തൈറോയ്ഡിന് മരുന്ന്കഴിക്കുന്നുണ്ടോ എങ്കില്‍ ഇതുകൂടി അറിയണം..


OCTOBER 30, 2019, 11:08 AM IST

ലീനാ തോമസ് കാപ്പന്‍

ഫാര്‍മസില്‍ തിരക്കൊഴിഞ്ഞ നേരം. ബെറ്റി വഴിയോരക്കാഴ്ചകളില്‍ മുഴുകിയപ്പോളാണ് സുന്ദരിയായ ആ യുവതിയെ കണ്ടത്. 'ആനീ ഒന്നു നില്‍ക്കൂ, എനിക്കൊരുകാര്യം പറയാനുണ്ട്.

നിങ്ങളറിയില്ലേ?   നമ്മുടെ ത്രേസ്യചേട്ടത്തിയുടെ മരുമോള്‍ ആനിയെ.

ബെറ്റിയുടെ വിളി കേട്ട് ആനി ഫാര്‍മസിയിലേക്ക് വന്നു.

അതേ...അമ്മ ഫാര്‍മസിയില്‍ വന്നിരുന്നു. ആനിയുടെ കാര്യം പറഞ്ഞ് ഒരുപാട് സങ്കടപ്പെട്ടു. ഇങ്ങനത്തെ ഒരമ്മയെ കിട്ടാന്‍ ഭാഗ്യം ചെയ്യണം. തൈറോയിഡിന്റെ മരുന്ന് കഴിച്ചിട്ട് ഒരു മാറ്റവും ഇല്ലെന്നു പറഞ്ഞായിരുന്നു ത്രേസ്യാചേട്ടത്തിയുടെ സങ്കടം. മരുന്ന് കഴിച്ച് ലക്ഷണങ്ങളില്‍ മാറ്റം കണ്ടു തുടങ്ങാന്‍ നാലു മുതല്‍ ആറാഴ്ച വരെ സമയം വേണം, ടെന്‍ഷനൊന്നും അടിക്കേണ്ട'. 

'അമ്മയ്ക്ക് ഭയങ്കര സങ്കടമുണ്ട്. എനിക്കെന്തോ മഹാരോഗം വന്നതുപോലെയാ. ഇതിത്ര വലിയ കാര്യമൊന്നുമല്ലെന്ന് ഒന്നു പറഞ്ഞുകൊടുക്കണേ. ഞാന്‍ ഒന്നുകൂടെ ഡോക്ടറിനെ കണ്ടാലോന്ന് ആലോചിക്കുവാ ബെറ്റി'

'ബ്ലഡ് ചെക്ക് ചെയ്തിട്ട് അതിന്റെ റിസല്‍ട്ടാകുമ്പോഴേക്കും ഡോക്ടറിനെ കാണുന്നതാണ് നല്ലത്. അപ്പോള്‍ മരുന്നിന്റെ അളവ് കൂട്ടണമോ കുറക്കണമോ എന്നറിയാന്‍ പറ്റും. രാവിലെ ബ്രേക്ക്ഫാസ്റ്റിന്റെ കൂടെ കഴിക്കുന്നതുകൊണ്ട് മരുന്നിന്റെ ആഗിരണം കുറയും. പക്ഷേ ഒഴിഞ്ഞവയറ്റില്‍ കഴിക്കാന്‍ മറ്റു മാര്‍ഗ്ഗമില്ലെങ്കില്‍ അതു തന്നെ തുടരുക.

രക്തം പരിശോധിച്ചു കഴിയുമ്പോള്‍ രക്തത്തില്‍ മരുന്നിന്റെ അളവ് കുറവാണെങ്കില്‍ അതിനനുസരിച്ച് ഡോക്ടര്‍ ഡോസ് കൂട്ടിത്തരും. തുടര്‍ന്നും സ്ഥിരമായി ബ്രേക്ഫാസ്റ്റിനൊപ്പം കഴിക്കുകയും ചെയ്യാം. പ്രായമായവര്‍ക്കും ജോലിത്തിരക്കുള്ളവര്‍ക്കും ഈ രീതി സ്വീകരിക്കാം'.

'ഇത് വളരെ ആശ്വാസം തരുന്ന ഒരു കാര്യമാണല്ലോ, ഒന്നാമത്തെ ഈ അസുഖം കാരണം എല്ലാത്തിനും എനിക്ക് ആശങ്കയും പേടിയുമാണ്'.മറ്റു മരുന്നുകള്‍ എന്തെങ്കിലും തൈറോയ്ഡ് ഹോര്‍മോണിന്റെ കൂടെ കഴിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ'?

