കോവിഡ്: ശരീരോഷ്മാവ് ടെസ്റ്റ് ചെയ്‌താൽ പോരാ


OCTOBER 3, 2020, 6:53 PM IST

രാജ്യത്തൊട്ടാകെ സ്‌കൂളുകളിൽ  പോകുന്ന കുട്ടികൾക്കും അത്‌ലറ്റുകൾക്കും മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുമെല്ലാം ഒരു അടിസ്ഥാന പരിശോധനയായി മാറിയിരിക്കുകയാണ് ശരീരോഷ്മാവ് അളക്കുകയെന്നത്. എന്നാൽ കോവിഡ്-19 ബാധിച്ചിട്ടുണ്ടോയെന്നറിയുന്നതിനുള്ള നല്ലൊരു പരിശോധനയല്ല അതെന്നാണ് വിദഗ്ധരുടെയും മെഡിക്കൽ സംഘങ്ങളുടെയും അഭിപ്രായം.

വൈറസ് ബാധിതരായ പല കുട്ടികൾക്കും മുതിർന്നവർക്കും പനി ഉണ്ടാകണമെന്നില്ല. അതിലുപരി പലരിലും ശരീരോഷ്മാവ് വ്യത്യസ്തമായിരിക്കും. അതിനൊപ്പം തന്നെയാണ് സ്കാനറുകളിലൂടയും ശരീരത്തിൽ സ്പര്ശിക്കാതെയുള്ള  ഇൻഫ്രാ റെഡ്  തെർമോ മീറ്ററുകളിലൂടെയുമുള്ള പരിശോധനകളുടെ കൃത്യത. തെറ്റുകൾ സംഭവിക്കുന്നതിനുള്ള സാധ്യത ഏറെയാണ്. 

പല മാതാപിതാക്കളും അവരുടെ കുട്ടികളുടെ താപനില കൂടെക്കൂടെ പരിശോധിക്കാറുണ്ട്. കാലാകാലങ്ങളിൽ വരുന്ന പനി സാധാരണയിലും കൂടുതലായി ഇപ്പോൾ സംഭവിക്കുന്നുണ്ടെന്നു ഡോക്ടർമാർ പറയുന്നു. ശരീരത്തിനുള്ളിൽ  സ്വയമേവ സംഭവിക്കുന്ന വീക്കങ്ങളുടെയും മറ്റും ഫലമായി ഇടയ്ക്കിടെ പനിയും മറ്റു ലക്ഷണങ്ങളും വരാറുണ്ട്. ഇത്തരം ജനിതക സ്വഭാവങ്ങൾ  അപൂർവമാണെങ്കിലും അവ പലപ്പോഴും കണ്ടെത്തപ്പെടാതെ പോകുന്നുണ്ടെന്നും ഡോക്ടർമാർ പറയുന്നു. 

മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്ത തങ്ങളുടെ മക്കൾക്ക് മാസങ്ങളായി ശരീരോഷ്മാവ് താഴ്ന്നുനിൽക്കുന്നതായി ചില മാതാപിതാക്കൾ ഡോക്ടർമാരോട്  പറയാറുണ്ട്. ഇത് ഏതെങ്കിലും കണ്ടെത്തിയിട്ടില്ലാത്തതും ലക്ഷണങ്ങളൊന്നും പ്രകടമാക്കാത്തതുമായ  കോവിഡ്-19 കേസുമായി ബന്ധപ്പെട്ടതാണോ അല്ലയോ എന്ന് പറയാനാകില്ല. 

സ്‌കൂളുകൾ വീണ്ടും തുറക്കാൻ പോകുന്ന യുഎസിൽ നൽകിയിട്ടുള്ള പൊതുമാർഗനിർദ്ദേശമാണ് ശരീരോഷ്മാവിന്റെ പരിശോധന. കോവിഡ്-19  ബാധിച്ച 300 കുട്ടികളിൽ യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നടത്തിയ ഒരു പഠനത്തിൽ അവരിൽ 56% പേർക്ക് പനിയുള്ളതായി കണ്ടെത്തി.

സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് പുറപ്പെടുവിച്ച മാർഗനിർദ്ദേശ രേഖയിൽ എല്ലാവരുടെയും ശരീരോഷ്മാവ് പരിശോധിക്കണമെന്നു പറയുന്നില്ല. 

