കോവിഡുമായി ബന്ധപ്പെട്ട്   അപൂര്‍വ നാഡീരോഗം 


NOVEMBER 2, 2020, 10:48 AM IST

കോവിഡുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഒരു പതിനാലു വയസ്സുകാരനില്‍ അപൂര്‍വമായ നാഡീരോഗം കണ്ടെത്തി. മില്ലര്‍ ഫിഷര്‍ സിന്‍ഡ്രോം എന്ന ഈ രോഗാവസ്ഥയില്‍ നമ്മുടെ പ്രതിരോധ സംവിധാനം ശരീരത്തിലെ നാഡീവ്യൂഹത്തെ ആക്രമിക്കാന്‍ ആരംഭിക്കും. 

ഇതിന്റെ ഫലമായി അവ്യക്തമായ കാഴ്ചയും ശരീരം ദുര്‍ബലമാവുകയും നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും കാലുകളില്‍ ഒരു തരിപ്പ് അനുഭവപ്പെടുകയും ചെയ്യും. ഈ രോഗലക്ഷണങ്ങളുമായിട്ടാണ് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ 14 വയസ്സുകാരന്‍ എത്തിയത്. ആര്‍ടിപിസിആര്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. 

ഒരാഴ്ച നീളുന്ന തീവ്ര പരിചരണത്തെ തുടര്‍ന്ന് കുട്ടിക്ക് കോവിഡ് ഭേദമാകുകയും പിന്നീട് ഫിസിയോതെറാപ്പിയിലൂടെ ചലനശക്തി വീണ്ടെടുക്കുകയും ചെയ്തു. 

കോവിഡ് രോഗമുക്തിക്ക് ശേഷം പലര്‍ക്കും ഗുരുതരമായ ശ്വാസകോശ സങ്കീര്‍ണതകളും ഹൃദയാഘാതവും പക്ഷാഘാതവുമൊക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. രോഗമുക്തിക്ക് ശേഷം മൂന്നു മുതല്‍ ആറ് മാസം വരെ ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

തീവ്രതയില്ലാത്ത കോവിഡ് രോഗലക്ഷണമുണ്ടായ രോഗികളില്‍ പോലും പിന്നീട് നാഡീവ്യൂഹവും രക്തകോശവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളുണ്ടാകുന്നുണ്ടെന്ന് പകര്‍ച്ചവ്യാധി വിദഗ്ധയായ ഡോ. വിജയലക്ഷ്മി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കൃത്യ സമയത്തെ വൈദ്യസഹായം ഇത്തരം കോവിഡ് അനന്തര സങ്കീര്‍ണതകള്‍ പരിഹിക്കാന്‍ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.