"അമിതവണ്ണക്കാർ വലിയ വില നൽകേണ്ടിവരും!"


JULY 4, 2020, 12:46 PM IST

ശ്രീബാല വി. രാജീവ്

"പുകവലിക്ക് വലിയ വില നൽകേണ്ടി വരും!" എന്നത് ഇന്ന് മലയാളം സിനിമാ-ടിവി പ്രേക്ഷകർക്ക് വളരെ പരിചിതമായ സവിശേഷ ശബ്ദത്തിലുള്ള ഒരു മുന്നറിയിപ്പാണ്. എന്നാലിതാ കേട്ടോളൂ ഈ കോവിഡ് കാലത്ത് ഒരുപക്ഷെ അതിനേക്കാൾ ഗുരുതരമായ മറ്റൊരു മുന്നറിയിപ്പ്: "അമിതവണ്ണക്കാർ വലിയ വില നൽകേണ്ടി വരും!"

അതേ, ഇത്രയും കാലം അമിതവണ്ണം അഥവാ പൊണ്ണത്തടി ഒരു ജീവിതശൈലീ പ്രശ്നം മാത്രമായിരുന്നുവെങ്കിൽ ഇന്നതൊരു ജീവന്മരണ പ്രശ്നമായി മാറിയിരിക്കുകയാണ്. കുറച്ചു കൂടെ വ്യക്തമായി പറഞ്ഞാൽ നിങ്ങൾ അമിതവണ്ണമുള്ള ആളാണെങ്കിൽ നിങ്ങൾക്ക് കോവിഡ് 19 മഹാമാരിബാധിക്കുന്നതിനും ഒരുപക്ഷെ (അങ്ങിനെ സംഭവിക്കാതിരിക്കട്ടെ) മരണം സംഭവിക്കുന്നതിനുമുള്ള അപകട സാധ്യത സാധാരണ വണ്ണമുള്ള വ്യക്തിയേക്കാൾ ഏറെ കൂടുതലാണ്. 

അമിതവണ്ണം നിയന്ത്രിക്കുക എന്നത് കൊറോണ വൈറസ് കാലഘട്ടത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് എന്നാണ് ഇതിനർത്ഥം. ഭക്ഷണ ക്രമത്തിലും വ്യായാമത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം ഭാരം കുറക്കുന്നതിനുള്ള മരുന്നുകൾ നൽകൽ, പെരുമാറ്റ രീതികൾ ശരിയാക്കുന്നതിനുള്ള ചികിത്സ, ആവശ്യമെങ്കിൽ ശസ്ത്രക്രിയ എന്നിങ്ങനെ ബഹുമുഖമായ ഒരു തന്ത്രം ഡോക്ടർമാർ വരും നാളുകളിൽ സ്വീകരിക്കേണമെന്നാണ് മെഡിക്കൽ വിദഗ്ധർ പറയുന്നത്.

പുതിയ സമീപനം മികച്ച ഫലങ്ങൾ ഉളവാക്കുമെന്നുറപ്പു വരുത്തുന്നതിനായി അമിതവണ്ണം ചികിൽസിക്കുന്നതിൽ   പ്രത്യേക പരിശീലനം സിദ്ധിച്ച വിദഗ്ധരുടെ മേൽനോട്ടത്തിൽത്തന്നെയാകണം അത് നടപ്പാക്കേണ്ടതെന്നും നിർദ്ദേശിക്കുന്നു.  പൊണ്ണത്തടി കുറക്കുന്നതിന് പല  സമീപനങ്ങളും കൂട്ടിയോജിപ്പിക്കേണ്ടതുണ്ടെന്നുള്ള  വസ്തുത വളരെക്കാലമായി ഡോക്ടമാർക്കറിവുള്ളതാണ്. ഓരോ രീതിയെക്കുറിച്ചും അവ സംയോജിപ്പിക്കുന്നതിനെ സംബന്ധിച്ചും സമീപകാലത്ത്  വളരെ അവഗാഢമായ പഠനങ്ങൾ നടന്നിട്ടുണ്ട്. അതിനാൽ രോഗികൾക്ക് കൂടുതൽ ഫലപ്രദമായ നിർദ്ദേശങ്ങൾ നൽകുന്നതിന് ഡോക്ടർമാർക്ക് കഴിയും. 

