മികവിൻറെ സാക്ഷ്യം ഈ ശസ്ത്രക്രിയ;53കാരന് തിരികെ ലഭിച്ചത് തന്റെ ജീവിതം   


AUGUST 23, 2021, 10:55 AM IST

തിരുവനന്തപുരം: കേരളത്തിൻറെ ആരോഗ്യ സംവിധാനങ്ങളുടെ ആധുനികതയും ചികിത്സയുടെയും മികവും തെളിയിക്കുന്ന 17 മണിക്കൂർ നീണ്ട സംയുക്ത ശസ്ത്രക്രിയയിലൂടെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോസർജറി, സർജിക്കൽ ഗ്യാസ്‌ട്രോഎൻറോളജി, യൂറോളജി വിഭാഗങ്ങളിലെ വിദഗ്ദ്ധർ 53കാരന് നൽകിയത് പുനർജ്ജന്മം.  


അത്യന്തം അപകടകരമായ നിലയിൽ വളർന്ന 'സേക്രൽ കോർഡോമ' എന്നറിയപ്പെടുന്ന ട്യൂമറുമായാണ് കഴിഞ്ഞ ജൂലായ് മാസത്തിൽ തിരുവനന്തപുരം പാലോട് സ്വദേശിയായ 53കാരനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലമൂത്ര വിസർജനത്തിനുള്ള ബുദ്ധിമുട്ടും  ഇരുകാലുകളിൽ നീരും അതിതീവ്രമായ വേദനയുമായാണ് രോഗി ആശുപത്രിയിൽ എത്തിയത്. തുടർന്നു നടത്തിയ പരിശോധനയിൽ രോഗിയുടെ ജീവനു തന്നെ ഭീഷണിയായി വളർന്നു നിൽക്കുന്ന ട്യൂമർ കണ്ടെത്തുകയായിരുന്നു

.നട്ടെല്ലിന്റെ കീഴ്ഭാഗത്തു നിന്നായിരുന്നു ട്യൂമറിൻ്റെ ഉത്ഭവം.  അവിടെ നിന്നും വളർന്ന് പുറകിലേക്ക് തള്ളിയും  മുൻവശത്ത് മലാശയത്തിലും വൻകുടലിലും തട്ടിനിൽക്കുന്ന അവസ്ഥയിലുമായിരുന്നു ട്യൂമർ സ്ഥിതി ചെയ്തിരുന്നത്.  തുടർന്ന് ജൂലൈ 20ന് സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളായ ന്യൂറോസർജറി, സർജിക്കൽ ഗ്യാസ്‌ട്രോഎന്ററോളജി, യൂറോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധർ സംയുക്തമായി ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ചു.

ജൂലൈ 20ന് രാവിലെ എട്ടിന് ആരംഭിച്ച ശസ്ത്രക്രിയ 21ന് പുലർച്ചെ ഒന്നിനാണ് അവസാനിച്ചത്--17 മണിക്കൂർ. മലാശയത്തിനും നാഢീവ്യൂഹങ്ങൾക്കും  കേടുസംഭവിക്കാതെ ഉദരഭാഗത്തിലൂടെയും ശരീരത്തിന്റെ പിൻഭാഗത്തിലൂടെയുമാണ് ശസ്ത്രക്രിയ ചെയ്തു മുഴ നീക്കിയത്. ശസ്ത്രക്രിയക്ക് ശേഷം നട്ടെല്ലിന് ബലക്ഷയം വരാതിരിക്കാൻ നട്ടെല്ലും ഇടുപ്പെല്ലുകളും തമ്മിൽ സ്‌ക്രൂകളും കമ്പികളും ഉപയോഗിച്ച് ബന്ധിപ്പിച്ചു  ബലപ്പെടുത്തി. ന്യൂറോസർജറി വിഭാഗത്തിലെ ഡോ കെ എൽ സുരേഷ്‌കുമാർ, ഡോ ബി എസ്  സുനിൽകുമാർ, ഡോ എൽ എസ് ജ്യോതിഷ്, ഡോ സാനു വിജയൻ, ഡോ വി അഭിഷേക്, സർജിക്കൽ ഗ്യാസ്‌ട്രോ വിഭാഗത്തിലെ  ഡോ രമേശ് രാജൻ ,  ഡോ സുഭാങ്കർ സാഹ,  ഡോ റിസ്‌വാൻ, യൂറോളജി  വിഭാഗത്തിൽ  നിന്നും  ഡോ പി ആർ സജു, ഡോ കെ പി നിർമ്മൽ.    അനസ്തേഷ്യ വിഭാഗത്തിലെ ഡോ ഉഷാകുമാരി, ഡോ ജയചന്ദ്രൻ, നഴ്‌സുമാരായ  മായ, മാലിനി, സിബി, ശ്രീലേഖ, ഫ്ലോറ, ഷീജ, സയന്റിഫിക് അസിസ്റ്റന്റ് റെസ്‌വി, നിസ, അനതേഷ്യാ ടെക്‌നിഷ്യൻ സുധീഷ്,തീയറ്റർ സ്റ്റാഫ് പ്രതീഷ്, വിഷ്ണു, നിബിൻ എന്നിവരുടെ സംയുക്ത പരിശ്രമമായിരുന്നു ഈ ശസ്ത്രക്രിയയുടെ വിജയത്തിന് നിദാനം.

തീവ്രപരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റിയ രോഗിയെ ചിട്ടയോടുള്ള ഫിസിയോതെറാപ്പിക്കുശേഷം കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തു. നട്ടെല്ലിന്റെ എല്ലാവിധ രോഗങ്ങൾക്കുമായുള്ള സ്പയിൻ സ്പെഷ്യാലിറ്റി ക്ലിനിക്ക് എല്ലാ വ്യഴാഴ്ചകളിലും മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്നുണ്ട്.