കൊറോണ വൈറസിനെ തോല്‍പ്പിക്കാം


FEBRUARY 5, 2020, 11:32 AM IST

ലീന തോമസ് കാപ്പന്‍

പലതരം വൈറസുകളെ നമുക്ക് പരിചയമുണ്ട്. സാധാരണ ജലദോഷം, ജലദോഷപ്പനി, ചിക്കന്‍ പോക്‌സ്, മീസില്‍സ് എതൊക്കെ പലതരം വൈറസുകള്‍ മൂലമുണ്ടാകുന്ന അസുഖങ്ങളാണെന്ന് നമുക്കറിയാം. ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധശേഷികൊണ്ടോ അല്ലെങ്കില്‍ അസുഖം വരാതിരിക്കാന്‍ വാക്‌സിനുപയോഗിച്ച് പ്രതിരോധശേഷിയെ വൈറസിനെതിരെ ക്രമീകരിച്ചോ നമ്മള്‍ ഈ വൈറസ് ബാധയെ അതിജീവിച്ചിട്ടുണ്ട്. കൊറോണയേയും നമ്മള്‍ അതിജീവിക്കും.

കൊറോണ വൈറസ് ബാധ ഉണ്ടായാല്‍ അതിനെതിരെ മരുന്നുകള്‍ ലഭ്യമല്ലാത്തതുകൊണ്ടാണ് അസുഖം വരാതെ തടയാന്‍ ശ്രമിക്കുന്നത്.

ശരീരത്തിന്റെ പ്രതിരോധശേഷികൊണ്ടു മാത്രമേ വൈറസിനെ നേരിടാന്‍ പറ്റൂ എന്നുള്ളതുകൊണ്ട് അതു നിലനിര്‍ത്താന്‍ പോഷകസമൃദ്ധമായ ആഹാരം കഴിച്ച് ആരോഗ്യത്തോടെ ഇരിക്കേണ്ടത് അസുഖം വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യത്തില്‍ പ്രധാനമാണ്. ശരീരം ആധി പിടിക്കുന്ന സമയത്ത് പ്രതിരോധശേഷി വളരെ കുറവായിരിക്കും.

ആ അവസരം വൈറസുകള്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കികൊടുക്കും. കൊറോണയെപ്പറ്റി പറയുമ്പോള്‍  രോഗത്തേക്കാള്‍ വേഗം പടരുന്നത് പേടിയാണ്. ഈ പേടികൊണ്ട് നമ്മുടെ പ്രതിരോധശേഷി തകരാറിലാക്കാതെ ശ്രദ്ധിക്കേണ്ടതുണ്ട്. കൊച്ചുകുട്ടികള്‍ക്കും മറ്റസുഖങ്ങളുള്ള പ്രായമായവര്‍ക്കും വൈറസുകളെ അതിജീവിക്കുന്നതിനുള്ള പ്രാപ്തി കുറവായതുകൊണ്ട് അസുഖം അധികരിച്ചാല്‍ വേണ്ടവിധം പരിചരണം കിട്ടിയില്ലെങ്കില്‍ മരണപ്പെട്ടേക്കാം. സാധാരണ നല്ല ആരോഗ്യവും പ്രതിരോധശേഷിയും ഉള്ളവര്‍ കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യും.

ലോകാരോഗ്യസംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും അതു നടപ്പാക്കുകയും ചെയ്യുക എന്നുള്ളതാണ് സാമൂഹ്യജീവി എന്ന നിലയില്‍ ഈ കൊറോണാ വൈറസിനെതിരെ ചെയ്യേണ്ടതായ  നമ്മുടെ ഉത്തരവാദിത്തം.

അസുഖലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ റിപ്പോര്‍ട്ടു ചെയ്യണം. ലാബ് ടെസ്റ്റുകള്‍ ചെയ്യണം. പി.സി.ആര്‍ ടെസ്റ്റ് (polymerase chain reaction genetic finger print) വഴിയാണ് അസുഖം സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ചാല്‍ രോഗിയെ മാറ്റിപ്പാര്‍പ്പിക്കേണ്ടതുണ്ട്. ലക്ഷണങ്ങളുള്ളവരെ ക്വാറന്റൈന്‍ ചെയ്യുകയും അസുഖമുള്ളവരെ ഐസൊലേറ്റ് ചെയ്യുകയുമാണ് ചെയ്യുന്നത്.

