ചെമ്മീനും വൈറസ് വാഹിനിയെന്ന് ചൈന  


JULY 17, 2020, 11:25 AM IST

ഭക്ഷ്യ വസ്തുക്കളിലൂടെയും അല്ലെങ്കിൽ ശീതീകരിച്ച ഭക്ഷ്യോൽപ്പന്നങ്ങളിലൂടെയും രോഗാണുക്കൾ പടരുമോ? ഇറക്കുമതി ചെയ്ത ചെമ്മീൻ സാമ്പിളുകൾ കൊറോണ വൈറസ് ടെസ്റ്റിൽ പോസിറ്റീവ് ആയി തെളിഞ്ഞതായുള്ള ചൈനയുടെ അറിയിപ്പാണ് ഈ ചോദ്യമുയർത്തുന്നത്. 

ചെമ്മീൻ പാക്കറ്റുകളുടെ അകവും പുറവും പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായി ചൈനയുടെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പറയുന്നു. ഇക്വഡോറിലെ മൂന്നു പ്ലാന്റുകളിൽ നിന്നും ഇറക്കുമതി ചെമ്മീൻ സാമ്പിളുകളാണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഈ പ്ലാന്റുകളിൽ നിന്നുള്ള ഇറക്കുമതി നിർത്തിവെച്ചതായും ചൈന അറിയിച്ചു. എന്നാൽ ചൈനയുടെ കണ്ടെത്തലുകളെ ചോദ്യം ചെയ്തിരിക്കുകയാണ് ഇക്വഡോറിലെ പ്രമുഖ ചെമ്മീൻ കയറ്റുമതിസ്ഥാപനങ്ങൾ. 

വൈറസ് പടർന്നുപിടിക്കുന്ന ഒന്നാണെന്ന് ടെസ്റ്റ് ഫലം അർത്ഥമാക്കുന്നില്ലെന്നും  എന്നാൽ കമ്പനിയുടെ ഭക്ഷ്യ സുരക്ഷാ ചട്ടങ്ങളിലുള്ള പഴുതുകളാണ് അവ കാണിക്കുന്നതെന്നും കസ്റ്റംസ് അധികൃതർ പറയുന്നു. ശീതീകരിച്ച ഭക്ഷ്യ വസ്തുക്കളുടെ ഇറക്കുമതിയിൽ കർശനമായ നിയന്ത്രണങ്ങൾ ചൈന ഏർപ്പെടുത്തും. 

ഇറക്കുമതിചെയ്ത  ചെമ്പല്ലി മത്സ്യമാണ് ബെയ്‌ജിങ്ങിൽ വീണ്ടും കോവിഡ്- 19 പൊട്ടിപുറപ്പെട്ടതിനുള്ള കാരണമെന്ന് ചൈന കഴിഞ്ഞമാസം പറഞ്ഞിരുന്നു. ഇതേതുടർന്ന് മൽസ്യാഹാരം വ്യാപകമായതോതിൽ ഉപേക്ഷിക്കുകയും സൂപ്പർ മാർക്കറ്റുകളിൽനിന്നും മൽസ്യോല്പന്നങ്ങൾ നീക്കം ചെയ്യുകയുമുണ്ടായി. തുടർന്ന് ചൈന ശീതീകരിച്ച ഭക്ഷ്യോൽപ്പന്നങ്ങളുടെ വിപുലമായ തോതിലുള്ള പരിശോധന തുറമുഖങ്ങളിൽത്തന്നെ നടത്തുകയും വിദേശങ്ങളിൽ രോഗബാധിതരായ തൊഴിലാളികളുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ട  മാംസസംസ്കരണ  പ്ലാന്റുകളിൽനിന്നുള്ള ഇറക്കുമതികൾ തടയുകയും ചെയ്തു. 

ഭക്ഷ്യ വസ്തുക്കളിലൂടെ വൈറസ് പടരുന്നതിനു സാധ്യത വളരെ കുറവാണെന്നാണ് തെളിഞ്ഞിട്ടുള്ളതെന്നു വിദഗ്ധർ പറയുന്നു. ഇപ്പോഴുണ്ടായിട്ടുള്ള ഭക്ഷ്യ ഭീതി താൽക്കാലികം മാത്രമാണെന്നും അവർ അഭിപ്രായപ്പെടുന്നു. 

ഭക്ഷ്യ വസ്തുക്കളിലൂടെയോ ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളിലൂടെയോ ശ്വാസകോശത്തെ ബാധിക്കുന്ന  കോവിഡ് 19 പകരുമെന്നതിനു തെളിവൊന്നും ഇല്ലെന്നാണ് ഇത് സംബന്ധിച്ച് യുഎസ്   ഫുഡ്  ആൻഡ്  ഡ്രഗ്  അഡ്മിനിസ്ട്രേഷൻ നൽകിയ പുതിയ പ്രസ്താവനയിൽ പറയുന്നത്. 

