അമ്മ ചിരിച്ചാൽ കുഞ്ഞും ചിരിക്കും 


MARCH 30, 2021, 10:56 AM IST

 നിങ്ങൾ അമ്മയാകാൻ ഒരുങ്ങുകയാണോ? എങ്കിൽ അനാവശ്യമായ ഉല്‍ക്കണ്ഠകളും മാനസിക സമ്മര്‍ദ്ദങ്ങളും ഒഴിവാക്കുക. പ്രസവത്തിനു മുൻപ് സ്ത്രീ അനുഭവിക്കുന്ന എല്ലാ സമ്മര്‍ദ്ദങ്ങളും കുട്ടിയില്‍ പിന്നീട് സ്വാധീനം ചെലുത്തും.

മാതാപിതാക്കളാകാന്‍ തയ്യാറെടുക്കുന്നവര്‍ക്കുണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ രണ്ടു വയസ്സുള്ള കുട്ടികളില്‍ വൈകാരികവും പെരുമാറ്റപരവുമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി പഠനം. കുട്ടികളുടെ പെരുമാറ്റരീതികള്‍ മെച്ചപ്പെടുത്തുന്നതിനായി ഗര്‍ഭകാലത്തിനു മുമ്പും ഗര്‍ഭകാലത്തും അതിനുശേഷവും മാതാപിതാക്കളെ സഹായിക്കേണ്ട ആവശ്യകതയാണതില്‍ ഉയര്‍ത്തിക്കാട്ടുന്നത്.ആദ്യമായി മാതാപിതാക്കളാകുന്ന 438 അമ്മമാരുടെയും പിതാക്കന്മാരുടെയും പ്രസവത്തിനു മുമ്പും ശേഷവുമുള്ള പെരുമാറ്റരീതികള്‍ 14 മാസവും 24 മാസവും പ്രായമായ കുട്ടികളില്‍ എന്ത് സ്വാധീനമുണ്ടാക്കിയെന്നതായിരുന്നു പഠനം.

ആദ്യമായി അമ്മമാരായവര്‍   പ്രസവത്തിനുമുമ്പുണ്ടായിരുന്ന സമയത്ത് അനുഭവിച്ച ക്ഷേമം രണ്ടുവയസ്സാകുമ്പോഴേക്കും അവരുടെ മക്കളുടെ പെരുമാറ്റത്തില്‍ പ്രതിഫലിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. പ്രസവകാലത്തിനു മുമ്പ് അമ്മമാര്‍ അനുഭവിച്ച ഉല്‍ക്കണ്ഠയും മാനസിക സമ്മര്‍ദ്ദങ്ങളും അവരുടെ മക്കളില്‍ വഴക്കടിക്കുന്ന സ്വഭാവം, അസ്വസ്ഥത, പക തുടങ്ങിയ പെരുമാറ്റപ്രശ്‌നങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നതിന്  ഇടയാക്കുന്നു.പ്രസവാനന്തരവും മാതാപിതാക്കള്‍ തമ്മില്‍ അസന്തുഷ്ടരായി കഴിയുകയോ വഴക്കുകൂടുകയോ ചെയ്യുന്നതും രണ്ടു വയസ്സുള്ള കുട്ടികളില്‍ വൈകാരിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും കണ്ടെത്തി.

വളരെക്കാലമായി ആദ്യമായി പിതാക്കന്മാരാകുന്നവരുടെ അനുഭവങ്ങള്‍ അവഗണിക്കപ്പെടുകയോ അല്ലെങ്കില്‍ അമ്മമാരുടേതില്‍ നിന്നും വേറിട്ട് കാണുകയോ ചെയ്യുന്ന പ്രവണതയാണുണ്ടായിരുന്നത്. എന്നാല്‍ ഇത് മാറണമെന്നും അമ്മമാരുമായും പിതാക്കന്മാരുമായും കുട്ടികള്‍ക്ക് ആദ്യകാലത്തുണ്ടാകുന്ന ബന്ധങ്ങളില്‍ അനുഭവപ്പെടുന്ന പ്രയാസങ്ങള്‍ അവരില്‍ ദീര്‍ഘകാലസ്വാധീനമുണ്ടാകുമെന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്.