കുട്ടികളിൽ കോവിഡ്-19 വർദ്ധിക്കുന്നു 


AUGUST 21, 2020, 7:29 PM IST

രാജ്യത്ത് സ്‌കൂളുകൾ വീണ്ടും തുറന്നു പ്രവർത്തനമാരംഭിക്കാൻ തുടങ്ങിയതിനൊപ്പം കുട്ടികളിൽ കോവിഡ് 19 രോഗബാധ വർദ്ധിക്കുന്നതായാണ് അടുത്തിടെ പുറത്തു വരുന്ന സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നത്. 

ചിൽഡ്രൻസ് ഹോസ്പിറ്റൽ അസോയിയേഷന്റെ സഹകരണത്തോടെ അമേരിക്കൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് യുഎസിലെ സംസ്ഥാനങ്ങളിൽ കോവിഡ് 19 ബാധിച്ച കുട്ടികളുടെ കണക്കുകൾ എല്ലാ ആഴ്ചയും പുറത്തുവിടുന്നുണ്ട്. മഹാമാരി തുടങ്ങിയതിനു ശേഷം ജൂലൈ 30 വരെയുള്ള ഈ കണക്കുകളനുസരിച്ച് 338,982 കുട്ടികൾക്ക് കോവിഡ് 19 ബാധിക്കുകയുണ്ടായി. അത് ആകെയുള്ള കോവിഡ് 19 കേസുകളുടെ 8.8% മാണ്. 

25 സംസ്ഥാനങ്ങളിൽ കുട്ടികളിലെ രോഗബാധ 10%മോ അതിൽ കൂടുതലോ ആണ്. വ്യോമിംഗ്, ടെന്നസി, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിലാണ്‌ ഏറ്റവുമുയർന്ന നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. 15%ത്തിൽ കൂടുതലാണ് അവിടങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം ന്യൂ ജേഴ്സിയും ന്യൂയോർക്ക് സിറ്റിയും 3%ത്തിൽ താഴെയായി ഏറ്റവും കുറഞ്ഞു നിൽക്കുന്നു. 

100,000 കുട്ടികളിൽ 447 പേർ വീതം രോഗ ബാധിതരാണ്. ജൂലൈ 16 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ കുട്ടികളുടെ രോഗബാധയിൽ 40% വർദ്ധനവുണ്ടായി. എഎപിയും സിഎച്ച്എയും ചേർന്നുള്ള  ആദ്യ കോവിഡ് 19 റിപ്പോർട്ട്  ഏപ്രിൽ 16നാണു പ്രസിദ്ധീകരിച്ചത്. അന്നുള്ളതിനേക്കാൾ വളരെയധികം ഉയർന്നു നിൽക്കുകയാണ് ഇപ്പോഴത്തെ നിരക്ക്. 

എന്നാൽ  കോവിഡ് 19 നുമായി ബന്ധപ്പെട്ടു കുട്ടികൾ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നതും മരണമടയുന്നതും "അസാധാരണമാണ്". ഗുരുതരമായ രോഗാവസ്ഥപോലും "അപൂർവമാണ്". 43 സംസ്ഥാനങ്ങളിലും  ന്യൂയോർക്ക് സിറ്റിയിലും നിന്നും ലഭ്യമായ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ആകെയുള്ള കോവിഡ് 19 മരണങ്ങളിൽ കുട്ടികളുടേത് ഒരു ശതമാനത്തിൽ കുറവായിരുന്നു. 20 സംസ്ഥാനങ്ങളിൽ കുട്ടികളുടെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടേയില്ല. 20 സംസ്ഥാനങ്ങളിലും ന്യൂയോർക്ക് സിറ്റിയിലും കോവിഡ് 19മായി ബന്ധപ്പെട്ട ആകെയുള്ള ആശുപത്രി പ്രവേശനങ്ങളിൽ 3.7% മാത്രമായിരുന്നു കുട്ടികൾ. 

