കോവിഡിനിടയിൽ ഹൃദയത്തെ മറക്കരുത്


JULY 3, 2020, 5:15 PM IST


കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം ന്യൂയോർക് സിറ്റിയിൽ ഒരുവർഷം  മുമ്പുണ്ടായിരുന്നതിനെ അപേക്ഷിച്ച് ആശുപത്രികൾക്ക് പുറത്ത് ഹൃദയാഘാതം കാരണമുള്ള മരണങ്ങൾ മൂന്നിരട്ടിയായി വർദ്ധിച്ചുവെന്ന് പഠനം.

കോവിഡ്ഈ സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധിക്കിടയിലും ജനങ്ങൾക്ക് കൂടുതൽ ഫലപ്രദമായ ആരോഗ്യ സംരക്ഷണം എത്തിക്കേണ്ട ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്നു പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ച ജാമ കാർഡിയോളജി പറയുന്നു. 

യു എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി ഡി എസ്) മോർബിഡിറ്റി ആൻഡ് മോർട്ടാലിറ്റി  വീക്‌ലി റിപ്പോർട്ടിൽ  ഉൾപ്പെടുത്തിയ  മറ്റൊരു പഠന റിപ്പോർട്ടിലും  മഹാമാരിയുടെ സമയത്ത് എമർജൻസി കെയർ നൽകേണ്ടതിന്റെ പ്രാധാന്യം പറയുന്നുണ്ട്.

മാർച്ച് 15 മുതൽ മേയ് 23  വരെയുള്ള ആഴ്ചകളിൽ അതിനു തൊട്ടു മുമ്പുള്ള 10  ആഴ്ചകളെ  അപേക്ഷിച്ച് ആശുപത്രികളിലെ എമർജൻസി ഡിപ്പാർട്ടുമെന്റുകളിൽ എത്തുന്ന ഹൃദ്രോഗികളുടെ എണ്ണത്തിൽ 23 % വും പക്ഷാഘാതം സംഭവിക്കുന്നവരുടെ എണ്ണത്തിൽ 20 % വും രക്തത്തിൽ ഗ്ളൂക്കോസ് അളവ് അപകടകരമായ വിധം ഉയർന്ന രോഗികളുടെ എണ്ണത്തിൽ 10 % വും കുറവുണ്ടായതായി കണ്ടെത്തി. 

ആദ്യ പഠനത്തിൽ മാർച്ച് ഒന്നുമുതൽ ഏപ്രിൽ 25 വരെയുള്ള സമയത്ത് ആശുപത്രികൾക്ക് പുറത്ത് ഹൃദയ സ്തംഭനമുണ്ടാകുകയും  ന്യൂയോർക് സിറ്റി 911 എമർജൻസി മെഡിക്കൽ സർവീസസ് കൃതൃമ ശ്വാസോച്ഛാസം നൽകേണ്ടതായി  വന്ന 3989 രോഗികളുടെയും 2019 ൽ ഇതേ സേവനം ഉപയോഗപ്പെടുത്തിയ 1339 രോഗികളുടെയും  കാര്യമാണ് പഠന വിധേയമാക്കിയത്.

മഹാമാരി പ്രതിസന്ധിയുടെ സമയത്ത് ആശുപത്രികൾക്ക് പുറത്ത് 100000 പേരിൽ 47.5% പേർക്ക് ഹൃദയാഘാതമുണ്ടായപ്പോൾ 2019 ൽ 100000 പേരിൽ  15.9% പേർക്ക് മാത്രമാണ് അങ്ങനെ സംഭവിച്ചത്. 

2020 ൽ ആശുപത്രികൾക്ക് പുറത്ത് ഹൃദയാഘാതം സംഭവിച്ചവരുടെ ശരാശരി പ്രായം 72 വയസ്സായിരുന്നുവെങ്കിൽ കഴിഞ്ഞവർഷം 68 വയസ്സായിരുന്നു. ഹൃദയാഘാതം സംഭവിച്ചവരിൽ വെള്ളക്കാർ 20.4% ആയിരുന്നപ്പോൾ മറ്റുള്ളവർ 32.9%മായിരുന്നു. ഉയർന്ന രക്ത സമ്മർദ്ദമുള്ളവർ കഴിഞ്ഞ വർഷം 45.7% ആയിരുന്നത് ഇപ്പോൾ 53.5%മായി. പ്രമേഹമുള്ളവർ 26.0% ത്തിൽനിന്നും 35.7%മായി. ശാരീരിക പരിമിതിയുള്ളവർ 47.5%മായിരുന്നത് 56.6%മായി. 

ഹൃദയാഘാതം സംഭവിക്കുന്നത് കോവിഡ് 19 കാരണമാണെന്ന് പഠനം നടത്തിയവർ പറയുന്നില്ല. എന്നാൽ ദുർബ്ബലാവസ്ഥയിലുള്ളവർ വൈറസ് ബാധിച്ചേക്കുമെന്ന ആശങ്കയിൽ ആശുപത്രികളിൽ പോകാതിരിക്കുന്നതും അവർക്ക് ആരോഗ്യ പരിചരണം ലഭിക്കാത്തതും അല്ലെങ്കിൽ രോഗിയെ ആദ്യം പരിചരിക്കാനെത്തുന്നവർ മതിയായ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളൊന്നുമില്ലാതെ കൃതൃമശ്വാസം നൽകാനുള്ള ശ്രമത്തിൽ വൈറസ് ബാധിതമായ വായുകണികകൾ കടത്തിവിടുന്നതിന്റെ ഫലവുമാകാം.

