പൂര്‍ണമായും കൊഴുപ്പ് ഉപേക്ഷിക്കാന്‍ പറയുന്ന ഡയറ്റ് പ്ലാനുകളില്‍ വിശ്വസിക്കരുതെന്ന് ഡോ. വാലി


OCTOBER 6, 2021, 6:19 PM IST

കൊഴുപ്പുകളെല്ലാം ആരോഗ്യത്തിന് ഭീഷണിയാണെന്ന തെറ്റിദ്ധാരണ പരത്തുകയും ആവശ്യമായ കൊഴുപ്പുകള്‍ ഉപേക്ഷുന്ന പ്രവണതയുണ്ടാവുകയും ചെയ്യുന്നെന്ന് പുതിയ പഠനങ്ങള്‍. ആഹാരത്തില്‍ നിന്ന് ശരീരം ആഗിരണം ചെയ്യുന്ന കൊഴുപ്പാണ് ഊര്‍ജത്തിന്റെ പ്രധാന ഉറവിടം. ഇക്കാര്യം അവഗണിച്ചാണ് കൊഴുപ്പിനെ മുഴുവന്‍ പ്രതിപക്ഷത്തേക്ക് മാറ്റി പ്രചരണം നടത്തുന്നതെന്നതാണ് വിദഗ്ധപക്ഷം. 

ഒരു ഗ്രാം കൊഴുപ്പില്‍ നിന്ന് ഒന്‍പത് കിലോ കലോറി വരെയാണ് ഊര്‍ജ്ജം ലഭ്യമാകുന്നത്. കൊഴുപ്പില്‍ അലിയുന്ന തരം വിറ്റാമിനുകളേയും ധാതുക്കളേയും ശരീരത്തിന് ആഗിരണം ചെയ്യാനും കൊഴുപ്പുകള്‍ സഹായിക്കുന്നു. പലതരം കൊഴുപ്പുകളുണ്ടെന്നും അതുകൊണ്ടു തന്നെ ഇവ പല തരത്തിലാണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ എണ്ണ, ഫാറ്റുകള്‍, വനസ്പതി എന്നീ വിവിധയിനം കൊഴുപ്പുകളെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കണമെന്ന് പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് പത്മശ്രീ ഡോ. മൊഹ്സിന്‍ വാലി ആവശ്യപ്പെടുന്നു. രാഷ്ട്രപതിമാരായ ആര്‍ വെങ്കട്ടരാമന്‍, ശങ്കര്‍ദയാല്‍ ശര്‍മ, പ്രണബ് മുഖര്‍ജി തുടങ്ങിയവരുടെ ഫിസിഷ്യനായിരുന്നു അദ്ദേഹം.

ചീത്ത കൊളസ്ട്രോളായ എല്‍ ഡി എലിനെ വര്‍ധിപ്പിക്കുന്നതിനാല്‍ ടാന്‍സ്ഫാറ്റുകളാണ് ഏറെ അപകടകാരികളെന്ന് ഡോ. വാലി ചൂണ്ടിക്കാണിക്കുന്നു. നല്ല കൊളസ്ട്രോളായ എച്ച് ഡി എലില്‍ ഇത് കുറവും വരുത്തുന്നു. ഇക്കാരണങ്ങളാല്‍ ടി എഫ് എ പരമാവധി ഒഴിവാക്കണം. 10,000ത്തിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് മൃഗങ്ങളെ മെരുക്കിത്തുടങ്ങിയ കാലത്തു തന്നെ ടി എഫ് എ ആഹാരത്തിലെത്തിയെങ്കിലും വനസ്പതിയാണ് ടി എഫ് എയുടെ ഉറവിടമെന്ന തെറ്റായ പ്രചാരണമാണ് പിന്നീടു നടന്നത്. എ്ന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും ഭക്ഷ്യഎണ്ണ സംഘടനകളുടേയും പ്രയത്നത്തിന്റെ ഭാഗമായി ടി എഫ് എയുടെ ഉപഭോഗം കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ആവശ്യമായ കൊഴുപ്പ് ഉറപ്പുവരുത്തുന്ന സംതുലനത്തിനായി ഉത്തരവാദിത്തപ്പെട്ട ഒരു വനസ്പതി ബ്രാന്‍ഡ് മിതമായ രീതിയില്‍ ഉപയോഗിക്കുന്നതില്‍ തെറ്റുമില്ലെന്നും ഡോ. വാലി ആവശ്യപ്പെടുന്നു. 