ഇപ്പോഴത്തെ കണ്ടെത്തലുകൾ മൽസ്യ കയറ്റുമതി വ്യവസായത്തിന്റെ സൽപ്പേരിനെ ബാധിച്ചതായി പരിതപിക്കുന്ന ഇക്വഡോറിലെ ചെമ്മീൻ കയറ്റുമതിക്കാർ സമീപ കാലത്ത് നടത്തിയ പരിശോധനകളുടെ ഫലങ്ങൾ പുറത്തുവിടാൻ ചൈന വിസമ്മതിക്കുന്നതായി പറഞ്ഞു.ഒരു കണ്ടെയിനറിനുള്ളിൽ 227,934 സാമ്പിളുകൾ പരിശോധിച്ചതിപ്പോൾ ഒരെണ്ണം മാത്രമാണ് പോസിറ്റീവ് ആയി കാണപ്പെട്ടതെന്നും അത് ആകെയുള്ളതിന്റെ 0.0000043% മാത്രമാണെന്നും അവർ പറയുന്നു.  

ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളിലൂടെ വൈറസ് പടരുന്നതിനുള്ള സാധ്യത വളരെ കുറച്ചുമാത്രമേയുള്ളുവെന്ന ആഗോള വിദഗ്ധരുടെ  അഭിപ്രായങ്ങളോട് ചൈനയും യോജിക്കുന്നു. എന്നിട്ടും ചൈന ടെസ്റ്റുകൾ വ്യാപകമാക്കിയതും ഇറക്കുമതി നിരോധിച്ചതും എന്തുകൊണ്ടാണെന്നുള്ള സംശയങ്ങളാണ് വിദേശങ്ങളിലുള്ളത്. 

ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ഭക്ഷ്യ വസ്തുക്കളിലൂടെ വൈറസ് പടരുന്നതിനുള്ള സാധ്യത ഒഴിവാക്കുന്നതിന്റെ ഒരു പ്രധാന നടപടിയാണ് ടെസ്റ്റുകളെന്നും അത് സാധാരണഗതിയിലുള്ള അന്താരാഷ്‌ട്ര വ്യാപാരത്തെ തടസ്സപ്പെടുത്തില്ലെന്നും ചൈനീസ് അധികൃതർ വിശദീകരിക്കുന്നു. 

വൈറസ് ബാധിതരായിട്ടും ചില രാജ്യങ്ങളിൽ തൊഴിലാളികൾ പ്ലാന്റുകളിൽ ജോലി ചെയ്യുന്നുണ്ടെന്നും വൈറസ് പടരുന്നതിനുള്ള സാധ്യത അത് സൃഷ്ടിക്കുന്നതായും  ചൈന പറയുന്നു. ബ്രസീൽ, യുഎസ്, യുകെ, ജർമ്മനി എന്നീ രാജ്യങ്ങളിലേതുൾപ്പടെ ആകെ 23  പ്ലാന്റുകളിൽ നിന്നുള്ള ഇറക്കുമതി അവസാനിപ്പിച്ചതായും ചൈന  അറിയിച്ചു. 

ചെമ്പല്ലിയേക്കാൾ ചൈന കൂടുതൽ ഇറക്കുമതി ചെയ്യുന്നത് ചെമ്മീനാണ്.ചൈനയിലേക്ക് ചെമ്മീൻ കയറ്റുമതി ചെയ്യുന്ന ഒരു പ്രധാന രാജ്യമാണ് ഇക്വഡോർ. കഴിഞ്ഞവർഷം ഇക്വഡോർ 3.2 ബില്യൺ ഡോളറിന്റെ ചെമ്മീൻ കയറ്റുമതിചെയ്തു. അതിൽ 1.4 ബില്യൺ ഡോളറിന്റെ കയറ്റുമതിയും ചൈനയിലേക്കായിരുന്നു. ചൈനയിലേക്കുള്ള കയറ്റുമതിയുമായി പോകുന്ന കപ്പലുകൾ അവിടെയെത്താൻ മൂന്നാഴ്ച സമയമെടുക്കും. 

227,934 സാമ്പിളുകൾ ടെസ്റ്റ് ചെയ്തതായും മറ്റെല്ലാം നെഗറ്റീവ് ആയിരുന്നുവെന്നും ചൈനീസ് കസ്റ്റംസ് അധികൃതർ അറിയിച്ചു. പോസിറ്റീവ് ആയി കണ്ടെത്തിയവ  ഡാലിയൻ,സിയാമെൻ തുറമുഖങ്ങളിലെത്തിച്ച ശേഷം നശിപ്പിക്കുകയുണ്ടായി.