വൈദ്യസഹായം ലഭ്യമാകുന്ന തരത്തില്‍ മാറ്റിപ്പാര്‍പ്പിക്കുന്നതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, ജലദോഷം, തോണ്ടവേദന, പനി തുടങ്ങിയ ചെറിയ ലക്ഷണങ്ങള്‍ മുതല്‍ ശ്വാസതടസ്സം, വൃക്കയുടെ തകരാറ്, ന്യൂമോണിയ എന്നീ അസുഖങ്ങള്‍ വരെയാണ് കൊറോണ ബാധിച്ചാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത്. ശ്വാസതടസ്സം നേരിട്ടുതുടങ്ങുന്ന അവസ്ഥയില്‍ രോഗിക്ക് ശ്വാസോച്ഛ്വാസത്തിനുള്ള സഹായം ചെയ്യേണ്ടിവരും. പിന്നെ രോഗം മൂര്‍ച്ഛിച്ചിട്ട്, ന്യൂമോണിയ, വൃക്കക്കു തകരാറ് എന്നീ ഗുരുതരാവസ്ഥയിലായാല്‍ അതിനുള്ള വൈദ്യചികിത്സയും ലഭ്യമാക്കണം.രണ്ട്, അസുഖത്തിന് ചികിത്സ ലഭ്യമല്ലാത്തതുകൊണ്ട് അസുഖം വരാതെ, പകരാതെ തടയണം.

പലപ്പോഴും ആളുകള്‍ക്ക് റിപ്പോര്‍ട്ടു ചെയ്യാനും മാറിപ്പാര്‍ക്കാനും മടിയുണ്ട്. അസുഖമുള്ളവരോട് സഹാനുഭൂതിയോടെ പെരുമാറാനും അവരെ ഈ രോഗത്തില്‍നിന്ന് രക്ഷ പെടുത്താന്‍ സഹായിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്. അവരെ സഹാനുഭൂതിയോടെ കാണും, രോഗാവസ്ഥയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കും, ഒറ്റപ്പെടുത്തില്ല എന്നൊരു സാഹചര്യമൊരുക്കിയാല്‍ അവര്‍ക്കും സ്വയം റിപ്പോര്‍ട്ടുചെയ്ത് സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ സാധിക്കും.

അസുഖം വന്നുകഴിഞ്ഞാല്‍ എങ്ങനെ നേരിടണം?


1.    നന്നായി വെള്ളം കുടിക്കണം. രോഗാണുക്കള്‍ അവയുടെ ജീവിതചക്രം പൂര്‍ത്തിയാക്കി ചത്തുപോകുമ്പോഴും അതിന്റെ വിസര്‍ജ്യങ്ങള്‍ പുറം  തള്ളുമ്പോഴും അവ ശരീരത്തിന്‍ നിന്ന് പുറത്തുപോകുന്നത് മൂത്രം വഴിയാണ്. ഈ പ്രക്രിയ ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്നതിനാണ്       രോഗാണുബാധയുള്ളപ്പോള്‍ നന്നായി വെള്ളം കുടിച്ച്  മൂത്രമൊഴിച്ചുകൊണ്ടിരിക്കണമെന്ന് പറയുന്നത്.

2.    നന്നായി വിശ്രമിക്കണം, പറ്റുന്നത്ര ഉറങ്ങണം. ശരീരത്തിലെ വെളുത്ത രക്താണുക്കള്‍ ഉള്‍പ്പെടുന്ന യോദ്ധാക്കള്‍ രോഗാണുക്കളെ തുരത്തിയോടിക്കാനുള്ള പരിശ്രമത്തിലാണ്. ഇതിന് വളരെ ഊര്‍ജ്ജം വേണ്ട പ്രക്രിയയാണ്. അതുകൊണ്ടുതന്നെ ശരീരം വളരെ ക്ഷീണിതമായിരിക്കും. വിശ്രമമില്ലാതിരുന്നാല്‍ ശരിയായ രീതിയില്‍ ശരീരത്തിന് രോഗാവസ്ഥയെ തരണം ചെയ്യാനാവില്ല.

