നിങ്ങളുടെ വിശാല കുടുംബവുമായുള്ള ബന്ധം മോശമാകുന്നത് നിങ്ങളെ രോഗിയാക്കി മാറ്റിയേക്കും.മാതാ-പിതാക്കൾ, സഹോദരങ്ങള്‍, മാതൃ-പിതൃ സഹോദരീ-സഹോദരന്മാർ, മുത്തശ്ശന്, മുത്തശ്ശി, മറ്റുള്ളവര്‍ എന്നിവരെല്ലാമുൾപ്പെടുന്ന കൂട്ടുകുടുംബവുമായി പുലര്‍ത്തുന്ന നല്ല ബന്ധങ്ങള്‍ പ്രായമേറും തോറും നിങ്ങളുടെ ആരോഗ്യത്തിലുണ്ടാക്കുന്ന വ്യത്യാസം വലുതാണ്. നിങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരാളെക്കാള്‍ കൂടുതല്‍ ആരോഗ്യമത് പ്രദാനം ചെയ്യും. ദാമ്പത്യബന്ധത്തിലോ ജീവിതപങ്കാളിയിലോ സന്തുഷ്ടരല്ലാത്തവരെക്കാള് കൂടുതല്‍ വിട്ടുമാറാത്ത രോഗങ്ങള്‍ക്ക് ഇരയാകുന്നത് വിശാല കുടുംബത്തിലെ അംഗങ്ങളുടെ പിന്തുണ ലഭിക്കുന്നില്ല എന്ന തോന്നലുള്ളവരാണ് എന്നാണ് പുതിയ പഠനങ്ങള്‍ കാണിക്കുന്നത്.1995നും 2014നും മദ്ധ്യേ 3,000ത്തോളം പേർക്കിടയിൽ നടത്തിയ പഠനമാണ് ഈ കണ്ടെത്തലുകളിലേക്ക് നയിച്ചിട്ടുള്ളത്. 'ഫാമിലി സൈക്കോളജി' എന്ന പ്രസിദ്ധീകരണത്തിൽ ഈ കണ്ടെത്തലുകൾ അല്പകാലം മുൻപ് പ്രസിദ്ധീകരിച്ചിരുന്നു.
വിവരശേഖരണത്തിന്റെ ആദ്യ റൗണ്ടില്‍ പങ്കെടുത്തവരുടെ ശരാശരി പ്രായം 45 ആയിരുന്നു.പഠനവിധേയമാക്കിയ 19 വര്‍ഷങ്ങള്‍ക്കിടയില്‍ മൂന്നു ഘട്ടങ്ങളിലായി ജീവിത പങ്കാളികളുമായും കുടുംബത്തിലെ അംഗങ്ങളുമായുള്ള അവരുടെ ഇടപെടലുകളുടെ ഗുണനിലവാരത്തെ നിശ്ചയിക്കുന്നതിന് പഠനത്തിൽ പങ്കെടുത്തവരോട് ആവശ്യപ്പെട്ടു. അതിനെ തലവേദന മുതല്‍ സ്ട്രോക്ക് വരെയുള്ള അസുഖങ്ങളുമായി താരതമ്യം ചെയ്തു.ഭാര്യ/ഭര്‍ത്താവ് അല്ലെങ്കില്‍ ജീവിത പങ്കാളിയുമായി എപ്പോഴൊക്കെ വഴക്കുണ്ടാകാറുണ്ട്? ഭാര്യ/ഭര്‍ത്താവ് അല്ലെങ്കില്‍ ജീവിത പങ്കാളി എപ്പോഴൊക്കെ നിങ്ങളോടു സ്നേഹത്തോടെ പെരുമാറാറുണ്ട് എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ജീവിത പങ്കാളിയുമായുള്ള ബന്ധത്തിന്റെ ദൃഢത അറിയുന്നതിനായി ചോദിച്ചത്.കുടുംബവുമായുള്ള ബന്ധങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനുള്ള ചോദ്യങ്ങള്‍ ഇതുപോലെയുള്ളവയായിരുന്നു:
നിങ്ങളുടെ ഭാര്യയെ /ഭര്‍ത്താവിനെ അല്ലെങ്കില്‍ ജീവിത പങ്കാളിയെ ഉള്‍പ്പെടുത്താതെ നിങ്ങളുടെ കുടുംബം എപ്പോഴൊക്കെ നിങ്ങളെ കുറ്റപ്പെടുത്താറുണ്ട്? ഗുരുതരമായ ഒരു പ്രശ്നമുണ്ടാകുമ്പോള്‍ സഹായത്തിനായി നിങ്ങളുടെ കുടുംബത്തെ എത്രത്തോളം ആശ്രയിക്കാന്‍ കഴിയും?കുടുംബവുമായി മോശമായ ബന്ധങ്ങളുള്ളവര്ക്കാണ് കൂടുതല്‍ രോഗങ്ങള്‍ പിടിപെടുന്നതും ആരോഗ്യം മോശമാകുന്നതും എന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. അതേസമയം ദമ്പതിമാര്‍ തമ്മിലുള്ള കലുഷിതമായ ബന്ധങ്ങള്‍ ആരോഗ്യത്തെ ബാധിക്കുന്നില്ലെന്നും കണ്ടെത്തി.ദാമ്പത്യ ബന്ധത്തിന്റെ പ്രാധാന്യത്തെ ഉയര്‍ത്തി കാട്ടുന്നതായ ഒട്ടേറെ ഗവേഷണങ്ങള്‍ നടന്നിട്ടുണ്ടെന്നും എന്നാല്‍ ദാമ്പത്യ ബന്ധങ്ങളെയും കുടുംബവുമായുള്ള ബന്ധങ്ങളെയും താരതമ്യം ചെയ്ത് വിലയിരുത്തുന്ന ഒരു അപൂര്‍വമായ പഠനമാണ് ഇതെന്നുമാണ് ഈ പഠനത്തില്‍ ഉള്‍പ്പെടാതിരുന്ന പര്‍ഡ്യു യൂണിവേഴ്സിറ്റിയിലെ സോഷ്യോളജിസ്റ്റായ പട്രീഷ്യ തോമസ് പറയുന്നത്. ആരോഗ്യത്തെയും സ്വന്തം ആരോഗ്യം ആള്ക്കാര് വിലയിരുത്തുന്നതിനെയും കൂടുതല്‍ സ്വാധീനിക്കുന്നത് കുടുംബബന്ധങ്ങളാണെന്നാണ് പഠനം തെളിയിക്കുന്നതെന്നവര് ചൂണ്ടിക്കാട്ടി.
