കോവിഡ്: രോഗലക്ഷണങ്ങളില്ലാത്തവർ രക്ഷകരായേക്കും


AUGUST 14, 2020, 1:36 PM IST

പുതിയ കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടതിനെ സംബന്ധിച്ച ആഴത്തിലുള്ള ഒരു പഠനത്തിനുള്ള ശ്രമത്തിലായിരുന്നു   മോനിക്ക ഗാന്ധി. രോഗബാധിതരായവരിൽ ഏറെയും ഒരുലക്ഷണവും പ്രകടിപ്പിച്ചിരുന്നില്ലയെന്നത് അവരെ അമ്പരപ്പിച്ചു. 

ബോസ്റ്റണിൽ ഭവനരഹിതരായ ആൾക്കാരെ പാർപ്പിച്ചിരുന്ന ഒരു ഷെൽട്ടറിൽ 147 പേർ രോഗബാധിതരായുണ്ടായിരുന്നു. ഒരുമിച്ചാണ് താമസിച്ചിരുന്നതെങ്കിലും അവരിൽ 88% പേർക്കും ഒരു ലക്ഷണവുമുണ്ടായിരുന്നില്ല. അർകാൻസയിലെ ഒരു  പൗൾട്രി പ്ലാന്റിൽ 481 രോഗബാധിതർ ഉണ്ടായിരുന്നപ്പോൾ 95% പേരും ഒരു ലക്ഷണവും പ്രകടിപ്പിക്കുകയുണ്ടായില്ല. അർകാൻസ, നോർത്ത് കരോലൈന, ഒഹയോ, വിർജീനിയ എന്നിവിടങ്ങളിലെ ജയിലുകളിൽ 3,277 തടവുകാർ രോഗബാധിതരായിരുന്നുവെങ്കിലും  96% പേരും രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കത്തവരായിരുന്നു. 

ലോകമൊട്ടാകെ കൊറോണ വൈറസ് മഹാമാരി വ്യാപിച്ചിട്ട് 7 മാസങ്ങൾ പിന്നിടുന്നു. 700,000 ത്തിലധികം പേരുടെ ജീവനത്  അപഹരിച്ചു. അതിലൊക്കെ എത്രയോ മടങ്ങ് കൂടുതൽ പേർ ഒരു കുഴപ്പവുമില്ലാതെ രക്ഷപ്പെട്ടുവെന്നതാണ് വലിയ അത്ഭുതമായിത്തോന്നിയത്. രോഗബാധിതരായ മറ്റുള്ളവരുമായി വളരെ അടുത്ത് ഇടപഴകിയിട്ടും അവർക്ക് സംരക്ഷണം നൽകിയത് എന്തായിരുന്നു? അവരിൽ വൈറസ് ബാധയുടെ തോത് കുറഞ്ഞ അളവിൽ ആയിരുന്നിരിക്കുമോ? അതോ കാരണം ജനിതകമാണോ? നമ്മുടെ മുൻധാരണയ്ക്ക് വിപരീതമായി ചിലരിൽ വൈറസുകൾക്കെതിരെ സ്വാഭാവികപ്രതിരോധശക്തി ഉണ്ടാകുമോ? 

ഇതേക്കുറിച്ച് നടത്തിയ പഠനം ഫലങ്ങൾ തരുന്ന ഘട്ടത്തിലെത്തിയിരിക്കുന്നു. പുതിയ അറിവുകൾ വാക്സിനുകളും മരുന്നുകളും വേഗതയിൽ  വികസിപ്പിക്കുന്നതിൽ പുതിയ പ്രതീക്ഷകൾ നൽകുന്നു. അതുമല്ലെങ്കിൽ ജനസംഖ്യയിൽ ഒരു നിശ്ചിത ശതമാനം പേർക്ക് ലഘുവായ വൈറസ് ബാധ ഉണ്ടാകുന്നതിലൂടെ മഹാമാരിക്ക് അന്ത്യംകുറിക്കാൻ കഴിയും വിധം സമൂഹ പ്രതിരോധം (ഹെർഡ്‌ ഇമ്മ്യൂണിറ്റി) കൈവരിക്കാൻ സഹായിച്ചെന്നുമിരിക്കും.

വളരെ കൂടുതൽ പേർക്കും രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തത് ഒരു നല്ല സൂചനയാണെന്ന് സാൻഫ്രാൻസിസ്‌കോയിലെ കാലിഫോണിയ യൂണിവേഴ്‌സിറ്റിയിലെ സാംക്രമികരോഗ വിദഗ്ധയായ മോനിക്ക കരുതുന്നു. 

 കൊറോണ വൈറസ് പല സൂചനകളും നൽകുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും അത് വ്യാപിച്ചത് അസമമായിട്ടാണ്. കുട്ടികളെ അത് ചെറുതായി മാത്രമേ ബാധിച്ചുള്ളു. രോഗബാധിതരിൽ വലിയൊരു ഭാഗവും ഒരു ലക്ഷണവും പ്രകടിപ്പിക്കാത്തവരോ അല്ലെങ്കിൽ നേരിയ ലക്ഷണങ്ങൾ മാത്രം പ്രകടിപ്പിച്ചവരോ ആയിരുന്നു. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ കഴിഞ്ഞ മാസം നൽകിയ കണക്കുകളനുസരിച്ച് അങ്ങനെയുള്ളവർ 40%ത്തോളമായിരുന്നു. 

ഇതെല്ലാം ശാസ്ത്രജ്ഞരെ പലവഴിക്ക് നയിച്ചു. പ്രായവും ജനിതകഘടനയും എന്ത് പങ്കാണ് വഹിക്കുന്നതെന്നറിയാനായി  ചിലർ വൈറസുകൾ ശരീരത്തിലേക്കു കടന്നു കയറുന്ന  സെല്ലുകളെക്കുറിച്ച് പഠിച്ചു. മറ്റു ചിലർ മാസ്കുകൾ ധരിക്കുന്നത് വൈറസിനെ തടയുന്നതിനും  രോഗലക്ഷണങ്ങൾ ഇല്ലാതെയാക്കുന്നതിനോ  കുറക്കുന്നതിനോ  സഹായിക്കുമോയെന്നതിലാണ് ശ്രദ്ധിച്ചത്. ഭാഗികമായ പ്രതിരോധശേഷിയുള്ള പലരും നമുക്കിടയിൽ ഉണ്ടെന്നുള്ളതാണ് ഇതർത്ഥമാക്കുന്നത്. 

സാർസ് -കോ വി 2 എന്ന സാങ്കേതികനാമത്തിൽ അറിയപ്പെടുന്ന, കോവിഡ്-19നു കാരണമാകുന്ന കൊറോണ വൈറസിനെ 2019 ഡിസംബർ 31നാണ് കണ്ടെത്തിയത്. മനുഷ്യന് ഒരു പ്രതിരോധശേഷിയും നൽകാത്ത ഒരു  "പുതിയ"  കൊറോണ വൈറസ് ആണതെന്നാണ് കരുതിയത്. എന്നാൽ ആ ധാരണ തെറ്റായിരുന്നുവെന്ന തെളിവുകളാണിപ്പോൾ ലഭിക്കുന്നത്. 

സമീപകാലപഠനങ്ങൾ അമ്പരപ്പിക്കുന്ന മറ്റൊരു വിവരം കൂടി നൽകുന്നു. നമ്മുടെ ശരീരത്തെ ആക്രമിക്കുന്ന പ്രത്യേക തരം വൈറസുകളെ തിരിച്ചറിയാൻ സഹായിക്കുന്ന, നമ്മുടെ പ്രതിരോധസംവിധാനത്തിന്റെ ഭാഗം തന്നെയായ "ഓർമ്മകൾ" സൂക്ഷിക്കുന്ന ടി സെല്ലുകൾ ലോകജനസംഖ്യയിലെ നല്ലൊരു ഭാഗത്തിന് ഭാഗിക സംരക്ഷണം നൽകുന്നുണ്ട്. കുട്ടിക്കാലത്ത് ലഭിച്ച വാക്സിനേഷനുകളിൽ നിന്നും ലഭിച്ചതാകാമത്. അതല്ലെങ്കിൽ, സാധാരണ ജലദോഷമുണ്ടാക്കുന്ന മറ്റു കൊറോണ വൈറസുകളുമായുള്ള പരിചയത്തിലൂടെ ആർജ്ജിച്ച പ്രതിരോധമാകാമതെന്നും പറയുന്നുണ്ട്.

ഇത്തരം കണ്ടെത്തലുകൾ ശരിയാണെങ്കിൽ അത് ജനങ്ങൾക്കുണ്ടാക്കുന്നതായ ഫലങ്ങൾ ദൂരവ്യാപകമായ ഒന്നായിരിക്കും.കൊറോണ വൈറസിനോടുള്ള പൊതു പ്രതിരോധം നേരത്തെ കരുതിയിരുന്നതിനേക്കാൾ വളരെ കൂടുതലാണെന്നാണ് പഠനങ്ങൾതെളിയിക്കുന്നത്. ബാർസിലോണ, ബോസ്റ്റൺ, വുഹാൻ തുടങ്ങിയ വൻ നഗരങ്ങളിൽ  ആന്റി ബോഡീസ് സാന്നിധ്യമുള്ളതിനാൽ പ്രതിരോധശേഷി ഉണ്ടായിരുന്നവർ ഒറ്റയക്കസംഖ്യയിൽ  ഒതുങ്ങിയിരുന്നുവെങ്കിൽ, ടി സെല്ലുകളുടെ കൂടി ഫലമായി പ്രതിരോധശേഷിയുള്ളവർ കൂടി ചേരുമ്പോൾ സമൂഹത്തിന്റെ പ്രതിരോധശേഷി കൂടുതൽ ഉയരുന്നതായികണ്ടെത്തി

വ്യാപകമായ ലോക്ക്ഡൗണുകൾ ഏർപ്പെടുത്താതിരിക്കുകയും മാസ്കുകൾ ധരിക്കുന്നത് നിർബ്ബന്ധിതമാക്കുകയും ചെയ്യാതിരുന്ന സ്വീഡനിൽ രോഗവ്യാപനത്തിന്റെനി രക്കിൽ  കുറവ് സംഭവിച്ചതും അല്ലെങ്കിൽ രോഗവ്യാപനത്തിന്റെ നിരക്ക് വളരെ ഉയർന്നിരുന്ന മുംബൈയിലെ പാവപ്പെട്ടവരുടെ ചേരികളിൽ ഗുരുതര രോഗബാധിതർ കുറഞ്ഞിരുന്നതും ശരീരത്തിൽ നേരത്തെ തന്നെ ആർജ്ജിച്ചിരുന്ന പ്രതിരോധശേഷിയുടെ ഫലമാണെന്ന് പല വിദഗ്ധരും കരുതുന്നു.എന്നാൽ ശരിക്കുള്ള പഠനം കൂടാതെയുള്ള ഇത്തരം നിഗമനങ്ങൾ അപക്വമായിരിക്കുമെന്നാണ് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അങ്ങനെ പറയുന്നവരും ചിലർക്ക് ശരീരത്തിൽ ഭാഗികമായ പ്രതിരോധശേഷിയുണ്ടാകുന്നതിനുള്ള സാധ്യത തള്ളിക്കളയുന്നില്ല. 

പലരിലും ലക്ഷണങ്ങളൊന്നുംപ്രകടമാകാത്തരോഗബാധ എങ്ങനെ സംഭവിക്കുന്നുവെന്നതിനു അറിയപ്പെടാത്ത പല കാരണങ്ങളും ഉണ്ടാകാമെന്നും ഏതെങ്കിലും ഒരു ഘടകം മാത്രം ചൂണ്ടിക്കാണിക്കുന്നത് ശരിയല്ലെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. 

പലരിലും കാണപ്പെടുന്ന ആന്റിബോഡീസ് വൈറസ് ബാധ ഉണ്ടായതിനു ശേഷം മാത്രം രൂപപ്പെടുന്നതാണെന്നും എന്നാൽ കൊറോണ വൈറസിനെ ചെറുക്കുന്നതിൽ ശരീരത്തിനാകെ പ്രതിരോധശേഷി നൽകുന്ന  രക്തത്തിലെ വൈറ്റ് സെൽസായ ടി സെല്ലുകളാണ് കൂടുതൽപങ്കു വഹിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

കൊറോണ വൈറസിൽനിന്നും ലഭിക്കുന്ന ആന്റി ബോഡീസ് പലരിലും രണ്ടോ മൂന്നോ മാസങ്ങൾ മാത്രമേ നിലനിൽക്കുകയുള്ളുവെന്നാണ് സമീപകാല പഠനങ്ങൾ കാണിക്കുന്നത്. എന്നാൽ ടി സെല്ലുകൾ വർഷങ്ങൾ നീണ്ടുനിൽക്കുന്ന പ്രതിരോധംനൽകും. ആന്റിബോഡി ടെസ്റ്റിനേക്കാൾ കൂടുതൽ ക്ലേശകരമായ ഒന്നാണ് ടി സെല്ലുകളുടെ ടെസ്റ്റിംഗ്.  

പല സ്ഥലങ്ങളിലും നടന്ന ഗവേഷണങ്ങളിൽ ടി സെല്ലുകൾ കൊറോണ വൈറസിനെ കൂടുതൽ പ്രതിരോധിക്കുന്നതായി കണ്ടെത്തി.നെതെർലാൻഡ്സിൽ  ശേഖരിച്ച രക്ത സാമ്പിളുകളിലെ 20%വും ജർമനിയിൽ 34%വും സിംഗപ്പൂരിൽ 50% കൊറോണ വൈറസുകളെപ്രതിരോധിച്ചു.

വൈറസുകളുടെ വലിയൊരു കുടുംബത്തിലെ അംഗമാണ് സാർസ് കോ വി-2., സാർസ്, മെർസ് എന്നിവ ആ കുടുംബത്തിലെ മറ്റുരണ്ടംഗങ്ങളാണ്. അവ രണ്ടും കൂടുതൽ മാരകമാണെങ്കിലും വ്യാപനം ഹൃസ്വകാലത്തേക്കുള്ളതും പരിമിതവുമായിരിക്കും. കൊറോണ വൈറസിന്റെ മറ്റു നാല് രൂപങ്ങളാണ് സാധാരണയുള്ള ജലദോഷമുണ്ടാക്കുന്നത്. അവ ഓരോ വർഷവും പ്രത്യക്ഷപ്പെടുകയും നിസ്സാരമായ ലക്ഷണങ്ങൾ മാത്രം പ്രകടിപ്പിക്കുകയും ചെയ്യുന്നു. 

സാധാരണ ജലദോഷമുണ്ടാക്കുന്ന കൊറോണ വൈറസുകൾ ടിസെല്ലുകൾക്ക്  നൽകുന്ന ഓർമ്മശക്തിയാണ് കൂടുതൽ ശക്തമായ വൈറസുകളെ പ്രതിരോധിക്കാൻ സഹായിക്കുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷിയെന്നത് അടിസ്ഥാനപരമായും ഓർമ്മശക്തിയുടെ ഒരു യന്ത്രമാണെന്നാണ് വിദഗ്ധർപറയുന്നത്. 

