്നതിനും കഴിയും യുഎസിലും യുകെയിലുമുള്ള ആയിരക്കണക്കിന് സ്ത്രീകളുടെ മാറിടങ്ങളുടെ എക്‌സ്‌റേ ചിത്രങ്ങളുടെ  (മാമോഗ്രാം) സ്ഥിതിവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തയ്യാറാക്കിയിട്ടുള്ളത്. ഈ കണക്കുകൾ ക്ലിനിക്കല്‍ ഉപയോഗത്തിന് സജ്ജമാക്കുകയാണ് ഇപ്പോൾ. 

ആരോഗ്യ സംരക്ഷണ മേഖലയില്‍ ഗൂഗിള്‍ നടത്തിയ മറ്റൊരു സുപ്രധാന ചുവടുവെപ്പാണിത്. ശ്വാസകോശത്തിലെ കാന്‍സര്‍, നേത്രരോഗങ്ങള്‍, വൃക്കകള്‍ക്ക് സംഭവിക്കുന്ന പരുക്കുകള്‍ എന്നിവ കണ്ടെത്തുന്നതിനുള്ള സമാനമായ  മാതൃകകള്‍  ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് നേരത്തേ വികസിപ്പിച്ചിരുന്നു.രോഗികളുടെ ഡേറ്റ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന സ്വകാര്യതയുടെ ആശങ്കകളെ തുടര്‍ന്ന് ഗൂഗിളും ആല്‍ഫബെറ്റും കര്‍ക്കശമായ പരിശോധനകള്‍ക്ക് വിധേയമായിരുന്നു. യുഎസിലെ വലിയ രണ്ടാമത്തെ ആരോഗ്യ സംവിധാനമായ അസെന്‍ഷനുമായുണ്ടാക്കിയ ഒരു കരാറിനെ തുടര്‍ന്നാണ് മില്യണ്‍ കണക്കിന് രോഗികളുടെ ഡേറ്റ നല്‍കുന്ന വിവരങ്ങള്‍ ഉപയോഗപ്പെടുത്തി ആര്‍ട്ടിഫിഷ്യല്‍ ഇന്റീലിജന്‍സ് വികസിപ്പിക്കാന്‍ ഗൂഗിളിന് കഴിഞ്ഞത്.

ഗൂഗിളിന് ഡേറ്റ നല്‍കുന്നതിന് മുമ്പ് അത് ഏത് വ്യക്തിയുടേതാണെന്നു തിരിച്ചറിയാന്‍ കഴിയാത്തതാക്കി മാറ്റിയിരുന്നു.ഗൂഗിള്‍ വികസിപ്പിച്ചിട്ടുള്ള മാതൃക വളരെ ആശാവഹമാണെന്നു റേഡിയോളോജിസ്റ്റുകളും എഐ വിദഗ്ധരും സമ്മതിക്കുന്നു. മാമോഗ്രാമുകള്‍ കൂടുതല്‍ കാര്യക്ഷമമായി വിലയിരുത്തി ബ്രെസ്റ്റ് കാന്‍സർ കണ്ടെത്താന്‍ അത് റേഡിയോളോജിസ്റ്റുകളെ സഹായിക്കും. സാങ്കേതികവിദ്യ ലോകത്തുണ്ടാക്കുന്ന വലിയ മാറ്റങ്ങളുടെ ഒരുദാഹരണമായി വിദഗ്ധര്‍ അതിനെ ചൂണ്ടിക്കാട്ടുന്നു.

പലപ്പോഴും ബ്രെസ്റ്റ് കാന്‍സർ  കണ്ടെത്താന്‍ കഴിയാതെ പോകുന്നു. മറ്റു ചിലപ്പോള്‍ കാന്‍സര്‍ ഇല്ലാത്ത രോഗികളിലും അല്ലെങ്കില്‍ നിരുപദ്രവമായ കാന്‍സര്‍ ഉള്ളവരിലും  കൂടുതല്‍ പരിശോധനകള്‍ക്കും അനാവശ്യമായ ചികിത്സയ്ക്കും ഇടയാക്കാറുമുണ്ട്. ഇത് രണ്ടും പരിഹരിക്കുന്നതിന് എ ഐ മാതൃകക്ക് കഴിയും.യുകെയില്‍ യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസസിന്റെ ബ്രെസ്റ്റ് സ്‌ക്രീനിംഗ് പ്രോഗ്രാമില്‍ നിന്നുമുള്ള മാമോഗ്രാമുകളാണ് എഐ വികസിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്തിയത്. യുഎസില്‍ ചിക്കാഗോയിലെ നോര്‍ത്ത് വെസ്റ്റേണ്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നിന്നുമുള്ള മാമോഗ്രാമുകളുടെ ഡേറ്റയും  ഉപയോഗപ്പെടുത്തി.ആ ഡേറ്റസെറ്റുകളുടെ അടിസ്ഥാനത്തില്‍ യുകെയില്‍ 25,000ത്തിലധികം സ്ത്രീകളുടെയും യുഎസില്‍ 3000 സ്ത്രീകളുടെയും വ്യത്യസ്തമായ മാമോഗ്രാമുകളില്‍ എഐ പരീക്ഷിച്ചു നോക്കി.

. സാധാരണ പരിശോധനകളില്‍ റേഡിയോളോജിസ്റ്റുകള്‍ക്ക് രോഗം കണ്ടെത്താന്‍ കഴിയാതെ പോകുന്നതായ കേസുകളെ അപേക്ഷിച്ച് യുഎസില്‍ 9.4%വും യുകെയില്‍ 2.7%വും കുറയ്ക്കുന്നതിന് എഐ മാതൃകക്ക് കഴിഞ്ഞു. രോഗം ഇല്ലാത്തവരില്‍ അതുണ്ടെന്നു കണ്ടെത്തുന്ന കേസുകള്‍ യഥാക്രമം 5.7%വും 1.2%വുമാണ് കുറക്കാന്‍ കഴിഞ്ഞത്.യുകെയില്‍ സാധാരണഗതിയില്‍ രണ്ട്  റേഡിയോളോജിസ്റ്റുകള്‍ ഒരു  മാമോഗ്രാം വിലയിരുത്തുമ്പോള്‍ രണ്ടാമത്തെ ആളിനേക്കാള്‍ മോശമല്ലാത്ത രീതിയില്‍ എഐ മാതൃക പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് അവരുടെ ജോലി ഭാരം 88% കുറക്കുന്നുണ്ടെന്നും കണ്ടെത്തി.  യുഎസില്‍ 500 മാമോഗ്രാമുകള്‍ 6 റേഡിയോളോജിസ്റ്റുകളെക്കൊണ്ട് ഗവേഷകര്‍ പരിശോധിപ്പിക്കുകയും അത് എഐ മാതൃകയുടേതുമായി താരതമ്യം ചെയ്യുകയുമുണ്ടായി. റേഡിയോളോജിസ്റ്റുകള്‍ക്ക് രോഗിയുടെ ചരിത്രവും മുന്‍കാല മാമോഗ്രാമുകളും ലഭ്യമായിരുന്നപ്പോള്‍ എഐ മാതൃകക്ക് അവ ലഭ്യമായിരുന്നില്ല. സ്ത്രീകള്‍ക്ക് ബ്രെസ്റ്റ് കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത സംബന്ധിച്ച കണ്ടെത്തലുകളില്‍ എഐ മാതൃക റേഡിയോളോജിസ്റ്റുകളെക്കാള്‍ മികവ് പുലര്‍ത്തി.

എന്നാല്‍, റേഡിയോളോജിസ്റ്റുകള്‍ക്ക് കണ്ടെത്താന്‍ കഴിയാതിരുന്ന കാന്‍സറുകള്‍ എഐ മാതൃക കണ്ടെത്തിയപ്പോള്‍ത്തന്നെ എ ഐ മാതൃകക്ക് കണ്ടെത്താന്‍ കഴിയാതെ പോയ കാന്‍സറുകള്‍ യുകെയിലെയും യുഎസിലെയും റേഡിയോളോജിസ്റ്റുകളും കണ്ടെത്തുകയുണ്ടായി.എഐ മാതൃക കണ്ടെത്തിയ കാന്‍സറുകള്‍ പൊതുവില്‍ റേഡിയോളോജിസ്റ്റുകള്‍ കണ്ടെത്തിയതിനേക്കാള്‍ കൂടുതല്‍ വ്യാപിച്ചവയായിരുന്നു. ഈ വൈരുധ്യം എന്തുകൊണ്ടുണ്ടായി എന്നതിനു ഗവേഷകര്‍ക്ക് വിശദീകരണമൊന്നുമില്ല.ഇനി ക്ലിനിക്കുകളില്‍ എഐ മാതൃക എങ്ങനെ പ്രവര്‍ത്തിക്കുമെന്നതാണ് ഗവേഷകര്‍ കാത്തിരിക്കുന്നത്. ക്ലിനിക്കല്‍ പരിശോധനകളില്‍ എ ഐ മാതൃക എങ്ങനെ നന്നായി ഉപയോഗപ്പെടുത്താമെന്നതിനെക്കുറിച്ച് ആരോഗ്യ സംവിധാനങ്ങളുമായും ഗവേഷക സംഘങ്ങളുമായും ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഗൂഗിള്‍.