മരുന്നും ഉപയോഗ കാലാവധിയും


SEPTEMBER 5, 2021, 11:00 AM IST

ലീനാ തോമസ്


ഫാര്‍മസിസ്റ്റ്, കാനഡ


ഫാര്‍മസി തുറന്ന് കയറിയതേയുള്ളൂ, ഫോണ്‍ നിര്‍ത്താതെ അടിക്കുന്നു. സന്തോഷത്തോടെ ''ഞാനെങ്ങനെയാണ് സഹായിക്കേണ്ടത്'' എന്ന് ചോദിച്ചതും ഫോണില്‍ക്കൂടി പരാതിയാണ് കേള്‍ക്കുന്നത്. ' എത്ര പ്രാവശ്യം പറഞ്ഞു എനിക്ക് മരുന്നു തരുമ്പോള്‍ എക്‌സ്പയറി ഡേറ്റ് എഴുതിത്തരണമെന്ന്, കഴിഞ്ഞപ്രാവശ്യം അതു നിങ്ങള്‍ ചെയ്തിട്ടില്ല. ഞാന്‍ എനിക്ക് അസുഖമുണ്ടെന്ന് തോന്നുമ്പോഴാണ് മരുന്നു കഴിക്കുന്നത്. അപ്പോള്‍ ചിലപ്പോള്‍ രണ്ടാഴ്ച കൊണ്ടൊന്നും മരുന്നു തീരില്ല. പിന്നീട് കഴിക്കുമ്പോള്‍ കാലാവധി കഴിഞ്ഞുപോയോന്ന് ഞാനെങ്ങനെയറിയും.''

രാവിലെ തന്നെ എനിക്കൊരു ലേഖനത്തിനുള്ള വിഷയം ഉണ്ടാക്കിത്തന്ന ദേഷ്യക്കാരി അമ്മച്ചിയെ നയപരമായ സംസാരത്തിലൂടെ ഒതുക്കി ഞാന്‍ ഫോണ്‍ താഴെവെച്ചു.

ശരിയായ രീതിയില്‍ സൂക്ഷിച്ചാല്‍ എത്രനാള്‍ മരുന്നിന്റെ വീര്യം നഷ്ടപ്പെടാതെ ഉപയോഗിക്കാന്‍ കഴിയും എന്നതാണ് കാലാവധി (Expiry Date) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

സീല് ചെയ്ത് വച്ചിരിക്കുന്ന അവസ്ഥയില്‍ ലേബലില്‍ പറയുമ്പോലെ സൂക്ഷിച്ചുവയ്ക്കുമ്പോഴാണ് എക്‌സ്പയറി ഡേറ്റ് വരെ മരുന്നിന്റെ യഥാര്‍ത്ഥ വീര്യം അതില്‍ നിലനില്‍ക്കുന്നത്. എന്നാല്‍ ഒരിക്കല്‍ സീല് തുറന്ന് ഉപയോഗിച്ചു തുടങ്ങിയാല്‍ പിന്നീട് ലേബലില്‍ പറയുന്നവിധം ശ്രദ്ധിച്ച് സൂക്ഷിച്ചുവച്ചാലേ അതേ ഗുണ മേന്മയും വീര്യവും നിലനിര്‍ത്താനാകൂ. അല്ലാതെ എക്‌സ്പയറി ഡേറ്റ് നോക്കി വാങ്ങിയതുകൊണ്ടുമാത്രം മരുന്നിന്റെ ഗുണമേന്മ ഉപയോഗം തീരുംവരെ നിലനിര്‍ത്താനാവില്ല.

അന്തരീക്ഷത്തിലെ ചൂട്, ഈര്‍പ്പം, സാന്ദ്രത, തണുപ്പ്, വെളിച്ചം മുതലായവ മരുന്നിനെ സ്വാധീനിക്കും. അതുകൊണ്ട് ശരിയായ രീതിയില്‍ സൂക്ഷിക്കുന്നില്ലെങ്കില്‍ കാലാവധിക്കു മുമ്പുതന്നെ അതിന്റെ ഗുണമേന്മ നഷ്ടപ്പെടും. പലതരത്തിലുള്ള രാസമാറ്റങ്ങളാണ് ഇതിന് കാരണം. ഉപയോഗ കാലാവധി കണക്കുകൂട്ടുന്നതും മരുന്ന് സൂക്ഷിക്കുന്നരീതിയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്.

