മസ്തിഷക്ക ജ്വരത്തിന് കാരണമായേക്കാവുന്ന കൊതുക് രോഗം ആസ്‌ത്രേലിയയില്‍ കണ്ടെത്തി


MARCH 4, 2022, 11:52 PM IST

സിഡ്‌നി: മസ്തിഷ്‌ക്ക വീക്കത്തിന് കാരണമായേക്കാവുന്ന കൊതുക് പരത്തുന്ന രോഗം ആസ്‌ത്രേലിയയില്‍ കണ്ടെത്തി. ഒരാള്‍ക്കെങ്കിലും രോഗബാധയുണ്ടായതായാണ് കണ്ടെത്തിയിരിക്കുന്നത്. പന്നികളേയും കുതിരകളേയും പരിചരിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു. 

ഒന്നിലേറെ പന്നിയിറച്ചി ഫാമുകളില്‍ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ക്വീന്‍സ് ലാന്റ് സ്റ്റേറ്റില്‍ ജാപ്പനീസ് എന്‍സെഫലൈറ്റിസ് കേസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിക്ടോറിയയില്‍ മൂന്നുപേരിലാണ് അണുബാധ കണ്ടെത്തിയിരിക്കുന്നത്. ദേശീയ പ്രാധാന്യമുള്ള സാംക്രമിക രോഗമായാണ് രാജ്യത്തെ ആരോഗ്യ വകുപ്പ് ഈ സാഹചര്യത്തെ വിലയിരുത്തുന്നത്. 

രോഗം ബാധിക്കുന്നവരില്‍ ഗുരുതര ലക്ഷണങ്ങളൊന്നും പ്രകടമല്ലെങ്കിലും ചെറിയ തോതിലെങ്കിലും ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും ആഗോളതലത്തില്‍ 68,000 വരെ ജാപ്പനീസ് എന്‍സെഫലൈറ്റിസ് ക്ലിനിക്കല്‍ കേസുകള്‍ കണ്ടെത്തുന്നുണ്ട്. ഇതില്‍ 20,400 പേരെങ്കിലും മരിക്കുന്നുണ്ട്. 

ആഗോളതലത്തില്‍ ഭൂരിഭാഗം കേസുകളും തെക്ക്- കിഴക്കന്‍ ഏഷ്യയിലും പടിഞ്ഞാറന്‍ പസഫിക്ക് പ്രദേശങ്ങളിലും കേന്ദ്രീകരിച്ചാണ്. ചില ഭാഗങ്ങളില്‍ രോഗവ്യാപനമുണ്ടായത് പന്നികളെ കൊല്ലുന്നതിന് കാരണമായിരുന്നു. 

തെക്കന്‍ ആസ്‌ത്രേലിയയില്‍ ആദ്യമായാണ് വൈറസ് കണ്ടെത്തുന്നതെന്ന് ആസ്‌ത്രേലിയന്‍ ചീഫ് വെറ്ററിനറി ഓഫിസര്‍ മാര്‍ക്ക് ഷിപ്പ് പറഞ്ഞു. ബ്രിസ്‌ബെന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ജാപ്പനീസ് മസ്തിഷ്‌ക ജ്വരം ബാധിച്ചതായി ക്വീന്‍സ്‌ലാന്‍ഡ് അധികൃതര്‍ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 

പന്നിയിറച്ചി കഴിക്കുന്നതിലൂടെ രോഗം പകരാനുള്ള സാധ്യതയില്ലെന്നാണ് കണ്ടെത്തല്‍. അതോടൊപ്പം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗബാധ ഉണ്ടാകുന്നില്ല.

Other News