കാൻസർ സാധ്യത: ഡയബറ്റിസ് മരുന്ന് തിരിച്ചു വിളിച്ചു 


OCTOBER 21, 2020, 3:39 PM IST

കാൻസറിന് കാരണമായേക്കാവുന്ന ഘടകം ഉയർന്ന തോതിൽ ചേർന്നിട്ടുള്ളതെന്ന് കണ്ടെത്തിയ പ്രമേഹത്തിനു വ്യാപകമായി ഉപയോഗിക്കുന്ന മരുന്ന് അതിന്റെ ഇന്ത്യൻ നിർമ്മാതാക്കൾ വിപണിയിൽ നിന്നും തിരികെ വിളിച്ചു. 

ഇന്ത്യൻ ഔഷധ നിർമ്മാണ കമ്പനിയായ മാർക്സൻസ് ഫാർമ  ലിമിറ്റഡാണ് മെറ്റ്‌ഫോമിൻ ഹൈഡ്രോക്ലോറൈഡ് എന്ന തങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഗുളികകൾ വിപണിയിൽ നിന്നു മടക്കി വിളിച്ചത്.

ഈ മരുന്നിലടങ്ങിയിട്ടുള്ള മനുഷ്യരിൽ കാൻസറുണ്ടാക്കുന്ന എൻഡിഎംഎയുടെ അളവ് അനുവദനീയമായ അളവിലും വളരെ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. ഒരു ദിവസം മനുഷ്യശരീരത്തിന് സംസ്കരിക്കാവുന്ന എൻഡിഎംഎയുടെ അനുവദനീയമായ തോത് 96 നാനോഗ്രാം മാത്രമാണ്.

മരുന്ന് വിപണിയിൽനിന്നും മടക്കിവിളിച്ച കാര്യം യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ് ഡി എ) കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തു. 

ടൈപ്പ് 2 ഡയബറ്റിസ് രോഗികളെ ചികിൽസിക്കുന്നതിനാണ്  മെറ്റ്‌ഫോമിൻ ഗുളികകൾ നൽകുന്നത്. ഇത് രക്തത്തിൽ ഗ്ലുക്കോസിന്റെ അളവ് കുറയ്ക്കും. 

500 മില്ലിഗ്രാമിനും 750 മില്ലിഗ്രാമിനും മധ്യേയുള്ള ഗുളികകളാണ് തിരിച്ചു വിളിച്ചിട്ടുള്ളത്. അമേരിക്കയിൽ ടൈം ക്യാപ്സ് ലാബ്‌സ് എന്ന കമ്പനിയുടെ ഉൽപ്പന്നമായിട്ടാണ് ഇത് വിറ്റഴിച്ചിരുന്നത്. 

ഇക്കഴിഞ്ഞ വേനൽക്കാലത്തും ഈ ഉൽപ്പന്നം തിരിച്ചുവിളിച്ചിരുന്നു. ആ നടപടി കുറേക്കൂടി വ്യാപിപ്പിക്കുകയാണ് ഇപ്പോൾ ചെയ്തിട്ടുള്ളത്. കഴിഞ്ഞവർഷം എൻഡിഎംഎ സാന്നിധ്യം കണ്ടെത്തിയ പല മെറ്റ്‌ഫോമിൻ  ഉൽപ്പന്നങ്ങളിൽ ഒന്ന് മാത്രമായിരുന്നു തിരിച്ചു വിളിച്ചത്. മറ്റ് ഏഴ് ഔഷധ കമ്പനികളും കാൻസറിന് കാരണമായേക്കാമെന്ന കാരണത്താൽ മെറ്റ്‌ഫോമിൻ   ഹൈഡ്രോക്ലോറൈഡ് അടിസ്ഥാനപ്പെടുത്തിയുള്ള തങ്ങളുടെ മരുന്നുകൾ തിരിച്ചുവിളിച്ചിരുന്നു.

എൻഡിഎംഎ എവിടെ നിന്നാണ് വരുന്നതെന്നും മെറ്റ്‌ഫോമിൻ ഉൽപ്പന്നങ്ങളിൽ അതെങ്ങനെ കടന്നു കൂടുന്നുവെന്നും അന്വേഷിക്കുകയാണ് എഫ്‌ഡിഎ. മിക്ക മരുന്നുകളിലും നിത്യവും എഫ് ഡിഎ അനുവദിച്ചതിൽ കുറഞ്ഞ അളവിൽ മാത്രമേ അതിന്റെ സാന്നിധ്യം കണ്ടിരുന്നുള്ളൂ. അനുവദനീയമായ അളവിലും കൂടുതൽ കണ്ടവയാണ് തിരിച്ചു വിളിച്ചത്. തിരിച്ചു വിളിച്ച ഉൽപ്പന്നങ്ങളിൽ എത്രയളവിൽ എൻഡിഎംഎ ഉണ്ടായിരുന്നുവെന്ന് മാർക്സൻസ് ഫാർമ ലിമിറ്റഡ് വെളിപ്പെടുത്തിയിട്ടില്ല.