മരുന്ന് അലര്‍ജി ഉണ്ടായാല്‍.. 


APRIL 12, 2021, 9:50 AM IST

ഫാര്‍മസിയില്‍ അധികം തിരക്കില്ലാത്ത ഒരു ദിവസമായിരുന്നു അന്ന്. ചില ദിവസങ്ങള്‍ ഇങ്ങനെയായിയിരിക്കണം എന്ന് ഞങ്ങള്‍ ഫാര്‍മസിസ്റ്റുകള്‍ക്ക്  നിര്‍ബന്ധമുണ്ട്. ഇതിലും നല്ല നിര്‍ബന്ധങ്ങള്‍ സ്വപ്‌നങ്ങളില്‍  മാത്രമാണ് എന്നും പറയാം.  

പ്രശ്‌നപരിഹാരമാണ് എനിക്കിഷ്ടമുള്ള ഒരു മേഖല.  നിങ്ങള്‍ ചെയ്യേണ്ടതിത്ര മാത്രം ,  പാവം  ശരീരത്തെ നന്നായി പീഡിപ്പിച്ചിട്ട് എന്തെങ്കിലും ഒരു പ്രശ്‌നമുണ്ടാക്കികൊണ്ടു  വരുക.   അസുഖവും മരുന്നും സംബന്ധിച്ച ചില പ്രശ്‌നങ്ങളുമായി നല്ല 'ഡീസെന്റ്' ആയിട്ടുള്ള ആളുകള്‍ വന്നാല്‍ നല്ല സന്തോഷം ആണ്. ഡീസെന്റ് എന്നുവെച്ചാല്‍ മരുന്നുസംബന്ധമായി ഫാര്‍മസിസ്‌റ്  പറയുന്നത് കേള്‍ക്കാനും ഉള്‍ക്കൊള്ളാനും മനസ്സിന് പക്വത ഉള്ള ആളുകളെയാണിഷ്ടം എന്ന് മാത്രേ ഇവിടെ അര്‍ത്ഥമുള്ളൂ.  കാരണം, ചിലര്‍ അവര്‍ക്കിഷ്ടമുള്ളത് നമ്മളില്‍നിന്നും കേള്‍ക്കാന്‍ ആഗ്രഹിച്ചു വരും. അത് ലഭിക്കാതെ വരുമ്പോള്‍ പിന്നെ പ്രശ്‌നപരിഹാരം നടക്കാതെ വരും, വേറെ ചിലതൊക്കെ നടക്കുകയും ചെയ്യും . അതത്ര സുഖമുള്ള കാര്യമല്ലല്ലോ.

അങ്ങനെ ഒരു പ്രശ്‌നത്തെ വരവേല്‍ക്കാനുള്ള നല്ല മൂഡിലായിരുന്നു ഞാന്‍. അതാ വരുന്നു അറുപതിനോടടുത്ത് പ്രായം തോന്നിക്കുന്ന  ഭാര്യയും ഭര്‍ത്താവും. കോവിഡ് അകത്തേക്ക്  വരാതിരിക്കാന്‍ മുന്‍പില്‍ ഒരു ഡെസ്‌ക് ഇട്ടിട്ടുണ്ട്. അത് കാണുമ്പോള്‍ കോവിഡ് അനുസരണയോടെ അവിടെ നില്‍ക്കണം എന്നാണ് അഭ്യൂഹം. അങ്ങനെ അവര്‍ അതിനപ്പുറത്തായി നിന്നു.

ഉടനെ 'ഹേയ് , ഹൗ ആര്‍ യു ?   ഹൗ ക്യാന്‍ ഐ ഹെല്പ് യു?

എന്ന് ചോദിച്ച് ലോകത്തിലുള്ള സകല പോസിറ്റീവ് വൈബും ആവാഹിച്ചു ഞാന്‍ അവരുടെ അടുത്തേക്ക് കുതിച്ചു.  

അത്രക്കാണ് പ്രശ്‌നപരിഹാരത്തിനുള്ള ത്വര.