ഗവേഷണ ഫലങ്ങള്‍ അമ്പരിപ്പിക്കുന്നതാണെന്ന് പഠനത്തിന് നേതൃത്വം നല്കിയ യുടി സൗത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ സെന്ററിലെ ഫമിലി ന്ദ് കമ്മ്യൂണിറ്റി മെഡിസിന് അസിസ്റ്റന്റ് പ്രൊഫസ്സര്‍ സാറാ വുഡ്സ് പറയുന്നു.കുടുംബ ബന്ധങ്ങളും ദാമ്പത്യ ബന്ധങ്ങളും തകരാറിലാകുന്നത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നത് കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയോടെയാണ് സാറ വുഡ്സും സഹപ്രവര്‍ത്തകരും പഠനം തുടങ്ങിയത്.ദാമ്പത്യ ബന്ധങ്ങള്‍ തകരാറിലാകുന്നത് ആരോഗ്യത്തെ ബാധിക്കാതിരിക്കുന്നതിന്റെ ഒരു കാരണം വിവാഹ ജീവിതത്തിന്റെ മാറിവരുന്ന സ്വഭാവം തന്നെയാണെന്നും പ്രത്യേകിച്ച് വിവാഹമോചനങ്ങളുടെ പങ്കാണെന്നും സാറ വുഡ്സ് പറയുന്നു.പ്രായപൂര്‍ത്തിയായവര്‍ വിവാഹം കഴിക്കുന്നത് താമസിച്ചാണ്. എന്നാല്‍ ജീവിതകാലം മുഴുവന്‍ ഒരേ ആളുമായുള്ള വിവാഹ ബന്ധം അവര്‍ തുടരുന്നതുമില്ല. അതേസമയം കുടുംബ ബന്ധങ്ങള്‍ ആയുഷ്ക്കാലം മുഴുവനും നിലനില്‍ക്കുന്നതാണ്.
പഠനത്തില്‍ ഉള്‍പ്പെട്ടവ ഭൂരിപക്ഷം പേരുടെയും മാതാപിതാക്കളും സഹോദരങ്ങളും ജീവിച്ചിരിപ്പുണ്ടായിരുന്നു. അവരുമായുള്ള ഇടപെടലുകളിൽ താളപ്പിഴകളുണ്ടായാൽ പ്രായമാകും തോറും ഒരാളില്‍ അത് കുടുംബപരമായ സമ്മര്‍ദ്ദങ്ങള്‍ വര്‍ധിപ്പിക്കും.കുടുംബ ബന്ധങ്ങള്‍ നീണ്ടു നില്ക്കുന്നതും വൈകാരികമായി തീവ്രതയുള്ളതുമാണ്. നിങ്ങളുമായി എക്കാലവും ബന്ധപ്പെട്ടിരിക്കുന്ന വ്യക്തികളാണവര്‍. വൈകാരികമായ സമ്മര്ദ്ദങ്ങള്ക്കടിമപ്പെടുകയാണെങ്കില് അത് ശരീരത്തെ തളര്‍ത്തിക്കളയും. എന്നാല്‍ ജീവിത പങ്കാളിയുമായുള്ള ബന്ധങ്ങളിലെ സമ്മര്‍ദ്ദങ്ങള്‍ ശരീരത്തെ അങ്ങനെ ബാധിക്കുന്നില്ല.
ഇതേക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള കാര്യങ്ങള്‍ കുടുംബബന്ധങ്ങള്‍ തകരാതെ നോക്കേണ്ടതാണെന്ന മുന്നറിയിപ്പിനൊപ്പം ആരോഗ്യ സംരക്ഷണം നല്കുന്നവര്ക്കും ചില സൂചനകള്‍ നനല്കുന്നതായി വുഡ്സ് പറയുന്നു. കുടുംബവുമായുള്ള ബന്ധങ്ങള്‍ സംഘര്‍ഷാത്മകമായി തുടരുകയും പ്രായമേറുമ്പോള്‍ അനാരോഗ്യം ബാധിക്കുകയും ചെയ്താല്‍ അവ മെച്ചപ്പെടുത്താന്‍ ഒരു പക്ഷെ ചികിത്സ തന്നെ ആവശ്യമായി വന്നേക്കാമെന്നും ഇതുവരെയും ജീവിതത്തിന്റെ മധ്യഘട്ടം പിന്നിട്ടവരുടെ കാര്യത്തില്‍ ഇങ്ങനെയൊരു സമീപനം നമ്മള് പരിഗണിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു.