കോവിഡ് 19 അവയവങ്ങൾ തകരാറിലാക്കും


NOVEMBER 20, 2020, 6:02 PM IST

കടുത്ത രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത കോവിഡ് 19 രോഗികളിൽ 70%ത്തോളം പേർക്കും  സാർസ് കോ വി 2 വൈറസ് ബാധയുടെ ആദ്യലക്ഷണങ്ങൾ പ്രകടമായി നാല് മാസങ്ങൾക്കുശേഷം ഒന്നോ രണ്ടോ അവയവങ്ങൾക്ക് തകരാർ സംഭവിച്ചതായി യുകെയിലെ ഒരു പഠനം വെളിപ്പെടുത്തുന്നു. 

ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ആശുപത്രികൾ, മയോ ക്ലിനിക്ക് ഹെൽത്ത് കെയർ, ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ 44 വയസ്സിനടുത്ത് പ്രായമുള്ള 201 കോവിഡ് രോഗികളെയാണ് പഠനവിധേയമാക്കിയത്. 

ഇവരിൽ വൈറസ് ബാധക്ക് മുമ്പ് അമിതവണ്ണം, രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം എന്നിങ്ങനെയുള്ള രോഗങ്ങൾ കുറവായിരുന്നു. പഠനവിധേയമാക്കിയവരിൽ 18% മാത്രമേ കോവിഡ് രോഗവുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടുള്ളു. 

കോവിഡ് ബാധയിൽ നിന്നും സുഖം പ്രാപിക്കുന്ന രോഗികൾക്ക് ഓർമ്മക്കുറവ്, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും സാർസ് കോ വി-2 വൈറസ് ബാധിച്ചതിനെതുടർന്ന് ഇടക്കാലത്ത് പല അവയവങ്ങൾക്കും തകരാർ സംഭവിക്കുന്നതായി കണ്ടെത്തിയ ഈ പഠനം ആദ്യത്തേതാണ്. 

യുവതലമുറയിൽ കൊറോണ വൈറസ് ബാധയുണ്ടാക്കുന്ന ദീർഘകാല ഭവിഷ്യത്തുകളെയാണ് ഈ പഠനം സൂചിപ്പിക്കുന്നത്. 

കോവിഡ് രോഗത്തിനൊപ്പം മറ്റുരോഗങ്ങളൊന്നും പ്രകടമാകാത്ത അപകടം കുറഞ്ഞ വിഭാഗത്തിലാണ് പൊതുജനാരോഗ്യ അധികൃതർ യുവതലമുറയെ കണക്കാക്കിയിരുന്നത്. പ്രായംകൂടിയവരുടെ ചികിത്സയിലാണ് കൂടുതൽ ശ്രദ്ധിച്ചിരുന്നത്. കോവിഡ് ബാധക്ക് 4 മാസങ്ങൾക്ക് ശേഷവും തളർച്ച, ശ്വാസതടസ്സം, പേശിവേദന, തലവേദന, സന്ധിവേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ രോഗികളിൽ നിലനിന്നേക്കുമെന്നു കണ്ടെത്തിയിരുന്നു. 

അവയവങ്ങളെ ബാധിക്കുമെങ്കിലും അത് നേരിയ തോതിൽ മാത്രമായിരിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും 25% ആൾക്കാരിൽ മാത്രമേ രണ്ടോ അതിൽ കൂടുതലോ അവയവങ്ങൾ തകരാറിലാകുകയുള്ളുവെന്നും ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ അമിതാവ ബാനർജി പറയുന്നു. 

കോവിഡ് ബാധിച്ച രോഗികളിൽ രക്തം ഉൾപ്പടെയുള്ള എല്ലാ അവയവങ്ങളുടെയും പരിശോധന നടത്തുന്നതിലൂടെ മാത്രമേ  ലോങ്ങ് കോവിഡിനെ ശരിയായി നിർവചിക്കാൻ കഴിയുള്ളുവെന്നാണ് ഗവേഷകർ പറയുന്നത്. 

ഫലപ്രദമായ കോവിഡ് 19 വാക്സിനുകൾക്കും ചികിത്സക്കുമുള്ള ശ്രമങ്ങൾ തുടരുമ്പോൾത്തന്നെ സാർസ് കോ വി -2 വൈറസ് ബാധിച്ചവർക്ക് ദീർഘകാലാടിസ്ഥാനത്തിൽ അവയവ തകരാറുകൾ സംഭവിക്കാനുള്ള സാധ്യത, സമൂഹത്തിൽ  വൈറസ് ബാധ തടയുന്നതിനായി മാസ്ക് ധാരണം, സാമൂഹ്യ അകലം പാലിക്കൽ, ശാരീരിക സമ്പർക്കങ്ങൾ ഒഴിവാക്കൽ എന്നിവയെല്ലാം പാലിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഉയർത്തിക്കാട്ടുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു. 

ഇന്ത്യയിൽ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ) സ്ഥാപനമായ ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റഡ് ബയോളജിയിലെ ഗവേഷകരും കോവിഡ് ബാധിതരിൽ പഠനങ്ങൾ തുടങ്ങിയിട്ടുണ്ട്.