പലതരം രാസപരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയിട്ടാണ് (Accelerated stability studies) ഒരു മരുന്നിന്റെ എക്‌സ്പയറി ഡേറ്റ് തീരുമാനിക്കപ്പെടുന്നത്. മരുന്ന് ഉത്പാദിപ്പിക്കപ്പെടുന്ന തീയതി (Manufacturing date) മുതല്‍ കാലാവധി (എക്‌സ്പയറി ഡേറ്റ്) വരെയുള്ള കാലയളവ് (shelf life) പല മരുന്നുകള്‍ക്കും പലതാണ്. നിര്‍മ്മാണ ദിവസം കഴിഞ്ഞ് രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കഴിഞ്ഞാലും സീലുചെയ്ത്, യഥാവിധി സൂക്ഷിച്ചിരിക്കുന്ന, മരുന്നില്‍ 90% വരെ ഗുണമേന്മ നിലനില്‍ക്കുന്നുണ്ടാവും.

ഇത് ഉപഭോക്താവിന് മനസ്സിലാകാനാണ് എക്‌സ്പയറി ഡേറ്റ് ലേബലില്‍ രേഖപ്പെടുത്തുന്നത്. കാലാവധി കഴിഞ്ഞാല്‍ വിവിധ മരുന്നുകള്‍ വിവിധതരത്തിലുള്ള രാസമാറ്റങ്ങള്‍ക്ക് വളരെ വേഗത്തില്‍ ത്തന്നെ വിധേയമാകുമെന്നതാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അങ്ങനെ ഗുണമേന്മയും വീര്യവും നഷ്ടപ്പെട്ട് ഉപയോഗശൂന്യമായിത്തീരുന്നു.

മരുന്ന് എങ്ങനെ സൂക്ഷിക്കണം?

നമ്മള്‍ പലപ്പോഴും അടുക്കളയിലും വാഹനങ്ങളിലുമൊക്കെ മരുന്നുസൂക്ഷിക്കാറുണ്ട്.മരുന്നിന്റെ ലേബലില്‍ ഓരോ മരുന്നും എങ്ങനെ സൂക്ഷിക്കണമെന്നും അതുകൂടാതെ മറ്റുചിലപ്പോള്‍ ഒരു പ്രത്യേക കാലയളവിലേക്കേ ആ മരുന്ന് ഉപയോഗത്തിനുപകരിക്കൂ. (use within one month) എന്നുമൊക്കെ നിര്‍ദ്ദേശങ്ങള്‍ രേഖപ്പെടുത്തിയിരിക്കും.

അതുകൊണ്ടുതന്നെ സൂക്ഷിച്ചുവയ്ക്കേണ്ട രീതിയെയും താപനില യെയും പറ്റി കുറച്ചുകാര്യങ്ങള്‍ അറിഞ്ഞു വയ്ക്കുന്നത് നന്നായിരിക്കും.

1.  store in a cool place : 8 ഡിഗ്രി സെല്‍ഷ്യസിനും 25 ഡിഗ്രി സെല്‍ഷ്യസിനും ഇടയ്ക്കുള്ള താപനില

2.  store in a cold place : 2 ഡിഗ്രി സെല്‍ഷ്യസിനും 8 ഡിഗ്രി സെല്‍ഷ്യസിനും ഇടയ്ക്കുള്ള താപനില

3. store in a dark place/protect from light : സൂര്യപ്രകാശം ഏല്‍ക്കാതെ സൂക്ഷിക്കുക

4.  Protect from freezing : തണുത്തുറയാതെ സൂക്ഷിക്കുക

തണുത്തുറഞ്ഞാല്‍ ചില മരുന്നുകളുടെ രാസഘടനയില്‍ത്തന്നെ മാറ്റം വന്ന് ഉപയോഗ ശൂന്യമായിത്തീരും. കൂടാതെ മരുന്ന് ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഗ്ലാസ്സുകൊണ്ടുള്ള കുപ്പികളും മറ്റും തണുത്തുറഞ്ഞാല്‍ പൊട്ടിപ്പോകാനുള്ള സാദ്ധ്യതയുമുണ്ട്.

