ജലദോഷമുള്ളപ്പോള്‍....


DECEMBER 31, 2019, 12:52 PM IST

ലീന തോമസ് കാപ്പന്‍ 

ബെറ്റീ രണ്ടുകുഞ്ഞുങ്ങള്‍ക്കും നല്ല ജലദോഷമാണ്. ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല. അവര്‍ക്കു രണ്ടുപേര്‍ക്കും ലീവെടുക്കാന്‍ പറ്റില്ല. അതുകൊണ്ട് മോളിവിടെ ഉണ്ടാകണേ എന്നു പ്രാര്‍ത്ഥിച്ചോണ്ടു വരുവായിരുന്നു ഞാന്‍.

ത്രേസ്യാമ്മച്ചേട്ടത്തി മകന്റെ രണ്ടു കുഞ്ഞുങ്ങളേയും കൊണ്ട് ഫാര്‍മസിയില്‍ വന്നിരിക്കുകയാണ്.

ഈ ചെറുതിന് എത്രവയസ്സായി?

അഞ്ചു വയസ്സ്

ഇവന് ജലദോഷത്തിന്റെ മരുന്നുതരാന്‍ ഫാര്‍മസിസ്റ്റിനെ കാനഡയിലെ നിയമം അനുവദിക്കുന്നില്ല. ഡോക്ടറെ കാണിക്കണം. ബെറ്റി അവന്റെ തലയിലെ മുടിയൊന്നിളക്കി ചേര്‍ത്തുനിര്‍ത്തി.

ഇനി മറ്റവന്റെ കാര്യം. പനിയുണ്ടോ നിനക്ക്, നോക്കട്ടെ.

ഇല്ല, പിന്നെ എന്താണുള്ളത്?

തുമ്മലുണ്ട്, മൂക്കു തുടച്ചു മടുത്തു, ചെറിയ തൊണ്ടവേദനയുമുണ്ട്. ഇതൊക്കെ മതിയോ?

ചുമയുണ്ടോ

ഇപ്പോഴില്ല

തലവേദന?

ഇല്ല

ശരീരത്തിനൊക്കെ വേദനയുണ്ടോ?

ഇല്ല, എനിക്കെന്തെങ്കിലും മരുന്നു വേണം ആന്റീ. ഇതു ഫ്‌ളൂവാണ് ആന്റിബയോട്ടിക്കായാല്‍ ഇതു പെട്ടെന്ന് പോകുമെന്നാ വല്ലിമ്മച്ചി പറയുന്നേ.

നിന്റെ വല്ലിമ്മച്ചിയുടെ മരുന്നുവിവരം എല്ലാക്കാര്യത്തിനും ഉപയോഗിക്കാന്‍ പറ്റില്ല. നിനക്ക് ഫ്‌ളൂവിന്റെ ഒരു ലക്ഷണങ്ങളും ഇല്ല. ഇത് സാധാരണ ജലദോഷമാണ്, കോമണ്‍ കോള്‍ഡ്. ഇതു രണ്ടും വരുന്നത് വൈറസുകൊണ്ടാണ്. അതുകൊണ്ട് ബാക്ടീരിയയ്‌ക്കെതിരെ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ ഈ വൈറസിനെതിരെ പ്രയോഗിക്കാന്‍ പറ്റില്ല മോനെ. ഫ്‌ളൂ വരുത്തുന്നത് ഇന്‍ഫ്‌ളുവെന്‍സ വൈറസാണ്. അതിന് ആന്റി വൈറല്‍ മരുന്നുകളാണ് ഉപയോഗിക്കേണ്ടത്.

കോമണ്‍ കോള്‍ഡ് ആണോ ഫ്‌ളൂ ആണോ എന്നെങ്ങനെ തിരിച്ചറിയും ആന്റി ഫ്‌ളൂ ആണെങ്കില്‍ പെട്ടെന്ന് പനിയുണ്ടാകും. ചൂട് 38°-C and 40°-C (between 100.4°-F an-d 104°-F) ആയിരിക്കും. പെട്ടെന്നുതന്നെ നല്ല ചുമ തുടങ്ങും. തൊണ്ടവേദനയുണ്ടാകും. സഹിക്കാനാവാത്ത തലവേദന അനുഭവപ്പെടും. നല്ല ക്ഷീണം, ശരീരവേദന, കുട്ടികള്‍ക്ക് ഛര്‍ദ്ദി, വയറുവേദന, വയറിളക്കം എന്നിവയും പലപ്പോഴും ഉണ്ടാകും.നിനക്കിതൊന്നുമില്ലാത്തതുകൊണ്ട് കോമണ്‍ കോള്‍ഡ് എന്നാണ് മനസ്സിലാക്കേണ്ടത്.