ഭാര്യ സെല്‍ ഫോണ്‍ റെഡി ആക്കിവെച്ച്  എന്തിനോ ഉള്ള പുറപ്പാടിലാണ് , എന്താണാവോ ? എന്റെ ആത്മഗതം .

ഭര്‍ത്താവ്, (നമുക്ക് ഷോണ്‍ എന്ന് വിളിക്കാം), സംസാരം തുടങ്ങി, ഒരാഴ്ചയായി  ഉറങ്ങാന്‍ പറ്റുന്നില്ല, ദേഹമാസകലം ചൊറിയുകയാണ് ഇപ്പോഴത്തെ ഹോബി , രാത്രിയാകുമ്പോള്‍ വളരെ കൂടുതലാണ്. ഡോക്ടര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച്  അംലോഡിപിന്‍  എന്ന മരുന്ന് കഴിഞ്ഞാഴ്ച തുടങ്ങി, രണ്ടു വര്‍ഷം മുമ്പ് ഇതേ മരുന്ന് കുറച്ചു നാള്‍ കഴിച്ചതാണ് , ചൊറിച്ചില്‍ തുടങ്ങിയപ്പോള്‍ ഡോക്ടര്‍ നിര്‍ത്താന്‍ പറഞ്ഞു. പിന്നെ ഇപ്പോള്‍ ഇത് കുറിച്ചിരിക്കുന്നത് വേറൊരു ഡോക്ടര്‍ ആണ്, കോവിഡ് കാരണം ഫാമിലി ഡോക്ടറെ കാണാന്‍ പറ്റിയിട്ടില്ല. എന്തെങ്കിലും ചെയ്യൂ , എനിക്കൊന്നുറങ്ങണം.

ഈ വാക്കുകള്‍ നൂറുവാക്കുകളായി മനസിലാകുന്നൊരു ചിപ്പാണ് എന്റെ തലച്ചോറില്‍ , കാരണമുണ്ട്. അതുകൊണ്ടുതന്നെ 'ആഹാ  അലര്‍ജി.' എന്നാണപ്പോള്‍ തോന്നിയത്.

എനിക്ക് സ്വജീവിതത്തില്‍ വളരെ തീവ്രമായ അനുഭവങ്ങള്‍ തന്ന വാക്കാണിത്. ഐബുപ്രോഫെന്‍ എന്ന മരുന്ന് കഴിച്ചു 'സ്റ്റീവന്‍ ജോണ്‍സന്‍ സിന്‍ഡ്രോം' എന്ന അലര്‍ജിയുടെ ഇരയായിരുന്നു ഒരു ആറുമാസത്തേക്ക്. വായ മുതല്‍ ദഹനവ്യൂഹത്തിലെ ശ്ലേഷ്മസ്തരം മുഴുവന്‍ കേടുവന്നു പോയിട്ട്, പാലും പഴവും മാത്രം കഴിച്ചു , അതും കഴിഞ്ഞാല്‍ നിവര്‍ന്നിരിക്കാന്‍പോലും പറ്റാത്ത  അതിതീവ്രമായ  വയറുവേദനയോടെ കഴിഞ്ഞു കൂടിയ ഒരു കാലവുമായി  ഒരു വെടിയുണ്ട തലച്ചോറിലേക്ക് കയറിപ്പോയി.

നല്ല ഡാര്‍ക്ക് സീനാണ്. ദഹനവ്യൂഹം ഒരു വ്യൂഹമാണെന്ന് ശരിക്കും മനസിലായത് ഈ ആറുമാസങ്ങളിലൂടെയാണ്.

എഴുത്തു തുടങ്ങിയതുതന്നെ അലര്‍ജി  എന്ന  വാക്കിനോടുള്ള ബഹുമാനം കൊണ്ടാണ്. ഈ വാക്ക് ശരീരത്തിലേക്ക് കയറി ആത്മഹത്യ ചെയ്യാന്‍ പോയൊരു ചേച്ചിയാണ് പണ്ടെന്റെ ഉറക്കം കളഞ്ഞതും എഴുത്തിലേക്ക് തള്ളിയിട്ടതും.

ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്ന് അദ്ദേഹത്തിന്റെ ഫയല്‍ തുറന്നു.

