സന്ധികളിലെ  തേയ്മാനവും വേദനാസംഹാരിയും


AUGUST 28, 2019, 11:41 AM IST

സന്ധികളിലെ തേയ്മാനത്തിന്റെ  വേദന സഹിക്കാന്‍ വയ്യാതെ ത്രേസ്യാക്കുട്ടി ഫാര്‍മസിയില്‍ നിന്ന് ഡൈക്ലോഫിനാക് ഗുളിക വാങ്ങിയിട്ട് ഓരോന്നായി കഴിച്ചുതുടങ്ങി.

രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും കണംകാലുകളില്‍ നീരു കണ്ടുതുടങ്ങി, കണ്‍തടങ്ങളില്‍ നീര്‍ക്കെട്ടും. ഒട്ടും പതിവില്ലാത്ത ഈ അവസ്ഥ തുടര്‍ന്നതുകൊണ്ട് ഡോക്ടറുടെ അടുത്തെത്തിയിരിക്കുകയാണിപ്പോള്‍.

ഡൈക്ലോഫിനാക്, ഐബുപ്രോഫന്‍ എന്നിവയൊന്നും കൂടിയ രക്തസമ്മര്‍ദ്ദത്തിന് മരുന്നു കഴിക്കുന്ന ത്രേസ്യാക്കുട്ടിക്ക് പറ്റിയതല്ലെന്ന് ഡോക്ടര്‍ പറഞ്ഞതോടെ അവരുടെ കണ്ണുനിറഞ്ഞു.

' ഈ വേദനയ്ക്ക് പിന്നെ ഞാന്‍ എന്തുചെയ്യും ഡോക്ടറെ''

ഇടറിയ വാക്കുകള്‍ തൊണ്ടയില്‍നിന്നും ഞെങ്ങി ഞരങ്ങി പുറത്തേക്കിറങ്ങവേ ഡോക്ടര്‍ ഒന്നമ്പരന്നു.

കാരണം, പൊതുവേ ഹാസ്യബോധവും കാര്യങ്ങളെ വളരെ ലാഘവത്തോടേയും അതിലുപരി തമാശായിട്ടും കാണുന്ന പ്രകൃതക്കാരിയായ ത്രേസ്യക്കുട്ടിയുടെ ഈ ഭാവമാറ്റത്തിന്റെ യാഥാര്‍ത്ഥ്യം അദ്ദേഹം പെട്ടെന്ന് തിരിച്ചറിഞ്ഞു.ഡോക്ടര്‍ അവരെ തോളത്തുതട്ടി ആശ്വസിപ്പിച്ചു.

' വിഷമിക്കാതെ, നമുക്കു വഴിയുണ്ടാക്കാം''''വേദന കുറഞ്ഞാല്‍പ്പോരേ, അതിന് റ്റൈലിനോള്‍ ( അസെറ്റമിനോഫെന്‍, പരാസെറ്റമോള്‍) കഴിച്ചാല്‍ മതി. അതാവുമ്പോള്‍ ഇങ്ങനെ നീര്‍ക്കെട്ടുണ്ടാവില്ല. ആരുപറഞ്ഞിട്ടാണ് ഈ ഡൈക്ലോഫിനാക് ഗുളിക   വാങ്ങി കഴിച്ചത്?

''വേദനയാണെന്ന് പറഞ്ഞ് വിഷമിച്ചപ്പോള്‍ മക്കള്‍ വാങ്ങിക്കൊണ്ടുവന്നതാണ്.'' അതു വേദനക്കുള്ള മരുന്നല്ലേ ഡോക്ടറേ?

വേദനക്കുള്ള മരുന്നു തന്നെ , പക്ഷേ ത്രേസ്യാക്കുട്ടിക്ക് ബി.പി കൂടിനിക്കുവല്ലേ, പിന്നെ ബി.പി കുറയാനുള്ള  മരുന്നും കഴിക്കുന്നില്ലെ? അതുകൊണ്ട് ഡൈക്ലോഫിനാക് ഗുളിക ഇതൊക്കെയായി ചേര്‍ന്നുപോകില്ല, അതാണ് പ്രശ്‌നം. ആ മരുന്നിന് രക്തസമ്മര്‍ദ്ദത്തെ കൂട്ടാനുള്ള കഴിവുണ്ട്.അതുകൊണ്ടാണ് നീരുവന്നത്''

 ''പിന്നെ തുടര്‍ച്ചയായുള്ള ഈ വിഭാഗം മരുന്നുകളുടെ ഉപയോഗം ത്രേസ്യാക്കുട്ടീടെ വൃക്കകളേയും പ്രതികൂലമായി  ബാധിക്കും. ഇത്തരം മരുന്നു തുടര്‍ച്ചയായി കഴിക്കുന്നത്  തലവേദന ഉണ്ടാവുന്നതിന് കാരണമാകും.