42% പേരുടെ പ്രശ്നം

കുറെ വർഷങ്ങളായി  അമിതവണ്ണത്തിന്റെ ചികിത്സ കൂടുതൽ ഗൗരവമുള്ള ഒന്നായി മാറിയിരുന്നെങ്കിലും ഇപ്പോഴുണ്ടായിട്ടുള്ള പ്രതിസന്ധി കൂടുതൽ മെച്ചപ്പെട്ട ചികിത്സ നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നു. യുഎസിൽ അമിതവണ്ണമുള്ളവരുടെ എണ്ണം 42.4%മായി ഇയർന്നിരിക്കുന്നുവെന്നാണ് ഫെഡറൽ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത്. 1999-2000 ത്തിൽ 30.5% ആയിരുന്നതാണ് ഇത്രയുമുയർന്നത്. ന്യുനപക്ഷവിഭാഗങ്ങളിലും ആവശ്യമായ ആരോഗ്യ സംരക്ഷണം ലഭിക്കാത്ത വിഭാഗങ്ങളിലുമാണ് ഇത് ഏറ്റവും രൂക്ഷമായി ബാധിച്ചിട്ടുള്ളത്. 

ശരീരത്തിൽ കൊഴുപ്പിന്റെ സൂചിക 30 അല്ലെങ്കിൽ അതിനു മുകളിലുള്ളവരെയാണ് അമിതവണ്ണമുള്ളവരായി മെഡിക്കൽ വിദഗ്ധർ നിർവചിക്കുന്നത്. അത് സ്ഥായിയായുള്ള ഒരു രോഗവുമാണ്. കൊഴുപ്പ് അധികമായി അടിഞ്ഞു കൂടി കോശങ്ങൾ വികസിക്കുകയും "രോഗാതുരമായ കൊഴുപ്പ്" ആയി മാറുകയും ചെയ്യുന്നു. ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, കാൻസർ തുടങ്ങിയ രോഗങ്ങളിലേക്കായിരിക്കും അത് നയിക്കുന്നത്. വയറ്റിൽ  അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പ് അപകടകരമായ എരിച്ചിലുണ്ടാക്കുന്ന ഹോർമോണുകളെ പുറന്തള്ളുന്നു. 

കോവിഡ് 19 രോഗികളുടെ  ശരീരം അമിതമായി പ്രതികരിക്കുകയും പൊണ്ണത്തടിയുടെ ഫലമായി ശരീരത്തിൽ നേരത്തെ തന്നെയുണ്ടായിരുന്ന എരിച്ചിലിനെ കൂടുതൽ വഷളാക്കുകയും ചെയ്യുന്നു. സാധാരണ ശരീരഭാരമുള്ളവരെ അപേക്ഷിച്ച് അമിതവണ്ണമുള്ളവരിൽ അത് ആസ്മ, ശ്വാസകോശ രോഗം തുടങ്ങി ശ്വാസനാളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾകൂടി സൃഷ്ടിക്കുകയും രോഗം വഷളാകുന്നതിനുള്ള സാധ്യത സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് ശ്വാസകോശത്തെ മുഖ്യമായും ബാധിക്കുന്ന കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തൽ എത്ര അപകടകരമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ?

അമിതവണ്ണത്തിന് കൂടുതൽ സമഗ്രമായ ചികിത്സ നൽകുന്നതിന് വളരെക്കാലമായി നിലനിൽക്കുന്ന ഒരു തടസ്സം അതിൽ വിദഗ്ധ പരിശീലനം ലഭിച്ച ഡോക്ടർമാർ കുറവാണെന്നതാണ്. അതുകൊണ്ടാണ് ഭക്ഷണം കുറക്കുന്നതിനും കൂടുതൽ വ്യായാമം  ചെയ്യുന്നതിനും ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. അത് ഫലിക്കാതെ വരുമ്പോൾ അത് രോഗിയുടെ പരാജയമായി ചിത്രീകരിക്കുകയാണ് ചെയ്യുക. അതവരുടെ നിയന്ത്രണത്തിന് അതീതമായ ഒരു കാര്യമായി കാണുന്നില്ല. 

ഉദാഹരണത്തിന് രോഗികൾ ഭക്ഷണത്തിലൂടെ ഉള്ളിലേക്കെടുക്കുന്ന ഊർജ്ജത്തിൽ കുറവ് സംഭവിക്കുകയും കൂടുതൽ വ്യായാമത്തിലേർപ്പെടുകയും ചെയ്യുമ്പോൾ ശരീരഘടന അതിന്റെ നഷ്ടം നികത്തുന്നതിന് ആവശ്യപ്പെടുകയും വിശപ്പു വർദ്ധിപ്പിക്കുന്നതിനുള്ള  ഹോർമോണുകളെ പുറന്തള്ളുകയും ചെയ്യും. ഭാരം കുറക്കുന്നതിന് പ്രയാസങ്ങൾ സൃഷ്ടിക്കുന്ന ജീനുകളുമുണ്ട്.