അപ്പോഴേക്കും ഷോണിന്റെ ഹണി-ഭാര്യ-സെല്‍ ഫോണ്‍ എന്റെ നേര്‍ക്ക് നീട്ടി. അലര്‍ജി ഫോട്ടോകളില്‍ പടര്‍ന്നുനില്‍ക്കുന്നു.  അദ്ദേഹത്തിന്റെ പുറത്തു അലര്‍ജി കൊണ്ടുണ്ടായ തിണര്‍പ്പുകള്‍ ഭൂമിയുടെ മാപ്പ് തീര്‍ത്തിട്ടുണ്ട്. കാനഡയും ഇന്ത്യയുമാണ് എനിക്ക് കൃത്യമായി കാണാന്‍ പറ്റുന്നത്. ചൈനയുടെ ഭാഗത്തേക്ക്  നോക്കിയതേയില്ല. കഴുത്തിലും മുഖത്തുമുള്ള ചുവന്ന ഭൂപടങ്ങള്‍ ഇതിനോടകം നിനക്കെന്തുചെയ്യാന്‍ പറ്റും എന്ന ഹുങ്കാരത്തോടെ  എന്നെ തുറിച്ചുനോക്കിയിരുന്നു

ബ്ലഡ് പ്രഷറിന് മറ്റൊരു മരുന്നുകൂടി ഷോണ്‍ കഴിക്കുന്നുണ്ട്, എന്തിനാണ് അതിനോടൊപ്പം അംലോഡിപിന്‍  എന്ന മരുന്നുകൂടി ഡോക്ടര്‍ കുറിച്ചത് ?

ഞാന്‍ എന്റെ സിബിഐ അന്വേഷണം തുടങ്ങി.

മരുന്നുകള്‍ കഴിക്കുന്നതിനൊപ്പം  ജീവിതശൈലി കൂടി ക്രമീകരിച്ചാലേ ഈ വിഭാഗം മരുന്നുകളുടെ പ്രയോജനം കിട്ടുകയുള്ളു എന്നറിയാമല്ലോ. അപ്പോള്‍പ്പിന്നെ തോന്നിയതുപോലെ ശരീരത്തെ പീഡിപ്പിക്കുന്നതുകൊണ്ടാണോ ബ്ലഡ് പ്രഷര്‍ കുറക്കാന്‍  ഡോക്ടര്‍ മറ്റൊരു മരുന്നുകൂടി കുറിച്ചതെന്നായി എന്റെ ചോദ്യം. വേറെന്തെങ്കിലും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ?

'നോപ്' എന്നു ഷോണ്‍.

കിറുകൃത്യമായ വ്യായാമം, ഉപ്പാണെങ്കില്‍, ഭക്ഷണമേശയില്‍ പോലും  സന്ദര്‍ശിക്കാറില്ലത്രേ.

ഷോണ്‍ ഇത്ര ഡീസെന്റ് ആയി സ്വയം ക്രമീകരിച്ചിട്ടും എന്തിനാണാവോ ഉറങ്ങാന്‍ പോലും സമ്മതിക്കാതെ ശരീരമിങ്ങനെ ചൊറിഞ്ഞ് അയാളെ പീഡിപ്പിക്കുന്നത്!!!

അസാധാരണമായതും എന്നാല്‍ സീരിയസ് ആയതുമായ ഈ ചൊറിഞ്ഞുതടിക്കല്‍ അനുബന്ധപ്രശ്‌നമായുള്ള മരുന്നുകളുടെ ലിസ്റ്റില്‍ അംലോഡിപ്പിനെ പണ്ടേ ഞാന്‍ നോട്ടമിട്ടു വെച്ചിട്ടുള്ളതാണ്.

ഡോക്ടറിനോട് അലര്‍ജിയുടെ കാര്യം പറഞ്ഞിരുന്നോ?

പറഞ്ഞിരുന്നു. ഡോക്ടര്‍ പറഞ്ഞു അംലോഡിപ്പിനു അങ്ങനെ ഒരു സൈഡ് എഫ്ഫക്റ്റ് ഇണ്ടാവാന്‍ സാധ്യതയില്ല, എന്തെങ്കിലും ഭക്ഷണമായിരിക്കും പ്രശ്‌നമുണ്ടാക്കുന്നതെന്ന്' .