എല്‍ ഡി എല്‍ വര്‍ധിപ്പിക്കുന്നതിനാല്‍ സാച്വറേറ്റഡ് ഫാറ്റും മിതമായി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. പാല്‍, ചീസ്, വെണ്ണ, ബീഫ് ഉള്‍പ്പെടെയുള്ള മാംസങ്ങള്‍ തുടങ്ങിയവയാണ് എസ് എഫ് എയുടെ ഉറവിടങ്ങള്‍. വെളിച്ചെണ്ണ, പാം കെര്‍ണല്‍ ഓയില്‍ എന്നിവയിലും എസ് എഫ് എ ഉണ്ട്.

മറ്റ് ഫാറ്റുകളെ അപേക്ഷിച്ച് മോണോസാച്വറേറ്റഡ് ഫാറ്റുകള്‍  ഗുണദോഷങ്ങള്‍ ഇല്ലാത്തവയാണ്. അന്നജത്തിനു പകരം ഉപയോഗിച്ചാല്‍ നല്ല കൊളസ്ട്രോളായ എച്ച് ഡി എല്‍ വര്‍ധിപ്പിക്കാന്‍ ഇവ സഹായിക്കുമെന്നും ഡോ. വാലി പറയുന്നു. കപ്പലണ്ടി, എള്ള്, ഒലീവ്, കനോള എന്നിവയുടെ എണ്ണകളും കശുവണ്ടി, ഒലീവ്, മത്തന്‍വിത്തുകള്‍, മുട്ട എന്നിവയും മുഫയാല്‍ സമ്പന്നമാണ്.

പോളിഅണ്‍സാച്വറേറ്റഡ് ഫാറ്റുകള്‍ രണ്ടു തരമാണുള്ളത്- ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍ എന്നിങ്ങനെ. ശരീരത്തിന് അത്യാവശ്യമായ ഇവ ആഹാരങ്ങളിലുള്‍പ്പെടുത്തണമെന്ന് ഡോ. വാലി നിര്‍ദേശിക്കുന്നു. സോയാബീന്‍, കനോല, കടുക്, സൂര്യകാന്തി, കോണ്‍, സാഫ്ളവര്‍, ഫ്ളാക്സീഡ് എന്നിവയുടെ എണ്ണകള്‍, പൈന്‍, വാള്‍നട്ട്, സണ്‍ഫ്ളവര്‍ സീഡുകള്‍, സാല്‍മണ്‍, ഹെറിംഗ്, മത്തി, അയല എന്നിവയാണ് ഇവയ്ക്കായി നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്.

ഓരോരുത്തരും അവരവരുടെ ജീവിതശൈലിക്കനുസരിച്ചുള്ള ഭക്ഷണക്രമം ശീലിക്കണമെന്ന് ഡോ. മൊഹ്സിന്‍ വാലി നിര്‍ദേശിക്കുന്നു. ആഹാരം അറിഞ്ഞ് കഴിയ്ക്കണം. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന ആഹാരസാധനങ്ങളുടെ ചേരുവകള്‍ വായിച്ചറിയണം. കൊഴുപ്പ് മുഴുവനും ഉപേക്ഷിക്കാന്‍ പറയുന്ന ഡയറ്റ് പ്ലാനുകളൊന്നും വിശ്വസിക്കരുതെന്നും ഡോ. വാലി പറയുന്നു. ശരീത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഫാറ്റുകള്‍ ആവശ്യമാണ്. എന്തും ആവശ്യത്തിനനുസരിച്ചും അമിതമാകാതെയും കഴിയ്ക്കുന്നതാണ് നല്ല ആരോഗ്യത്തിന്റെ താക്കോലെന്ന നിര്‍ദ്ദേശവും അദ്ദേഹം നല്കുന്നു.