പിന്നെ വയറ്റില്‍ പ്രശ്‌നമുണ്ടാക്കുമെന്ന് ഞാന്‍ പ്രത്യേകിച്ച് പറയേണ്ടല്ലോ, കഴിച്ചപ്പോള്‍ അനുഭവിച്ചറിഞ്ഞു കാണുമല്ലോ.


അറിഞ്ഞോന്നോ, അതെപ്പറ്റി ഒന്നും പറയാതിരിക്കുന്നതാണ് ഭേദം.

അപ്പോള്‍ റ്റൈലിനോള്‍ കഴിക്കാം അല്ലെ'''

കഴിക്കാം, പക്ഷേ ഞാന്‍ പറയുന്ന രീതിയില്‍ വേണമെന്നു മാത്രം'

ത്രേസ്യാക്കുട്ടി ഹാര്‍ട്ട് അറ്റാക്കു കഴിഞ്ഞശേഷം ആസ്പിരിന്‍ കഴിക്കുന്നുണ്ടല്ലോ. പിന്നെ ബ്ലഡ്പ്രഷര്‍ കുറയ്ക്കാനും മരുന്നുണ്ട്. ഇതിന്റെയൊക്കെ കൂടെ വേദനയ്ക്ക് കഴിക്കാന്‍പറ്റുന്നത് റ്റൈലിനോളാണ്.

ആസ്പിരിന്‍ രക്തത്തെ കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കും. 

ഹാര്‍ട്ടറ്റാക്ക് ഒരിക്കല്‍ ഉണ്ടായവര്‍ക്ക് വീണ്ടും ഉണ്ടാകാതിരിക്കാനാണ് രക്തം കട്ടപിടിക്കാതാതെ നന്നായി ഒഴുകാനുള്ള ആസ്പിരിന്‍, ക്ലോപിഡോഗ്രല്‍ ( clopidogrel) വാര്‍ഫാറിന്‍ ( warfarin) തുടങ്ങിയ മരുന്നുകള്‍ തുടര്‍ച്ചയായി കഴിക്കാന്‍ കൊടുക്കുന്നത്.  പക്ഷേ അതുകൊണ്ട് എപ്പോഴെങ്കിലും മുറിവുണ്ടായാല്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളെ ഇത്തരം മരുന്നുകളുപയോഗിച്ച് തടസ്സപ്പെടുത്തി വെച്ചിരിക്കുന്നതുകൊണ്ട് രക്തം വാര്‍ന്നുപൊയ്‌ക്കൊണ്ടിരിക്കും.

ഡൈക്ലൊഫിനാക്, ഐബുപ്രോഫന്‍ തുടങ്ങിയ നോണ്‍ സ്റ്റിറോയ്ഡല്‍ ആന്റി ഇന്‍ഫ്‌ലമേറ്ററി വിഭാഗം മരുന്നുകള്‍ ( non-steroidal anti inflammatory) ആമാശയഭിത്തികളെ പ്രകോപിപ്പിച്ച് നേര്‍ത്ത് ലോമികകളിലൂടെ ആന്തരീക രക്തസ്രാവം ( internal bleeding) ഉണ്ടാക്കാന്‍ കഴിവുള്ളവയാണ്.

അതുകൊണ്ട് അതും ഒരു പ്രശ്‌നമാണ്''.

''റ്റൈലിനൊളിനാണെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ല, വേദന കുറക്കുകയും ചെയ്യും. പക്ഷേ എല്ലാ മരുന്നിനും ഉള്ളപോലെ ഇതിനും പ്രശ്‌നമുണ്ട്. കൂടുതലായാല്‍   കരളുമായി പൊരുത്തപ്പെടില്ല. കരളിന് കൈകാര്യം ചെയ്യാനാകാത്ത അളവില്‍ കഴിച്ചാല്‍ ഇത് കരളിനെ വിഷലിബ്ധമാക്കും. പിന്നെ ഇത് കഴിക്കുമ്പോള്‍

' വെള്ളം'' അടിക്കാന്‍ പാടില്ല ത്രേസ്യാക്കുട്ടി'

''ആല്‍ക്കൊഹോളിനെ പുറംതള്ളാന്‍ കരള്‍ പെടപാടുപെടുന്നതിനിടയില്‍ റ്റൈലിനോളിനെക്കൂടി കൈകാര്യം ചെയ്യാനുള്ള കരളിന്റെ കഴിവ് വളരെ കുറയുന്നതാണിതിന് കാരണം.