പിന്നെ എന്റെ കൈകളുടെ വേഗത അതിശീഘ്രമായിരുന്നു.

'അംലോഡിപ്പിന്‍ വേഴ്‌സസ് റാഷ്' എന്നതിന്  ഗൂഗിള്‍ ആന്റി തന്ന എല്ലാ റിസേര്‍ച്ച് പേപ്പറുകളും മറ്റു വിവരശേഖരങ്ങളും പ്രിന്റ് ഔട്ട് എടുത്ത് ഷോണിന് കൊടുത്തു

'ഡോക്ടര്‍മാര്‍ അറിയാതെ പോകുന്ന തേങ്ങലുകള്‍ ' എന്ന എന്റെ ശേഖരണത്തിലേക്ക് ഈ  ഫീച്ചര്‍ കൂടി കൊടിപിടിപ്പിച്ചിട്ടു.

എന്നിട്ട്  പ്രൊഫഷണല്‍ എന്ന വെള്ളകോട്ടിലേക്ക് ഞാന്‍ പരകായ പ്രവേശം നടത്തി .

'ഷോണ്‍ ഞാന്‍ തരുന്ന ഈ ആന്റിഅലെര്‍ജി മെഡിസിന്‍ കഴിക്കുക, സുഖമായുറങ്ങുക.നാളെ ഞായറാഴ്ച അംലോഡിപ്പിന്‍ കഴിക്കേണ്ട, തിങ്കളാഴ്ച രാവിലെ ഡോക്ടറിനെ കാണുമെന്നുറപ്പുതരിക.ഫാര്‍മസിസ്‌റ്  പറഞ്ഞു ഈ മരുന്നിനു ഇങ്ങനെ ഒരു അനുബന്ധ പ്രശ്‌നമുണ്ട്. മറ്റൊരു മരുന്ന് മാറ്റിതരണം എന്നു പറയുക.

വ്യായാമവും ഉപ്പ് അടക്കം ഡോഡിയം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതും തുടരുക. ഞാനിപ്പോള്‍ തന്നെ  ഈ വിവരങ്ങള്‍ ഡോക്ടറിന് ഫാക്‌സ് ചെയ്യും, താങ്കളുടെ പ്രൊഫൈലില്‍ നമ്മുടെ ഈ  കൗണ്‍സിലിങ് ഡോക്യുമെന്റ് ചെയ്യുകയും ചെയ്യും'.

രണ്ടാളും തിളങ്ങുന്ന കണ്ണുകളുമായി ചിരിച്ചുകൊണ്ടാണ് ഇറങ്ങിയത്.

തിങ്കളാഴ്ച്ച  ഡോക്ടര്‍ വിളിച്ചു. അംലോഡിപ്പിന്റെ ഇങ്ങനെയൊരു അനുബന്ധപ്രശ്‌നം ശ്രദ്ധയിപ്പെടുത്തിയതിനു നന്ദി പറഞ്ഞു.

ഷോണ്‍ പുതിയ മരുന്നിന്റെ കുറിപ്പടിയുമായി ഫാര്‍മസിയിലെത്തി. ഒരുപാട് ദിവസം കൂടി സമാധാനമായി ഉറങ്ങിയതിന്റെ വലിയ സന്തോഷം എത്രപറഞ്ഞിട്ടും മതിയാകുന്നുണ്ടായിരുന്നില്ല അദ്ദേഹത്തിന്.

ഞാനോ... ഉദ്ദിഷ്ട കാര്യസാധ്യത്തിനു ഗൂഗിള്‍ ആന്റിക്ക് നന്ദി പറഞ്ഞു.

എത്ര പെട്ടെന്നാണ് റിസേര്‍ച് പേപ്പറുകളും മറ്റു വിവരങ്ങളും ആകാശത്തുനിന്നിറക്കി നിരത്തി വെച്ചത്.  


ലീനാ തോമസ് കാപ്പന്‍

ഫാര്‍മസിസിസ്റ്റ്