പൊണ്ണത്തടിയന്മാർ ഭയക്കണം കോറോണയെ  


MARCH 16, 2021, 7:21 PM IST

ലോകത്ത് കോവിഡ് 19 മരണങ്ങളിൽ ഏറെയും സംഭവിച്ചത് പൊണ്ണത്തടിയന്മാർ കൂടുതലുള്ള രാജ്യങ്ങളിലാണ്. പ്രായപൂർത്തിയായവരിൽ 50% മെങ്കിലും ശരീരത്തിന് അമിത ഭാരമുള്ളവരായ രാജ്യങ്ങളിൽ കൊറോണ വൈറസ്  കാരണമുള്ള മരണ നിരക്ക് മറ്റു  രാജ്യങ്ങളെ അപേക്ഷിച്ച് 10 മടങ് കൂടുതലായിരുന്നുവെന്നാണ് ആഗോളതലത്തിൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയത്. 

കോവിഡ് 19 മരണങ്ങളും പൊണ്ണത്തടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിവരിക്കുന്ന പഠന റിപ്പോർട്ടിൽ, മഹാമാരിയുടെ ഫലമായി സംഭവിച്ച 2.5 മില്യൺ മരണങ്ങളിൽ 90% വും അഥവാ 2.2 മില്യൺ മരണങ്ങളും പൊണ്ണത്തടിയന്മാർ കൂടുതലുള്ള രാജ്യങ്ങളിലായിരുന്നുവെന്നു ചൂണ്ടിക്കാട്ടുന്നു. 

യുഎസിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി ശേഖരിച്ച കോവിഡ് 19 മരണ സംഖ്യയും ലോകാരോഗ്യ സംഘടനയുടെ പൊണ്ണത്തടി സംബന്ധിച്ച സ്ഥിതിവിവര കണക്കുകളും വിശകലനം ചെയ്യുകയുണ്ടായി. 

ജനങ്ങൾ പൊതുവിൽ ശരീര ഭാരക്കൂടുതൽ ഇല്ലാത്തവരും പൊണ്ണത്തടിയന്മാർ കുറവുള്ളതുമായ ഒരു രാജ്യത്തും കോവിഡ് 19 മരണ നിരക്ക്  ഉയർന്നുനിന്നിരുന്നില്ല.കോവിഡ് 19 മരണ നിരക്കുകൾ കുറവായിരുന്ന പൊണ്ണത്തടിയന്മാർ വളരെ കുറവായ ജപ്പാൻ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളെയാണ് ഇതിനുദാഹരണങ്ങളായി പഠനത്തിന് നേതൃത്വം നൽകിയ വേൾഡ് ഒബെസിറ്റി ഫെഡറേഷന്റെ വിദഗ്ധ ഉപദേഷ്ടാവും ഓസ്ട്രേലിയയിലെ സിഡ്നി യൂണിവേഴ്‌സിറ്റിയിലെ വിസിറ്റിംഗ് പ്രൊഫസറുമായ ടിം ലോബ്സ്റ്റെയ്ൻ ചൂണ്ടിക്കാട്ടുന്നത്. അവിടെ കോവിഡ് 19  മരണ നിരക്കുകൾ വളരെ കുറവായിരുന്നു. ഈ രാജ്യങ്ങളിൽ ജനങ്ങളുടെ ശരീര ഭാരം നിയന്ത്രിക്കുന്നതുൾപ്പടെയുള്ള വിപുലമായ ആരോഗ്യ പരിപാടികൾ നടപ്പാക്കുന്നുണ്ട്. അവ മഹാമാരിയുടെ സമയത്ത് പ്രയോജനകരമായി. 

കോവിഡ് 19 മരണ നിരക്കുകൾ വളരെ ഉയർന്നുനിന്ന യുഎസിലും യുകെയിലും  പൊണ്ണത്തടിയന്മാരുടെ എണ്ണവും വളരെ കൂടുതലായിരുന്നു. കോവിഡ് 19 മരണ നിരക്കിൽ ലോകത്ത്  മൂന്നാം സ്ഥാനത്തായിരുന്നു യുകെ. 100,000 പേരിൽ 184 എന്ന തോതിലായിരുന്നു കോവിഡ് 19 മരണ നിരക്ക്. അവിടെ പ്രായപൂർത്തിയായവരിൽ 63.7% ശരീര ഭാരകൂടുതലുള്ളവരാണ്.യുഎസിൽ 100,000  പേർക്ക് 152.49 എന്നതായിരുന്നു കോവിഡ് 19  മരണനിരക്ക്. അവിടെ 67.9% പേർ ഭാരക്കൂടുതലിന്റെ പ്രശ്നമുള്ളവരാണ്. 

കോവിഡ് 19 ആരോഗ്യത്തിനു ഉയർത്തുന്ന അപകട ഭീഷണിയുടെ വലിയൊരു ഘടകമായി പൊണ്ണത്തടി കണക്കക്കണമെന്ന അഭിപ്രായമാണ് വിദഗ്ധർക്കുള്ളത്. വാക്സിൻ നൽകുന്നതിൽ പ്രമേഹ രോഗികൾ, ഹൃദ്രോഗികൾ തുടങ്ങിയവർക്കൊപ്പം പൊണ്ണത്തടിയുള്ളവർക്കും മുൻഗണന നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.