അമിതവണ്ണവുമായി പെരുമാറ്റ രീതികൾക്ക് ബന്ധമുണ്ടെന്നുള്ളത് ആരും നിഷേധിക്കുകയില്ലെന്നും എന്നാൽ പൊണ്ണത്തടിയുള്ളപ്പോൾ മനുഷ്യ ശരീരം സാധാരണപോലെ പ്രവർത്തിക്കുകയില്ലെന്നതിനു ഏറെ തെളിവുകളുള്ളപ്പോൾ വ്യക്തിയുടെ പെരുമാറ്റത്തെ മാത്രം പഴിക്കുന്നത് ദീർഘവീക്ഷണമില്ലാത്തതും അപകടകരവുമായ ഒരു സമീപനമാണെന്നാണ് ന്യൂയോർക്കിൽ അമിതവണ്ണമുള്ളവരെ ചികിൽസിക്കുന്ന കേന്ദ്രത്തിലെ എൻഡോക്രൈനോളജിസ്റ്റ് ഡോക്ടർ രേഖ കുമാർ പറയുന്നത്. ഇന്നിപ്പോൾ പൊണ്ണത്തടിയുള്ളവരെ ചികിൽസിക്കുന്നതിൽ  ഡോക്ടർക്ക് വഹിക്കാനുള്ള പ്രധാന പങ്കിനെപ്പറ്റി പല ഡോക്ടർമാരും മനസ്സിലാക്കുന്നതായും നല്ല ഫലപ്രദമായ ചികിത്സ  ലഭ്യമാണെന്നും അവർ പറയുന്നു. 

ശാരീരികവും ജനിതകവും മാനസികവും പാരിസ്ഥിതികവുമായ ഘടകങ്ങൾ വളരെ സങ്കീർണ്ണമായ വിധത്തിൽ പരസ്പരം പ്രവർത്തിക്കുന്ന ഒന്നാണ് അമിതവണ്ണമെന്നാണ് ഈ മേഖലയിൽ വൈദഗ്ധ്യം നേടിയിട്ടുള്ള ഡോക്ടർമാർ പറയുന്നത്.ഓരോ രോഗിക്കുമുള്ള പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ ശരീരഭാരം കുറക്കുന്നതിനായുള്ള ഭക്ഷണം, വ്യായാമം, പെരുമാറ്റരീതികൾ എന്നിവയിൽ ഏറ്റവും മികച്ചത് നിർദ്ദേശിക്കാൻ കഴിയും. ജീവിത ശൈലിയിലുള്ള മാറ്റങ്ങളുടെ തന്ത്രം പരാജയപ്പെടുമ്പോൾ ഏതൊക്കെ രോഗികൾക്കാണ് ഔഷധങ്ങളുടെയും ശസ്ത്രക്രിയകളുടെയും രൂപത്തിലുള്ള അധികസഹായം വേണ്ടതെന്നു നിശ്ചയിക്കാനും ഡോക്ടർമാർക്ക് കഴിയും. 

സാധാരണഗതിയിൽ  പൊണ്ണത്തടിയുള്ള രോഗികളെ ചികിൽസിക്കുന്ന ഡോക്ടർമാർക്ക് ശരീരഭാരത്തിന്റെ 5% മുതൽ 10% വരെകുറക്കുന്നതിന് മൂന്നുമുതൽ ആറാഴ്ചകൾവരെ വേണ്ടിവരും. ഇതിനിടയിൽ വേദന കുറയുക, രക്തസമ്മർദ്ദവും,ഹൃദയ മിടിപ്പും മെച്ചപ്പെടുത്തുക എന്നിങ്ങനെയുള്ള  അടിയന്തിര ആശ്വാസവും രോഗിക്ക് ലഭിക്കും. ജീവിതരീതികളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ഉപദേശങ്ങൾ അല്ലെങ്കിൽ ഭാരം കുറക്കുന്നതിനുള്ള മരുന്നുകൾ എന്നിങ്ങനെയുള്ള സേവനങ്ങളും ഡോക്ടർമാർ നൽകും. അതുമല്ലെങ്കിൽ കൂടുതൽ സേവനങ്ങൾക്കായി ഒരു ഡയറ്റീഷ്യന്റെ അടുത്തേക്കോ അല്ലെങ്കിൽ ഒരു തെറാപ്പിസ്റ്റിന്റെ അടുത്തേക്കോ റെഫർ ചെയ്യുന്നതിനും കഴിയും.

അമിതവണ്ണം ചികിൽസിക്കുന്നതിൽ മാത്രം കേന്ദ്രീകരിക്കുന്ന വിദഗ്ധർ വേണ്ടത്രയില്ലാത്തതിനാൽ അതുമായി ബന്ധപ്പെട്ട് കുറഞ്ഞത് 60  മണിക്കൂറെങ്കിലും പഠനം നടത്തിയവർക്ക് ഒരു സർട്ടിഫിക്കറ്റ് അമേരിക്കൻ ബോർഡ് ഓഫ് ഒബെസിറ്റി  മെഡിസിൻ നൽകുന്നുണ്ട്. ഇപ്പോൾ ആ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള 4152  ഡോക്ടർമാർ അമേരിക്കയിലും കാനഡയിലുമായുണ്ട്.