നിനക്ക് ഞാന്‍ മൂക്കിലടിക്കാന്‍ ഒരു സേലിന്‍ നേസല്‍ സ്‌പ്രേ (Saline nasal spay ) തരാം. അത് മൂക്കടപ്പിന്റെ പ്രയാസങ്ങളെ കുറക്കും. പിന്നെ വീട്ടില്‍ പോയി സഹിക്കാവുന്ന ചൂടുവെള്ളത്തില്‍ ഉപ്പിട്ടിട്ട് ഗാര്‍ഗിള്‍ ചെയ്യണം. നിന്റെ പ്ലേസ്റ്റേഷന്‍ ഒക്കെ മാറ്റിവെച്ച് നന്നായി വിശ്രമിക്കണം. ചെറിയ ചൂടോടെ ധാരാളം വെള്ളം കുടിക്കണം. വൈറസ് നിന്റെ ശരീരത്തില്‍ യുദ്ധം ഒക്കെ കഴിഞ്ഞ് യുദ്ധത്തില്‍ ജയിച്ചില്ലെങ്കില്‍ അവശരായി പുറത്തേക്ക് പോകുന്നത് പ്രധാനമായും മൂത്രം വഴിയാണ്. അത് ശരീയായ രീതിയില്‍ നടക്കണമെങ്കില്‍ വെള്ളം നന്നായി കുടിച്ച് മൂത്രം നല്ല അളവില്‍ പുറത്തുപോകണം.

ശരീരം വൈറസുകളോട് യുദ്ധം ചെയ്ത് നിന്നെ രക്ഷിച്ചോളും. പക്ഷേ നീ കൂടി സഹകരിക്കണം. ചിലപ്പോള്‍ ഒരാഴ്ച സമയമെടുത്തേക്കാം. ചെറിയ രീതിയില്‍ പനിയോ നല്ല തൊണ്ടവേദനയോ തോന്നുന്നെങ്കില്‍ ഇവന് ടൈലിനോളോ അഡ്വിലോ കൊടുത്തേക്ക് ത്രേസ്യാചേടത്തി.

ടൈലിനോളാണ് നല്ലത്. അതില്‍ പാരസെറ്റമോളാണ് ഉള്ളത്. അഡ്വില്‍, ഐബുപ്രോഫനാണ്. വയറ്റില്‍ വേദനയുണ്ടാക്കും.

മോളെ ഞാനീ ടൈലിനോള്‍ കോള്‍ഡ് ആന്‍ഡ് സൈനസ് (Tylenol cold and sinus) എന്നെഴുതിയിരിക്കുന്നതേതെങ്കിലും ഒരു മരുന്ന് കഴിക്കട്ടെ. ഇവരുടെ കോള്‍ഡ് എനിക്കും കിട്ടിയിട്ടുണ്ടെന്നു തോന്നുന്നു.

അതില്‍ പ്‌സ്യൂഡോ എഫിഡ്രിന്‍ (pseudoephedrine) എന്നു പറയുന്ന ഒരു ഘടകം ഉണ്ട്. ത്രേസ്യാചേട്ടത്തി ബ്ലഡ് പ്രഷറിനു മരുന്നു കഴിക്കുന്നതുകൊണ്ട് ഈ പ്‌സ്യൂഡോ എഫിഡ്രിന്‍  കഴിക്കാന്‍ പറ്റില്ല. ഇതിന് രക്തക്കുഴലുകളെ ചുരുക്കുന്ന ഒരു കഴിവുണ്ട്. കൂടിയ രക്തസമ്മര്‍ദ്ദം, ഹൃദയത്തിനും രക്തപ്രവാഹത്തിനും പ്രശ്‌നം, പ്രോസ്റ്റേറ്റിന് വലുപ്പം വെക്കല്‍. കണ്ണിന്റെ  രക്തക്കുഴലുകള്‍ക്ക് പ്രഷറ് കൂടിയിട്ട് ഗ്ലോക്കോമ എന്ന സ്ഥിതിയുള്ളവര്‍, പ്രമേഹം, തൈറോയിഡ് ഹോര്‍മോണ്‍ കൂടിയിരിക്കുന്നവര്‍ എന്നീ അസുഖ സ്ഥിതിയുള്ളവര്‍ ഈ ഘടകം ഉപയോഗിക്കാന്‍ പാടില്ല. ഉറക്കമില്ലായ്മ, വിറയല്‍, നെഞ്ചിടിപ്പ്, പല രീതിയിലുള്ള അസ്വസ്ഥതകള്‍ എന്നിവയെല്ലാം ഇതിന്റെ സൈഡ് ഇഫക്ട്‌സ് ആണെന്നതുകൊണ്ടാണ് ഉപയോഗം തീര്‍ത്തും പാടില്ല എന്നു പറയുന്നത്.

പറയുന്നത് അനുസരിക്കണട്ടോ ത്രേസ്യാചേട്ടത്തി. അതുമിതുമൊക്കെ വാങ്ങിക്കഴിച്ച് ഒരു നല്ല ക്രിസ്തുമസ്സും പുതുവര്‍ഷവും എമര്‍ജന്‍സി റൂമിലാക്കല്ലെ.

ഇല്ല മോളേ നീയെന്റെ മുത്തല്ലേ. ഞാന്‍ കേള്‍ക്കാതിരിക്കുവോ. കേക്കുണ്ടാക്കി വെച്ചിട്ടുണ്ട്. വൈകിട്ടുപോകുമ്പോള്‍ വീട്ടിലൊന്നും കയറണേ.

ശരി ചേട്ടത്തി, വന്നേക്കാം.