ഞാന്‍ ''വെള്ളം'' തൊട്ടുപോലും നോക്കീട്ടില്ല ഡോക്ടറേ, എന്നാ ഒരു വൃത്തികെട്ട ടേസ്റ്റാ അതിന് ഇല്ലേ? പിന്നേയ് അതെന്തിനാ ഡോക്ടറെ കരള്‍ ഈ പണിയെല്ലാം കൂടി ചെയ്യുന്നത്, ഒറ്റക്ക് ചെയ്യാതെ അങ്ങു വിഭാഗിച്ച് കൊടുക്കാന്‍ പാടില്ലേ?

''മരുന്നിന്റെ ഫലപ്രദമായ ഉപയോഗശേഷം അതിന്റെ തന്മാത്രയുടെ ഘടനതന്നെ മാറ്റി പരമാവധി വെള്ളത്തിലലിയുന്നവയാക്കി മാറ്റി വൃക്കവഴി പുറംതള്ളുന്ന പ്രവൃത്തിയാണ് കരളിന്റേത്. മരുന്നുമാത്രമല്ല,  ഭക്ഷണമുള്‍പ്പെടെ ശരീരത്തിനാവശ്യമുള്ളവയും ഇല്ലാത്തവയുമൊക്കെ തരംതിരിച്ച് വേണ്ടതുപോലെ ഉപയോഗപ്പെടുത്തുകയും പുറംതള്ളു കയുമൊക്കെ ചെയ്യുന്നത് കരളാണ്.  അതുകൊണ്ട് പുകവലിക്കാതെയും മദ്യം കഴിക്കാതെയും   കരളിനെ വേണ്ടവിധം, മാന്യമായി കൈകാര്യം ചെയ്യേണ്ടത് നമ്മുടെ കടമയാണ്.

 ''റ്റൈലിനോളിന്റെ   650 മില്ലിഗ്രാം ഗുളിക കുറെ നേരത്തേക്ക് വേദനകുറയുന്ന (Long acting) രീതിയില്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്. അത് ആറുമണിക്കൂര്‍ ഇടവിട്ട് കഴിക്കാം. ഒരു ദിവസം മൂന്നു ഗ്രാമില്‍ കൂടുതല്‍ കഴിക്കരുത്. ആല്‍ക്കൊഹോള്‍ ഉപയോഗിക്കാത്ത ആരോഗ്യമുള്ള കരള്‍ ഉണ്ടെങ്കില്‍, രക്താതിസമ്മര്‍ദ്ദം പോലെയുള്ള മറ്റസുഖങ്ങള്‍ ഇല്ലെങ്കില്‍, 12 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒരു ദിവസം മാക്‌സിമം 4 ഗ്രാം റ്റൈലിനോള്‍ ഉപയോഗിക്കാം. എന്നാല്‍ ത്രേസ്യാക്കുട്ടിക്ക് മൂന്നു ഗ്രാം ആണ് മാക്‌സിമം ഉപയോഗിക്കാവുന്നത്''

''പിന്നെ സ്വയം ചികിത്സ ഒഴിവാക്കണം, ഫാര്‍മസിയില്‍ നിന്ന് ഡോക്ടറുടെ  കുറിപ്പടി ഇല്ലാത്ത മരുന്നു സ്വയം ചികില്‍സക്കായി  വാങ്ങുമ്പോള്‍ ഫാര്‍മസിസ്റ്റിനോട് ചോദിക്കുന്ന ശീലം ഉണ്ടാവുന്നത് നല്ലതാണ്. അവര്‍ക്ക് ഇതൊക്കെ പറഞ്ഞുതരാന്‍ പറ്റും'

'എന്നെ ഇറക്കിവിടാന്‍ സമയം അതിക്രമിച്ചെന്നറിയാം. എന്തായാലും പുറത്തിരിക്കുന്ന രോഗികളുടെ കൂരമ്പുനോട്ടത്തില്‍നിന്ന് രക്ഷപെടാന്‍ പറ്റില്ല.

എന്നാലും ഒരു സംശയം ' എന്റെ മരുമോള്‍ക്ക് ബി.പി വളരെ കുറവാ ,

ഡോക്ടര്‍ പറഞ്ഞില്ലേ ഒരു നീണ്ട പേരുള്ള വിഭാഗം മരുന്നു കഴിച്ചാല്‍ ബി.പി അങ്ങു കൂടുമെന്ന്, അങ്ങനെയാണ് എന്റെ ബി.പി കൂടി നീരൊക്കെ വെച്ചതെന്ന്..

അവള്‍ക്ക് ബി.പി. നോര്‍മലെങ്കിലും ആകാന്‍ നമുക്ക് ഈ ഡൈക്ലോ ഒന്നു കൊടുത്തുനോക്കിയാലോ'\

'ത്രേസ്യാക്കുട്ടി കടക്കു പുറത്ത്.''

പൊതുവേ ശാന്തനായ ഡോക്ടര്‍ ശബ്ദമുയര്‍ത്തി.