പരിശീലനം മുഖ്യം

ഓഫിസ് സ്റ്റാഫിന് നല്ല പരിശീലനം നൽകുന്നതുൾപ്പടെ  രോഗിക്ക് സൗഹൃദപരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതെങ്ങനെയെന്നും ഡോക്ടർമാർ പഠിക്കുന്നു. ഭാരക്കൂടുതലുള്ള രോഗിയെ "അമിതവണ്ണ രോഗി " എന്ന് പറയുന്നതിന് പകരം "അമിതവണമെന്ന പ്രശ്നമുള്ള രോഗി" എന്ന് പറയുന്ന വിധം ഉപയോഗിക്കുന്ന ഭാഷയിൽ വരെ സ്റ്റാഫിന് പരിശീലനം നൽകും.

രോഗിയുടെ മേൽ ഒരു ഭക്ഷണക്രമം അടിച്ചേൽപ്പിക്കുന്നതിനു പകരം അവരുടെ താൽപ്പര്യങ്ങൾ എന്താണെന്നും മുമ്പ് എന്തൊക്കെ ഭക്ഷണരീതികളും വ്യായാമങ്ങളുമാണ് അവർക്ക്  ഫലപ്രദമായിരുന്നതെന്നും അല്ലെങ്കിൽ ഫലം ചെയ്യാതിരുന്നതെന്നുമുള്ള വിവരങ്ങളൊക്കെ ഡോക്ടർമാർ മനസ്സിലാക്കണം. അതിന്റെയടിസ്ഥാനത്തിലാകണം രോഗിയുടെ താൽപ്പര്യങ്ങളും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് ഭാരം കുറക്കുന്നതിനുള്ള മരുന്നുകൾ മതിയോ ശസ്ത്രക്രിയകൾ ആവശ്യമാണോയെന്നു തീരുമാനിക്കേണ്ടത്. 

ശരീരഭാരം കുറയ്ക്കുന്നതിനായി മരുന്നുകൾ കഴിക്കുന്നതിനോടും ശസ്ത്രക്രിയകൾ നടത്തുന്നതിനോടുമുണ്ടായിരുന്ന എതിർപ്പുകൾ ഇല്ലാതെയാകുന്നുവെന്നതിന്റെ സൂചനകൾ പ്രകടമാണ്. നല്ല ഫലപ്രദമായ ചികിത്സകളുണ്ട്. എന്നാൽ അതിനു ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ  ഡോക്ടർമാർ പലപ്പോഴും അത് നിർദ്ദേശിക്കുന്നതിനു വിമുഖത കാട്ടാറുണ്ട്. മുൻകാലങ്ങളിൽ ഡോക്ടർമാർ ഭക്ഷണ രീതികളിൽ മാത്രമാണ് ശ്രദ്ധിച്ചിരുന്നതെന്നതും മരുന്നുകളും ശസ്ത്രക്രിയകളും ഉണ്ടാക്കിയേക്കാവുന്ന അപകട സാധ്യതകളും അതിനൊരു കാരണമായിരുന്നു.

എന്നാൽ അതിനിപ്പോൾ മാറ്റം സംഭവിക്കുകയാണ്.ശസ്ത്രക്രിയകൾ ഒട്ടേറെ രോഗികളിൽ മുമ്പ് വിചാരിച്ചിരുന്നതിനേക്കാൾ കൂടുതൽ ഫലം ചെയ്യുന്നതായാണ് കാണപ്പെടുന്നത്. മുമ്പുണ്ടായിരുന്നതിനേക്കാൾ കൂടുതൽ സുരക്ഷിതവും ഫലപ്രദവുമാണ് പുതിയ തലമുറയിൽപ്പെട്ട മരുന്നുകളെന്നും പഠനങ്ങൾ  തെളിയിക്കുന്നു. ശരീര ഭാരം കുറക്കുന്നതിനുള്ള ചികിത്സയുടെ ചിലവും ചില സ്വകാര്യ ഇൻഷുറൻസ് കമ്പനികളും തൊഴിലുടമകളും നൽകുന്നുണ്ട്. പൊതുജനാരോഗ്യ പദ്ധതികളിൽ ശരീര ഭാരം കുറക്കുന്നതിനുള്ള ശസ്ത്രക്രിയകളും ഔഷധങ്ങളും ഉൾപ്പെടുത്തുന്നതിനുള്ള നിയമ നിർമ്മാണത്തെക്കുറിച്ച് പല സംസ്ഥാനങ്ങളും ആലോചിക്കുന്നുണ്ട്.