എമർജൻസി ഡിപ്പാർട്ടുമെന്റ് സന്ദർശനം ഏറ്റവും കുറഞ്ഞു നിന്നിരുന്ന മാർച്ച് അവസാനത്തെ അപേക്ഷിച്ച് ഇപ്പോൾ അത് ക്രമേണ ഉയരുന്നുണ്ടെങ്കിലും സാധാരണയുള്ളതിനേക്കാൾ താഴ്ന്നു നിൽക്കുകയാണെന്ന് സിഡിസിയുടെ നാഷണൽ സിൻഡ്രോമിക് സർവെയ്‌ലൻസ് പ്രോഗ്രാമിൽ നിന്നുമുള്ള സ്ഥിതിവിവര കണക്കുകൾ കാണിക്കുന്നു. ഹൃദയാഘാതവും  സ്ട്രോക്കുമായും   ബന്ധപ്പെട്ട സന്ദർശനങ്ങൾ കൂടിയെങ്കിലും സാധാരണയുണ്ടായിരുന്നതിലും കുറവാണ്.

ബ്ലഡ് ഷുഗർ കൂടുന്നതിന്റെ പേരിൽ  നടത്തുന്നതായ ഇ ഡി സന്ദർശനങ്ങളിൽ   18-44 പ്രായപരിധിയിലുള്ളവരുടെ ,പ്രത്യേകിച്ചും സ്ത്രീകളുടെ വിഭാഗത്തിലാണ് വലിയ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. 65 -74 പ്രായപരിധിയിലുള്ള പുരുഷന്മാരും സ്ത്രീകളും ഹൃദ്രോഗവുമായി ബന്ധപ്പെട്ടു നടത്തുന്ന ഇ ഡി  സന്ദർശനങ്ങളിലും കുറവ് സംഭവിച്ചിട്ടുണ്ട്. 65 -74 പ്രായ വിഭാഗത്തിലുള്ള പുരുഷന്മാരും 75 -84  പ്രായ വിഭാഗത്തിലുള്ള  സ്ത്രീകളും സ്ട്രോക്കുമായി ബന്ധപ്പെട്ട നടത്തുന്നതായി സന്ദർശനങ്ങളിലും  വലിയ കുറവാണ് സംഭവിച്ചിട്ടുള്ളത്. 

65 വയസ്സിനു മുകളിലോട്ടുള്ളവരിൽ ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയുമായി ബന്ധപ്പെട്ട ഇ ഡി സന്ദർശനങ്ങൾ വലുതായി കുറഞ്ഞപ്പോൾ  ഉയർന്നതോതിലുള്ള ബ്ലഡ് ഷുഗർ ഉള്ളവരുടെയും 18 -44 പ്രായത്തിൽപ്പെട്ടവരുടെയും കുട്ടികളുടെയും സന്ദർശനത്തിലാണ്  വലിയ കുറവനുഭവപ്പെട്ടത്. 

പുതിയ കൊറോണ വൈറസിനെക്കുറിച്ചുള്ള ഭയം, ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതിൽ നേരിടുന്ന പ്രയാസങ്ങൾ, അത്യാവശ്യമില്ലാതെയുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നുള്ള നിർദ്ദേശം, വീടുകളിൽത്തന്നെ കഴുകിയണമെന്ന ഉത്തരവ് എന്നിവ കാരണമാണ് ഇ ഡി സന്ദർശനങ്ങളിൽ കുറവ് സംഭവിക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത്.

കോവിഡ്-19 മായി ബന്ധപ്പെട്ടതല്ലാത്ത മരണ നിരക്കുകൾ ഉയരുന്നതിന്റെ ഒരു കാരണം ഇ ഡി സന്ദർശനങ്ങൾ  കുറഞ്ഞതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 

മഹാമാരി തുടർന്നാലും ഇല്ലെങ്കിലും നെഞ്ചുവേദന, ചലന ശേഷി നഷ്ടപ്പെടൽ, മാനസിക വിഭ്രാന്തി എന്നിവ അനുഭവപ്പെടുന്നവർ, മറ്റെന്തെങ്കിലും ഗുരുതര പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ എന്നിവരെല്ലാം ഇ ഡിയിലേക്ക് പോകുകതന്നെ വേണമെന്നാണ് പഠനം നടത്തിയ വിദഗ്ധർ നിർദ്ദേശിക്കുന്നത്.

യഥാസമയം  ആരോഗ്യ വിദഗ്ധരിൽ നിന്നും ആവശ്യമായ നിർദ്ദേശങ്ങൾ ലഭിക്കുന്നതിന് അതാവശ്യമാണ്. വൈറസ് ബാധ തടയുന്നതിനും രോഗികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ എല്ലാ നിർദ്ദേശങ്ങളും ഉൾക്കൊണ്ടു കൊണ്ടുതന്നെയാണ് ഇ ഡികൾ പ്രവർത്തിക്കുന്നതെന്നവർ പറയുന്നു.