കോവിഡ് -19 കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെയെന്നു രേഖപ്പെടുത്തുന്നതിനും നിരീക്ഷിക്കുന്നതിനും സംസ്ഥാനങ്ങൾ  പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള ടെസ്റ്റ് ഫലങ്ങൾ, ആശുപത്രികളിൽ പ്രവേശിപ്പിക്കൽ, മരണം എന്നിവയുടെ വിശദമായ റിപ്പോർട്ടുകൾ തുടങ്ങിയവ നൽകേണ്ടതുണ്ട്. 

49 സംസ്ഥാനങ്ങൾ, ന്യൂയോർക്ക് സിറ്റി, വാഷിംഗ്‌ടൺ ഡിസി, പ്യുർട്ടോ റിക്കോ, ഗുവാം എന്നിവിടങ്ങളിൽ നിന്നുമുള്ള സ്ഥിതിവിവരക്കണക്കുകൾ ഉൾപ്പെടുത്തിയാണ് ഏറ്റവും പുതിയ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. ന്യൂയോർക്ക് പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള കണക്കുകൾ നൽകിയില്ല. മറ്റു സംസ്ഥാനങ്ങൾ അവിടങ്ങളിലെ സാഹചര്യങ്ങൾക്കനുസൃതമായി 0 മുതൽ  14 വയസ്സുവരെയും 0 മുതൽ 24 വരെയുമുള്ള കുട്ടികളെ കുറിച്ചുള്ള കണക്കുകളാണ് നൽകിയത്.

യുഎസിലെ സംസ്ഥാനങ്ങൾ, ടെറിട്ടറികൾ, ന്യൂയോർക്ക് ‌സിറ്റി, വാഷിംഗ്‌ടൺ ഡിസി എന്നിവിടങ്ങളിൽ നിന്നും ജനസംഖ്യാടിസ്ഥാനത്തിൽ ലഭിക്കുന്ന കോവിഡ് -19 റിപ്പോർട്ടുകൾ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ്  പ്രിവൻഷനും നിരീക്ഷിക്കുന്നുണ്ട്. സിഡിസിയുടെ ഓഗസ്റ്റ് 9 വരെയുള്ള കണക്കുകൾ പ്രകാരം ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതായ കോവിഡ്-19 കേസുകളിൽ 18 വയസ്സിനു താഴെ പ്രായമുള്ളവർ 7.4% മാണ്. മരണം ഒരു ശതമാനത്തിൽ കുറവാണ്. ഓഗസ്റ്റ് 1 ന് 18 വയസ്സിനു താഴെയുള്ള 616 പേർ  കോവിഡ്-19 നുമായി ബന്ധപ്പെട്ടു ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടു. അന്നേ ദിവസം  ആകെ ആശുപത്രികളിൽ  പ്രവേശിപ്പിക്കപ്പെട്ടവരുടെ 1.4% ത്തോളമായിരുന്നു അത്. 

കോവിഡ് -19 ബാധിക്കുന്ന കുട്ടികളിൽ മിക്കവരും രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ല, അല്ലെങ്കിൽ നേരിയ ലക്ഷണങ്ങൾ മാത്രം പ്രകടിപ്പിക്കുന്നുവെന്നാണ് സിഡിസി പറയുന്നത്. 

കോവിഡ് -19 പൊട്ടിപുറപ്പെട്ടതിനുശേഷം ഏതാനും ആഴ്ചകളിൽ  മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം എന്നറിയപ്പെടുന്ന അപൂർവമായ എന്നാൽ വളരെ ഗുരുതരമായ ഒരാവസ്ഥയും കുട്ടികളിലും കൗമാര പ്രായക്കാരിലും  കാണപ്പെട്ടിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഹൃദയത്തെയുൾപ്പടെ തകരാറിലാക്കുന്ന ഗുരുതരമായ ഒരാവസ്ഥയാണത്. ഓഗസ്റ്റ് 6 വരെയുള്ള സ്ഥിതിയനുസരിച്ച് 40 സംസ്ഥാനങ്ങളിൽ നിന്നുമായി ഇത്തരത്തിലുള്ള  570 കേസുകളും 10 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അവരുടെ ശരാശരി പ്രായം 8വയസ്സായിരുന്നു.