5.Not to be refrigerated : ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല

6. Store in a well closed, light resistant container : മുറുക്കി അടച്ച് സൂര്യപ്രകാശം ഏല്‍ക്കാത്ത കുപ്പിയില്‍ സൂക്ഷിക്കണം

7. Keep away from children : കുട്ടികള്‍ കൈകാര്യം ചെയ്യാനിടയാകാതെ സൂക്ഷിക്കണം

ഭംഗിയുള്ള മധുരത്തില്‍ പൊതിഞ്ഞ ചിലതരം ഗുളികകള്‍ (ഉദാ: അയണ്‍ടാബ്ലെറ്റ്സ്) മിഠായിയെന്നു കരുതി കുട്ടികള്‍ ധാരാളമായി എടുത്ത് കഴിക്കാനുള്ള സാധ്യതകളേറെയാണ്. അത് മരുന്ന് വിഷബാധയ്ക്ക് (Drug Toxicity) കാരണമാകുമെന്നതുകൊണ്ടാണ് ഇപ്രകാരം നിര്‍ദ്ദേശിക്കുന്നത്

8. Use within one month : കണ്ണ്, ചെവി, മൂക്ക് എന്നീ മാര്‍ഗ്ഗങ്ങളിലൂടെ ഉപയോഗപ്പെടുത്താനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള തുള്ളിമരുന്നുകളുടെ ലേബലില്‍ ഇപ്രകാരം നിര്‍ദ്ദേശിച്ചിരിക്കും. മരുന്ന് ഒരു മാസം കഴിഞ്ഞ് ബാക്കിയുണ്ടെങ്കില്‍ ഉപേക്ഷിക്കണം. തുടര്‍ന്നുപയോഗം പാടില്ല.

കുട്ടികള്‍ക്കൂള്ള സിറപ്പുകള്‍ സൂക്ഷിക്കേണ്ട വിധം

ദ്രവരൂപത്തിലുള്ള മരുന്നുകളുടെ (ഉദാ: സിറപ്പുകള്‍) സ്ഥിരത നിലനിര്‍ത്തുന്നത് ശ്രമകരമായ ജോലി യാണ്. സൂക്ഷ്മാണുക്കളുടെ ആക്രമണം കുറയ്ക്കാനും സ്ഥിരത നിലനിര്‍ത്താനുമായി കുട്ടികള്‍ക്കായുള്ള മരുന്നുകള്‍ പലപ്പോഴും ഖരരൂപത്തിലുള്ള തരികളായാണ് (dry syrup) രൂപകല്‍പ്പന ചെയ്യപ്പെടുന്നത്. ഉപയോ ഗത്തിന് അല്‍പ്പം മുമ്പ് തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത് നന്നായി കൂട്ടിക്കലര്‍ത്തി (reconstitution) എടുക്കണ മെന്ന് ലേബലില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടാകും. ഇവിടെ കാനഡയില്‍ ഫാര്‍മസിയില്‍ വെച്ചുതന്നെ കൂട്ടിക്കലര്‍ത്തിയാണു കൊടുക്കുന്നത്.

ഇപ്രകാരം കൂട്ടിക്കലര്‍ത്തിയെടുക്കുന്ന മരുന്നിന്റെ സ്ഥിരതയും അത് പിന്നീട് നാം കൈകാര്യം ചെയ്യുന്നതിനനുസരിച്ചിരിക്കും. ആദ്യം മരുന്നുപയോഗിച്ചശേഷം മുറുക്കി അടച്ച് ലേബലില്‍ നിര്‍ദ്ദേശിചിരിക്കുന്നപ്രകാരമുള്ള താപനിലയില്‍ സൂര്യപ്രകാശമേല്‍ക്കാതെ സൂക്ഷിച്ചു വയ്ക്കുകയും ചെയ്യണം. (Store well closed, protect from light). ദ്രവരൂപത്തിലാക്കിയ ഈ മരുന്ന് ലേബലില്‍ നിര്‍ദ്ദേശിക്കുന്ന കാലയളവിനുള്ളില്‍ ഉപയോഗിക്കണം. പലപ്പോഴും ഇവ ഫ്രിഡ്ജില്‍ ഉപയോഗത്തിലിരിക്കുന്ന കാലയളവില്‍ ( ഏഴുദിവസത്തേക്കോ പത്തുദിവസത്തേക്കോ) സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടാവും.അതിനുശേഷവും മരുന്ന് ബാക്കിയുണ്ടെങ്കില്‍ പിന്നീടൊരവസരത്തില്‍ ഉപയോഗിക്കുവാന്‍ പാടില്ല എന്നര്‍ത്ഥം.