പ്രായം, ലിംഗം, മറ്റു ഘടകങ്ങൾ എന്നിവയെ ആശ്രയിച്ച് ഓരോ വ്യക്തിയുടെയും അടിസ്ഥാന  ശരീരോഷ്മാവ് വ്യത്യാസപ്പെട്ടിരിക്കും. ഒരാളുടെ ജൈവഘടികാരമനുസരിച്ച് ഒരു ദിവസത്തിൽ ശരീരോഷ്മാവ് മാറിക്കൊണ്ടിരിക്കും. 

ജർമൻ ഗവേഷകനായ കാൾ റെയ്‌ൻഹോൾഡ് ഓഗസ്റ്റ് വുണ്ടെർലിക്‌ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ശരീരത്തിന്റെ സാധാരണ താപനില  98.6 ഡിഗ്രി ഫാരൻ ഹീറ്റെന്നും 100.4 ഡിഗ്രി ഫാരൻ ഹീറ്റോ അതിൽ കൂടുതലോ ഉ ള്ളതിനെ  പനി എന്നും ഡോക്ടർമാർ നിർവചിക്കുന്നത് .എന്നാൽ ഈ കണ്ടെത്തലിനെ പല ഗവേഷകരും ചോദ്യം ചെയ്യുന്നു. മനുഷ്യന്റെ ശരാശരി ശരീരോഷ്മാവ് അതിലും അൽപ്പം താഴെയാണെന്നും  പ്രായം, ലിംഗം, ദിവസത്തിലെ ഓരോ സമയം എന്നിവയനുസരിച്ച്‌  അത് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുമെന്നുമാണ് അവർ ക‌ണ്ടെത്തിയിട്ടുള്ളത്. 

2018 ൽ ജേണൽ ഓഫ് ഇന്റേണൽ മെഡിസിൻ 329 പേരിൽ ഒരു സ്മാർട്ട് ഫോൺ ആപ്പ് ഉപയോഗിച്ഛ് നടത്തിയ പഠനത്തിൽ വായ്ക്കുള്ളിലെ ശരാശരി ഊഷ്‌മാവ് 97.7 ഡിഗ്രി ആണെന്നും  99.5 ഡിഗ്രിയോ അതിൽ കൂടുതലോ ആണെങ്കിൽ പനി  ആണെന്നുമാണ് കണ്ടെത്തിയത്. മിക്ക പഠനങ്ങളും മുതിർന്നവരിലാണ് നടത്തിയിട്ടുള്ളതെന്നതിനാൽ കുട്ടികളുടെ സാധാരണ ശരീരോഷ്മാവ് എന്തായിരിക്കുമെന്ന് വ്യക്തമല്ല. 

ശരീരത്തിൽ സ്പർശിക്കാതെയുള്ള തെർമോ മീറ്ററുകൾ കൈകാര്യം ചെയ്യാൻ എളുപ്പമാണെങ്കിലും വായ്ക്കുള്ളിൽ വെക്കുന്ന തെർമോ മീറ്ററുകളാണ് ഏറ്റവും കൃത്യമായ ഫലം തരുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. വീടുകളിൽ അതാണുപയോഗിക്കേണ്ടത്. കക്ഷത്ത്  അഥവാ കൈയിടുക്കിൽ പരിശോധിക്കുമ്പോൾ ഒരു ഡിഗ്രി കുറവായിരിക്കും ലഭിക്കുക. അതിനാൽ അവയ്ക്കൊപ്പം ഒരു ഡിഗ്രി കൂടി കൂട്ടണം. ഉപയോഗിക്കുന്നതനുസരിച്ച് തെർമോ മീറ്ററുകളുടെ കൃത്യതയും കുറയും. വിവിധ തെർമോ മീറ്ററുകളുടെ കാലാവധി വ്യത്യാസപ്പെട്ടിരിക്കുന്നു. തെർമോ മീറ്ററുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോയെന്നു കൂടെക്കൂടെ പരിശോധിക്കണം. അവ പ്രവർത്തിക്കുന്നുണ്ടാകുമെന്ന ധാരണയിൽ കഴിയരുത്.