സെല്ലുകൾക്കുള്ളിലേക്കു കടന്നുകയറാനായി വൈറസുകൾ കുത്തിയിറക്കുന്ന പ്രോട്ടീനുകൾക്കെതിരെ ശക്തമായപ്രതിരോധമാണ് ടി സെല്ലുകൾ തീർക്കുന്നതെന്നു  ഗവേഷകർ കണ്ടെത്തി. ആ പ്രതിരോധത്തെ മറികടക്കാൻ വളരെ ചുരുക്കം വൈറസുകൾക്ക്  മാത്രമേ കഴിയുള്ളു. ഇപ്പോഴത്തെ പഠനങ്ങളിൽ നിന്നും തെളിയുന്നത് ചിലർക്ക് സംരക്ഷണമുണ്ട്, മറ്റു ചിലർക്ക് അതില്ല എന്നാണ്. കുറേപ്പേരിൽ നേരത്തെ തന്നെ നിലനിൽക്കുന്ന പ്രതിരോധ ശേഷിയുണ്ട്. 

വാക്സിനുകളും കൊറോണ വൈറസ് ബാധയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനവും ഇതിനിടക്ക് നടക്കുന്നുണ്ട്. നിലവിലുള്ള ചില വാക്സിനുകൾ മറ്റു രോഗങ്ങളെയും തടയുന്നുണ്ട്. ഉദാഹരണത്തിന്, വസൂരിക്കുള്ള വാക്സിൻ അഞ്ചാം പനിയും വില്ലൻചുമയും തടയുന്നുണ്ട്. അതുപോലെ മറ്റെന്തെങ്കിലും വാക്സിനുകൾക്ക്  സാർസ് കോ വി -2ൽ നിന്നും സംരക്ഷണം നൽകാൻ കഴിയുമോയെന്നതായിരുന്നു കണ്ടെത്താൻ ശ്രമിച്ചത്. അതിന്റെ ഫലങ്ങൾ വളരെ സങ്കീർണ്ണമായ ഒന്നായിരുന്നു.

മുൻകാലത്ത് ഒരു വയസ്സ്, രണ്ടു വയസ്സ് അല്ലെങ്കിൽ അഞ്ചു വയസ്സ്  എന്നിങ്ങനെയുള്ള പ്രായത്തിൽ നൽകുന്ന  ഏഴിനം വാക്സിനുകൾ  ലഭിച്ചവരിൽ കൊറോണ വൈറസ് ബാധയുടെ നിരക്ക് കുറഞ്ഞിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അവയിൽത്തന്നെ രണ്ടെണ്ണത്തിന് വളരെ ശക്തമായ പ്രതിരോധമുള്ളതായി തെളിഞ്ഞു. സമീപകാലത്ത് ന്യുമോണിയക്കെതിരെയുള്ള വാക്സിൻ ലഭിച്ചവരിൽ കൊറോണ വൈറസ് ബാധ 28% കുറഞ്ഞിരുന്നതായി കണ്ടെത്തി.

പോളിയോ വാക്സിൻ ലഭിച്ചവരിൽ വൈറസ് ബാധയുടെ സാധ്യത 43% കുറഞ്ഞിരുന്നു. വികസിപ്പിച്ചു കൊണ്ടിരിക്കുന്നതായ പുതിയ വാക്സിനുകളെപ്പോലെ നിലവിലുള്ള വാക്സിനുകളും രോഗപ്രതിരോധം നൽകുമെങ്കിൽ അത് ലോകത്തിന്റെ വാക്സിൻ പരിപാടിയെയാകെ മാറ്റിമറിക്കാൻ പോന്നതാകും. 

കൊറോണ വൈറസ് ബാധയിലുണ്ടാകുന്ന വ്യത്യാസത്തിന് കാരണമായേക്കാവുന്ന മറ്റു പല ഘടകങ്ങളും പഠന വിധേയമാക്കിയിരുന്നു. ഭൂപരമായ പ്രത്യേകതകൾ, ജനസംഖ്യാപരമായ സവിശേഷതകൾ, മറ്റ് രോഗങ്ങൾ ഉള്ള അവസ്ഥ എന്നിവയെല്ലാം അതിലുൾപ്പെടും. 

