റൈബോസിക്ലിബിന് ക്യാന്‍സറിന്റെ തിരിച്ചുവരവിനെ ചെറുക്കുമെന്ന് പുതിയ കണ്ടെത്തല്‍


JUNE 3, 2023, 3:57 PM IST

സ്താനാര്‍ബുദ ചികിത്സക്കുപയോഗിക്കുന്ന റൈബോസിക്ലിബിന് ക്യാന്‍സറിന്റെ തിരിച്ചുവരവിനെ ചെറുക്കാനുള്ള ശേഷിയുണ്ടെന്ന് പുതിയ കണ്ടെത്തല്‍. മരുന്നിന്റെ ഉപയോഗം രോഗം തിരിച്ചെത്തുന്നതിനെ 25 ശതമാനം വരെ തടയുമെന്നും പഠനം പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ കാന്‍സര്‍ കോണ്‍ഫറന്‍സായ അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജി വാര്‍ഷിക മീറ്റിംഗിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. പഠനം കൂടുതല്‍ പ്രതീക്ഷ പകരുന്നതാണെന്നാണ് വൈദ്യ ശാസ്ത്രത്തിന്റെ വിശദീകരണം.

5,101 സ്തനാര്‍ബുദ രോഗികളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ചികിത്സാ വേളയില്‍ ഏകദേശം മൂന്ന് വര്‍ഷത്തക്ക് ഇവര്‍ക്ക് റൈബോസിക്ലിബ് നല്‍കി. ഇതുകൂടാതെ കുറച്ചു പേര്‍ക്ക് ഹോര്‍മോണ്‍ തെറാപ്പിയും നല്‍കി. പരീക്ഷണത്തിനൊടുവില്‍ റൈബോസിക്ലിബ് ഉപയോഗിച്ച 90.4 ശതമാനം പേര്‍ രോഗവിമുക്തരായി കണ്ടു. അതേ സമയം, ഹോര്‍മോണ്‍ തെറാപ്പി നടത്തിയ 87.1ശതമാനം പേരിലാണ് ലക്ഷ്യം വിജയം കണ്ടത്. ഈ കണ്ടെത്തല്‍ കൂടുതല്‍ പ്രതീക്ഷ നല്‍കിയെന്നും വൈദ്യ സംഘം വിശദീകരിച്ചു.

ലോകത്ത് സ്തനാര്‍ബുദം സ്ഥിരീകരിച്ച ആയിരക്കണക്കിന് ആളുകളുണ്ട്. പുതിയ കണ്ടെത്തല്‍ അവര്‍ക്ക് ഏറെ സഹായകമാകുമെന്നും, രോഗം തിരിച്ചുവരാനുള്ള സാധ്യത നാലിലൊന്നായി കുറയ്ക്കുമെന്നും വിദഗ്ധര്‍ വ്യക്തമാക്കി. ചികിത്സയ്ക്ക് ശേഷം സ്തനാര്‍ബുദം തിരിച്ചുവരുമെന്ന് പല സ്ത്രീകളും അവരുടെ പ്രിയപ്പെട്ടവരും ആശങ്കപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ പുതിയ റിപ്പോര്‍ട്ട് ഇവരിലേക്ക് പ്രതീക്ഷയുടെ വെളിച്ചം വീശുമെന്നും പഠനത്തില്‍ തെളിഞ്ഞു.

Other News