'അസിഡിറ്റിക്കെതിരെ ഉപയോഗിക്കുന്ന അന്റാസിഡുകള്‍, കാത്സ്യം ഗുളികകള്‍, പാലുള്‍പ്പെടുന്ന ഭക്ഷണപദാര്‍ത്ഥങ്ങളിലെ കാത്സ്യം, കൊളസ്‌ട്രോളിനെതിരെ ഉപയോഗിക്കുന്ന മരുന്നുകള്‍, അയണ്‍ ഗുളികകള്‍ ഇവയെല്ലാം തൈറോയ്ഡ് ഹോര്‍മോണുമായി കൂടിച്ചേര്‍ന്ന് ഒരു ബോണ്ടുണ്ടാക്കിയിട്ട് അതിന്റെ ആഗിരണം കുറക്കും. അതുകൊണ്ട് നാലു മണിക്കൂര്‍ ഇടവേളയിട്ടേ കഴിക്കാവൂ.

മറ്റുമരുന്നുകള്‍  തൈറോയ്ഡ് മരുന്നിനുശേഷം 45 മിനിട്ട് മുതല്‍ ഒരുമണിക്കൂര്‍ വരെ ഇടവിട്ട് കഴിക്കുന്നതിനു കുഴപ്പമില്ല.

പിന്നെ ഗ്രേപ് ഫ്രൂട്ട്, തൈറോയ്ഡ് ഹോര്‍മോണ്‍ ഗുളിക കഴിക്കുമ്പോള്‍ ഒഴിവാക്കണം. 250 മില്ലി തിളപ്പിച്ചാറിയ വെള്ളത്തിന്റെ കൂടെ മരുന്ന് കഴിക്കുന്നതാണ് ഉത്തമം. ഒരു കവിള്‍ വെള്ളത്തില്‍ മരുന്നു കഴിക്കുന്ന പ്രവണത കണ്ടിട്ടുണ്ട്. നാല്‍പ്പത് ഡിഗ്രിയില്‍ കൂടിയ ചൂട് മരുന്നിന്റെ ഗുണമേന്മയെ പാടെ നശിപ്പിക്കും. എല്ലാ മരുന്നുകളും ഒരു ഗ്ലാസ് വെള്ളത്തിന്റെ കൂടെയാണ് കഴിക്കേണ്ടത്. ചായയോ കാപ്പിയോ ഈ മരുന്നുകഴിക്കാന്‍ ഉപയോഗിക്കരുത്. അവ ഒരു മണിക്കൂറെങ്കിലും ഇടവേളയിട്ടു മാത്രമേ കഴിക്കാവൂ'.

'ഈ വണ്ണം കുറയാന്‍ എന്തെങ്കിലുമൊരു മാര്‍ഗ്ഗം കൂടി പറഞ്ഞു തരാമോ ബെറ്റി'.

തൈറോയ്ഡ് കുറയുമ്പോള്‍ സ്വാഭാവികമായി ശരീരത്തിന്റെ മെറ്റബോളിസം വളരെ മന്ദഗതിയിലാകും. അങ്ങനെ ശരീരഭാരം കൂടും. തൈറോയ്ഡ് ഹോര്‍മോണ്‍ കഴിച്ചുതുടങ്ങി അത് പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു പരിധി വരെ ശരീരഭാരം കുറയും.  അതിന് ഒന്നോ രണ്ടോ മാസമെടുത്തേക്കാം വ്യായാമം ചെയ്യുന്നത് ഒരുപാട് നല്ലതാണ്. കാരണം പലപ്പോഴും തൈറോയ്ഡ് ഹോര്‍മോണ്‍ മരുന്നു കഴിച്ചുതുടങ്ങുമ്പോള്‍ ഉറക്കം കുറയുന്നതായി അനുഭവപ്പെട്ടേക്കാം. വ്യായാമം ചെയ്യുമ്പോള്‍ നന്നായി ഉറക്കം ലഭിക്കും.

ബെറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ഡോക്ടര്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ അറിവും ആശ്വാസവും പകരുന്നതായി ആനിക്കു തോന്നി..

അല്ലെങ്കില്‍ തന്നെ ഡോക്ടറിനെ പറഞ്ഞിട്ടുകാര്യമില്ല..അപ്പോളത്തെ വെപ്രാളത്തില്‍ അതൊന്നും മനസില്‍ നിന്നില്ല എന്നേ ഉള്ളൂ..

ബെറ്റിയോട് നന്ദി പറഞ്ഞിറങ്ങുമ്പോള്‍ ആനിക്ക് തോന്നിയത് അതാണ്..

(സംഗമം മരുന്നറിവുകള്‍)