മാസ്കുകൾ ധരിക്കുന്നവരിൽ രോഗലക്ഷണങ്ങളില്ലാത്തവരുടെ എണ്ണം കൂടുതലായിരിക്കുമെന്നു മോനിക്ക ഗാന്ധി കണ്ടെത്തിയിരുന്നു.രണ്ടു ഉല്ലാസക്കപ്പലുകളിലെ രോഗബാധയാണ് അവർ ഇതിനായി താരതമ്യം ചെയ്തത്.ആൾക്കാർ മാസ്‌കുകളൊന്നും ധരിക്കാതെ സഞ്ചരിച്ചു കൊണ്ടിരുന്ന ഡയമണ്ട് പ്രിൻസസ് എന്ന കപ്പലിൽ  ടെസ്റ്റിൽ പോസിറ്റീവായി കണ്ടെത്തിയ വൈറസ് ബാധിതരിൽ 47% പേർക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

അതേസമയം അന്റാർട്ടിക്കയിൽ സഞ്ചരിച്ച അർജന്റീനയിലെ ഉല്ലാസകപ്പലിൽ ജീവനക്കാരുൾപ്പടെ  എല്ലാവരും എൻ 95 മാസ്കുകൾ ധരിച്ചിരുന്നു. അവിടെ പോസിറ്റീവായ 81%ത്തിനും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ജനങ്ങൾ  മാസ്കുകൾ ധരിച്ചു നടന്ന സിങ്കപ്പൂർ, വിയറ്റ്നാം, ചെക് റിപ്പബ്ലിക് എന്നിവിടങ്ങളിലും രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരുടെ നിരക്ക് കൂടുതലായിരുന്നു. 

പഠനഫലങ്ങൾ വിലയിരുത്തിക്കൊണ്ട് ജേണൽ ഓഫ് ജനറൽ ഇന്റേണൽ മെഡിസിൻ  എന്ന പ്രസിദ്ധീകരണത്തിൽ എഴുതിയ ലേഖനത്തിൽ മഹാമാരിയുടെ ആദ്യഘട്ടത്തിൽ ഭൂരിപക്ഷം ആൾക്കാരും മാസ്കുകൾ ധരിക്കാതിരുന്നപ്പോൾ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതിരുന്നവർ 15% ആയിരുന്നുവെന്നും പിന്നീടത് 40- 45%മായി ഉയർന്നുവെന്നും മോനിക്ക ഗാന്ധി ചൂണ്ടിക്കാട്ടി. 

മാസ്കുകൾ ധരിക്കുന്നത് യുഎസിലെ ആരോഗ്യ അധികൃതർ ഊന്നിപ്പറയുന്നതുപോലെ  മറ്റുള്ളവരെ മാത്രമല്ല സംരക്ഷിക്കുന്നതെന്നും അത് ധരിക്കുന്നവരെയും സംരക്ഷിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.എന്നാൽ അവരുടെ കണ്ടെത്തൽ വലിയൊരു വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. രോഗലക്ഷണങ്ങളൊന്നുമില്ലാത്തവർ അവരറിയാതെ രോഗവ്യാപനം കൂട്ടുമെന്ന ഭയം നിലനിൽക്കുമ്പോഴാണ് അതൊരു നല്ല കാര്യമാണെന്നു മോനിക്ക പറയുന്നത്. രോഗലക്ഷണങ്ങളൊന്നുമില്ലാത്തവർ ഉണ്ടാക്കുന്ന രോഗവ്യാപനം ജനങ്ങളിൽകൂടുതൽപേരിലും  രോഗപ്രതിരോധശേഷി സൃഷ്ടിക്കുമെന്നത് തെളിയിക്കപ്പെടേണ്ടതായ കൗതുകകരമായ ഒരു അനുമാണെന്നും അത് രോഗവ്യാപനം പരിമിതപ്പെടുത്തുമെന്നും അവർ അഭിപ്രായപ്പെടുന്നു.