തിന്ന് തിന്ന്   കൊളസ്‌റ്റ്രോള്‍ കൂട്ടരുതേ..


SEPTEMBER 19, 2019, 9:00 PM IST

ലീന തോമസ് കാപ്പന്‍

അപ്പച്ചന്റെ രക്തപരിശോധനഫലം വരുന്നതുവരെ ഫാര്‍മസിസിറ്റായ മകള്‍ കാത്തിരുന്നു.

എന്തിനാണെന്നോ? 81 വയസ്സായി ഇഷ്ടമുള്ളതൊക്കെ കൊതിതീരും വരെ കഴിക്കട്ടെയെന്നു പറഞ്ഞ ഭര്‍ത്താവിനേയും അപ്പച്ചനേയും ഇന്നു മുതല്‍ ഭക്ഷണകാര്യത്തിലൊരു തീരുമാനത്തിലെത്തിക്കാന്‍ വേണ്ടി.

വീട്ടില്‍ വന്നതും മകള്‍ വിസ്താരം തുടങ്ങി..

പച്ചക്കറി മാത്രം കഴിക്കുന്ന അപ്പച്ചനെങ്ങനെ കൊളസ്‌റ്റ്രോള്‍ ഇത്ര കൂടി?

ആ എനിക്കറിയില്ല

ഭര്‍ത്താവ് വിദഗ്ധമായി അപ്പച്ചനെ കണ്ണിറുക്കി കാണിച്ചിട്ട് രംഗം വിട്ടു.

കഴിഞ്ഞയാഴ്ച എത്ര പാത്രം കശുവണ്ടി വാങ്ങി?

അത് സെയില്‍ ആയിരുന്നു മോളേ. അഞ്ചെണ്ണമേ വാങ്ങിയുള്ളൂ, ഞാന്‍ കുറച്ചേ കഴിക്കുന്നുള്ളൂ. നോണ്‍ വെജ് കഴിക്കാത്തതുകൊണ്ട് പ്രോട്ടീന്‍ വേണമെന്ന് മോളല്ലേ പറഞ്ഞത്.

അതു പറഞ്ഞത് ഞാനല്ല. അപ്പച്ചന്റെ മരുമകനാണ്. എന്നിട്ട് സൂത്രത്തിലിപ്പോ അങ്ങു മുങ്ങി

.ഡോക്ടര്‍ പറഞ്ഞതു കേട്ടായിരുന്നോ. കശുവണ്ടി ഒരു പരിധി വരെ കൊളസ്‌റ്റ്രോള്‍ കൂടാന്‍ കാരണമാണെന്ന്..

അപ്പച്ചന്‍ മകള്‍ക്ക് കയര്‍ക്കാന്‍ അടുത്ത ഒരു പോയിന്റു കൂടി ചേര്‍ത്തു.

കായ വറുത്തതും കൊള്ളുകേല ഇല്ലേ.

അതും ഏറ്റവും വലിയ പായ്ക്കറ്റാണ് വാങ്ങിയത്.

കശുവണ്ടി മിതമായ രീതിയില്‍ കഴിക്കുന്നതിന് കുഴപ്പമില്ല. ഇത് ഒരു ദിവസം എത്രയെണ്ണമാണ് തിന്നുന്നതെന്ന് വല്ല കണക്കുമുണ്ടോ?

ഒരു സംശയം ചോദിക്കട്ടെ മോളെ. കൊളസ്‌ട്രോളിന്റെ മരുന്ന് കഴിച്ചുതുടങ്ങിയാല്‍ കശുവണ്ടിയും കാവറുത്തതും തിന്നാമല്ലോ. പൈസകൊടുത്ത്  വാങ്ങിക്കഴിക്കുമ്പോള്‍ മരുന്ന് അതിന്റെ ഉത്തരവാദിത്വം നിര്‍വ്വഹിക്കേണ്ടേ?

വളരെ നല്ല ചിന്ത അപ്പച്ചാ.

ഞാനാദ്യം കശുവണ്ടിയും കാവറുത്തതും ഒളിപ്പിച്ചുവെക്കാനുള്ള സംവിധാനം ഉണ്ടാക്കട്ടെ. പിന്നെ ഞാനിന്നു തന്നെ കൊളസ്‌റ്റ്രോളിന്റെ മരുന്ന് വാങ്ങിക്കൊണ്ടുവരാം. പക്ഷേ  ഭക്ഷണം നിയന്ത്രിക്കുന്നതിന്റേയും വ്യായാമത്തിന്റേയും ഒപ്പം മരുന്നു കഴിച്ചാലേ പ്രയോജനപ്പെടൂ. 

നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കണം. ഓട്‌സ്, നാരുകള്‍ അടങ്ങിയ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഭക്ഷണത്തിലുള്ള ചീത്ത കൊഴുപ്പിനെ ആഗിരണം ചെയ്യാതെ പുറന്തള്ളാന്‍ സഹായിക്കും.

നമ്മുടെ ചോറുകഴിക്കുന്നതിന്റെ അളവും വളരെ കുറക്കണം.

വ്യയാമം ചെയ്യുന്നതാണ് മറ്റൊരു പ്രധാന കാര്യം. ആഴ്ചയില്‍ 150 മിനുറ്റ് വ്യായാമം ചെയ്യണം. ചെറിയ കാര്യങ്ങള്‍ക്കായിട്ടാണെങ്കിലും അപ്പച്ചനെടുക്കുന്ന സ്‌റ്റ്രെസ് ഒഴിവാക്കണം.

കൊളസ്‌റ്റ്രോളിന്റെ സ്റ്റാറ്റിന്‍ വിഭാഗം മരുന്ന് പലരിലും മസിലുവേദന ഉണ്ടാക്കും. അത് പ്രധാന അനുബന്ധ പ്രശ്‌നമാണ്. പ്രായമായവരില്‍ ഓര്‍മ്മക്കുറവ്, പ്രമേഹം എന്നിവ ഉണ്ടാക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഇതു വലിയ പ്രശ്‌നമായല്ലോ.

അപ്പച്ചന്‍ നെടുവീര്‍പ്പിട്ടു.

എല്ലാത്തിനും കൂട്ടുനിന്ന മരുമകനെ പരിസരത്തെങ്ങും കാണാത്ത വിഷമവും അതിലുണ്ടായിരുന്നു.