കോവിഡ്-19 മാനസികരോഗികളെ സൃഷ്ടിക്കും 


DECEMBER 5, 2020, 6:46 PM IST

കോവിഡ് -19 ബാധിതരായ അഞ്ചിലൊരു ഭാഗത്തിന്--100 പേരിൽ 18 പേർക്ക് വീതം--മാനസിക രോഗങ്ങൾ അനുഭവപ്പെടുന്നതായി കണ്ടെത്തൽ. രോഗബാധയുണ്ടായി 14 മുതൽ 90 ദിവസങ്ങൾക്കകം ഇത് സംഭവിക്കുന്നതായാണ് ഓക്സ്ഫഡ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയത്. പഠന റിപ്പോർട്ട് 'ലാൻസെറ്റ്' പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡ്-19  ബാധിതരായ 62,354  പേരെയാണ് പഠനവിധേയമാക്കിയത്. 

കോവിഡുമായി ബന്ധപ്പെട്ട മാനസികരോഗങ്ങളുടെ നിരക്ക് ശ്വാസകോശങ്ങളിൽ സംഭവിക്കുന്ന അണുബാധ, ഇൻഫ്ലുവെൻസ, ഒടിവ്, ചർമ്മരോഗങ്ങൾ എന്നിവയെക്കാൾ കൂടുതലാണ്. ഉറക്കമില്ലായ്മ, മറവി, ഉൽക്കണ്ഠ എന്നിവയാണ് കൊറോണ വൈറസ് ബാധിതരിൽ കൂടുതലായും കണ്ടുവരുന്ന മാനസിക പ്രശ്നങ്ങൾ. 65 വയസ്സിനു മുകളിലാണ് പ്രായമെങ്കിൽ അയാൾക്ക് മറവി രോഗം കൂടുതലായിരിക്കും. 

ഉൽക്കണ്ഠയുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങളിൽ അഡ്ജസ്റ്റ്‌മെന്റ് ഡിസോർഡർ (മാനസിക സമ്മർദ്ദങ്ങൾ, വിഷാദം, പ്രത്യാശ നശിക്കൽ, ശാരീരിക പ്രശ്നങ്ങൾ) ജനറലൈസ്ഡ് ആംക്സൈറ്റി ഡിസോർഡർ (തലചുറ്റൽ, ക്ഷീണം, ക്രമരഹിതമായ ഹൃദയ സ്പന്ദനം, വിറയൽ, നാവ് വരളൽ, അമിതമായി വിയർക്കൽ, ശ്വാസ തടസ്സം), ചികിത്സക്ക് ശേഷം അനുഭവപ്പെടുന്ന പോസ്റ്റ്-ട്രൗമാറ്റിക് ഡിസോർഡർ (ഭയം തുടങ്ങിയവ) പാനിക് ഡിസോർഡർ (പരിഭ്രാന്തി, ഹൃദയ മിടിപ്പ്  വർധിക്കൽ) എന്നിവയാണ് ഏറ്റവും കൂടുതൽ കണ്ടത്.

നിലവിൽ മാനസിക രോഗികളായവരെ കോവിഡ്-19 കൂടുതലായി ബാധിക്കുന്നതിനുള്ള സാധ്യതയും കണ്ടെത്തിയിട്ടുണ്ട്. കോവിഡ്-19 പൊട്ടിപുറപ്പടുന്നതിനു ഒരു വർഷം മുമ്പുതന്നെ രോഗബാധക്കുള്ള സാധ്യത 65% കൂടുതലാണ്. 

കോവിഡ്-19 കാരണമുണ്ടാകുന്ന മാനസിക ആഘാതങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ വേറെയും നടക്കുന്നുണ്ട്. കൂടുതൽ വിപുലമായ ഒരു സ്ഥിതിവിവരക്കണക്കു തയ്യറാക്കുന്നതിനായി യുകെ ആസ്ഥാനമായ കോറോ നെർവ്  ഗ്രൂപ്പ്  ന്യുറോ സംബന്ധമായും ന്യുറോസൈക്യാട്രിക്ക് സംബന്ധവുമായ ക്ലിനിക്കൽ റിപ്പോർട്ടുകൾ കൂടി സമാഹരിക്കുന്നുണ്ട്. 

ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ ഒക്ടോബറിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ കോവിഡ്-19 കാരണം മരിച്ചവരുടെ ശരീരം കീറിമുറിച്ച് പരിശോധിച്ചപ്പോൾ ബ്രയിനിനു  വീക്കം സംഭവിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ബ്രയിനിന്റെ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ ലുകോഎൻസെഫലോപ്പതി എന്നറിയപ്പെടുന്ന ഒരു തകരാർ കണ്ടെത്തി. ഗുരുതരാവസ്ഥയിലുള്ള രോഗികളിൽ നേരിയ രക്തസ്രാവമുണ്ടായതായും കണ്ടു. 

ചൈനയിൽ കോവിഡ്-19ന്റെ ആദ്യ ഘട്ടത്തിൽ പഠന വിധേയമാക്കിയ 99 രോഗികളിൽ 9%ത്തിനു ആശയക്കുഴപ്പത്തിന്റെ  അവസ്ഥ കണ്ടെത്തുകയുണ്ടായി. ഏതാനും മാസങ്ങൾക്കുശേഷം ജെഎഎംഎ  ന്യൂറോളജി  പ്രസിദ്ധീകരിച്ച മറ്റൊരു പഠന റിപ്പോർട്ടിൽ പഠനവിധേയമാക്കിയ ചൈനയിലെ 214 രോഗികളിൽ 78% പേർക്കെങ്കിലും ന്യൂറോ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തി. രോഗികളെ ചികിൽസിക്കുമ്പോൾ സ്റ്റിറോയിഡുകൾ വളരെ കരുതലോടെ വേണം ഉപയോഗിക്കേണ്ടതെന്നാണ് മറ്റു ചില പഠനങ്ങൾ വെളിപ്പെടുത്തുന്നത്. സ്റ്റിറോയിഡുകൾ ഇരുവശത്തും മൂർച്ചയുള്ള ഒരു വാൾപോലെയാണ്. രോഗികളിൽ അത് ന്യൂറോ സൈക്യാട്രിക് പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും.