പപ്പായ കഴിക്കൂ... ഗുണങ്ങളേറെ


FEBRUARY 13, 2020, 9:06 PM IST

  നമ്മുടെ പറമ്പില്‍ ലഭ്യമായ ഏറ്റവും ഗുണമുളള പച്ചക്കറികളിലൊന്നാണു പപ്പായ. പഴുത്താലോ ഒന്നാന്തരം ഫലം. തനിയേ കിളിര്‍ത്തു വരുന്ന പപ്പായതൈ ആരും പരിഗണിച്ചില്ലെങ്കില്‍ പോലും വളര്‍ന്നു നിറയെ കായ്കള്‍ നമുക്കു തരും.

വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍, നാരുകള്‍... അവയൊക്കെ പപ്പായയില്‍ ധാരാളം. വിറ്റാമിന്‍ എയും സിയും സമൃദ്ധം. പഴത്തിനു ഗുണം കൂടുതലാണെന്നു പറയേണ്ടതില്ലല്ലോ... മഞ്ഞയും ഓറഞ്ചും നിറങ്ങളിലുളള ഇനങ്ങളുമുണ്ട്. ഊര്‍ജം ധാരാളം. ധാരാളം ജലാംശം അടങ്ങിയ ഫലം. രുചികരമായ ഫലം. മരുന്നായും ഉപയോഗിക്കാം. പപ്പായയില്‍ നിന്നു നിരവധി മരുന്നുകള്‍ നിര്‍മിക്കുന്നുണ്ട്.

ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു പപ്പായ ഗുണപ്രദമാണ്. മുഖത്തിന്റെ തിളക്കം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചില ഫേസ്പായ്ക്കുകളില്‍ പപ്പായയിലെ രാസഘടകങ്ങളുണ്ട്. മുഖം മിനുങ്ങാന്‍ ഫേസ്പാക്ക് തന്നെ വേണമെന്നില്ല. പപ്പായ വിഭവങ്ങളോ പഴമോ കഴിച്ചാലും നല്ലതുതന്നെ. അതിലെ ആന്റി ഓക്‌സിഡന്റുകള്‍ യുവത്വം നിലനിര്‍ത്താന്‍ സഹായകമാണ്.

പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈം ദഹനം വര്‍ധിപ്പിക്കുന്നു. പ്രോട്ടീനെ ദഹിപ്പിക്കാന്‍ പപ്പെയ്‌നും അതിലടങ്ങിയ മറ്റൊരു എന്‍സൈമായ കൈമോപപ്പെയ്‌നും കഴിവുളളതായി ഗവേഷകര്‍ പറയുന്നു.

പപ്പായയില്‍ അടങ്ങിയിരിക്കുന്ന കാര്‍പെയ്ന്‍ എന്ന എന്‍സൈം ഹൃദയാരോഗ്യത്തിനു ഗുണപ്രദം.

പ്രായമായവര്‍ പപ്പായ കഴിക്കുന്നത് ഏറെ ഗുണപ്രദം. ദഹനം മെച്ചപ്പെടുത്തുന്നു. മലബന്ധം തടയുന്നു. ആമാശയം, കുടല്‍ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കുടലില്‍ അണുബാധ ഉണ്ടാകുന്നതു തടയുന്നു.

കാന്‍സര്‍ തടയുന്നതിനും പപ്പായ ഗുണപ്രദം. പപ്പായയിലെ നാരുകള്‍ കുടലിലെ കാന്‍സര്‍ തടയുന്നതായി പഠനങ്ങള്‍ പറയുന്നു. കൂടാതെ അതിലടങ്ങിയ ഫോളേറ്റുകള്‍, വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ ഇ, പൊട്ടാസ്യം എന്നിവയും കുടലിലെ കാന്‍സര്‍ തടയാന്‍ സഹായകം. പ്രതിരോധശക്തി മെച്ചപ്പെടുത്താന്‍ പപ്പായ ഗുണകരം. ഇടയ്ക്കിടെ പനി, ചുമ എന്നിവ ഉണ്ടാകുന്നതു തടയുന്നു. സന്ധിവാതം, ഓസ്റ്റിയോ പൊറോസിസ് (എല്ലുകളെ ബാധിക്കുന്ന രോഗം)എന്നിവ മൂലമുണ്ടാകുന്ന നീരും വേദനയും ശമിപ്പിക്കുന്നതിനും പപ്പായ ഫലപ്രദം. കൈയോ മറ്റോ മുറിഞ്ഞാല്‍ പപ്പായയുടെ കറ പുരട്ടാം; വളരെവേഗം മുറിവുണങ്ങും. അതു നാട്ടുമരുന്ന്.

ആമാശയത്തിലെ വിര, കൃമി എന്നിവയെ നശിപ്പിക്കാന്‍ പപ്പായ ഉത്തമം. ആര്‍ട്ടീരിയോസ്‌ക്‌ളീറോസിസ്(രക്തധമനികള്‍ക്കുളളില്‍ കൊഴുപ്പ് അടിയുന്നതിനെ തുടര്‍ന്ന് രക്തസഞ്ചാരവേഗം കുറയുന്ന അവസ്ഥ), പ്രമേഹം, ഹൃദയരോഗങ്ങള്‍ എന്നിവയെ തടയുന്നതിനും പപ്പായയ്ക്കു കഴിവുളളതായി വിവിധ പഠനങ്ങള്‍ സൂചന നല്കുന്നു.