3.    നല്ല ഈര്‍പ്പം  ഉണ്ടാവുന്നത് രോഗാവസ്ഥക്ക് സുഖം നല്‍കും. അതിനായി    ഒരു ഹുമിഡിഫൈയര്‍ മുറിയില്‍ വെക്കുന്നത് നല്ലതാണ്.

4.    ചൂടുവെള്ളത്തില്‍ കുളിക്കുന്നത് തൊണ്ടവേദനക്കും ചുമയ്ക്കും ആശ്വാസം നല്‍കും.

5.    പനിയെയും തൊണ്ടവേദനയേയും മരുന്നുകളുപയോഗിച്ച് നിയന്ത്രിച്ചുനിര്‍ത്താം.    

അസുഖം പകരാതിരിക്കാന്‍, പകര്‍ച്ചവ്യാധിയാകാതിരിക്കാന്‍ ലോകരോഗ്യ സംഘടന മുന്നോട്ടു വെക്കുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ താഴെപ്പറ യുന്നവയാണ്.

1.    കൈകള്‍ ഇടക്കിടക്ക് സോപ്പോ, ആല്‍ക്കൊഹോള്‍ അടങ്ങിയ സാനിറ്റൈസെറോ ഉപയോഗിച്ച് കഴികിക്കൊണ്ടിരിക്കുക.

2.    കൈയ്യില്‍ കാണത്തക്ക രീതിയില്‍ അഴുക്ക് പുരണ്ടിട്ടില്ലെങ്കില്‍ 20 സെക്കന്റില്‍ കുറയാത്ത സമയമെടുത്ത് ആല്‍ക്കൊഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കാം.

3.    കൈയ്യില്‍ കാണത്തക്ക രീതിയില്‍ അഴുക്കുണ്ടെങ്കില്‍ 30 സെക്കന്റില്‍ കുറയാത്ത സമയമെടുത്ത് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയാക്കാം.

4.    കൈ കഴുകിയതിനു ശേഷം തുടച്ച് ഉണക്കിയെടുക്കണം.

5.    കൈകഴുകാതെ കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളില്‍ തൊടുന്നത് ഒഴിവാക്കണം. വൈറസിന് നമ്മുടെ ശരീരത്തില്‍ കയറിപ്പറ്റാനുള്ള പ്രധാനവഴികള്‍  ഇവയാണ് എന്നതുകൊണ്ടാണ് ഇങ്ങനെ നിര്‍ദ്ദേശിക്കുന്നത്.

6.    ചുമക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യൂ പേപ്പര്‍ ഉപയോഗിക്കുക. കൈമുട്ടിനുള്ളിലേക്ക് മുഖം കുനിച്ചുപിടിച്ച് തുമ്മുകയോ ചുമക്കുകയോ ചെ യ്യുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കില്‍നിന്നും വായില്‍നിന്നും തെറിക്കുന്ന ചെറിയ ജലകണങ്ങള്‍ വഴിയാണ് വൈറസ് വായുവിലേക്ക് പടരുന്നത്. ഏറ്റവും കുറഞ്ഞ വ്യാപ്തിയില്‍ ജലകണങ്ങളെ ഒതുക്കിനിര്‍ത്താനാണ് തല കുനിച്ചുപിടിച്ച് കൈമുട്ടിനുള്ളിലേക്ക് ചുമക്കുകയോ തുമ്മുകയോ ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്നത്.

7.    രോഗിയുമായി ഇടപെടുമ്പോള്‍ മാസ്‌ക് ഉപയോഗിക്കുക.

8.    രോഗിയുമായോ രോഗലക്ഷണങ്ങളുള്ളവരുമായോ ഇടപെട്ടാല്‍ സോപ്പിട്ട് കൈകഴുകിയതിനുശേഷം മാത്രം മുഖം, വായ, കണ്ണ്, മൂക്ക് എന്നീ  ഭാഗങ്ങളില്‍ തൊടുക.

9.    മല്‍സ്യ മാംസാദി ഭക്ഷണങ്ങള്‍ നല്ലപോലെ വേവിച്ച് ഉപയോഗിക്കുക.