ലീനാ തോമസ്
ഫാര്‍മസിസ്റ്റ്, കാനഡ
'ഈയിടെയായി രക്തസമ്മര്‍ദ്ദം നേരത്തേതിനേക്കാള്‍ കൂടിയിട്ടുണ്ട് സന്തോഷിന്. മരുന്നുകഴിക്കണമെന്നു പറയുമ്പോഴൊക്കെ പിന്നത്തേക്കു മാറ്റിവെക്കുന്നതെന്തിനാണ്? ഇങ്ങനെപോയാല്‍ ശരിയാവില്ല, മരുന്നുകഴിച്ചുതുടങ്ങുന്നതാണ് നല്ലതെന്നെനിക്കു തോന്നുന്നു'
പരിശോധനക്കുശേഷം ഡോക്ടര്‍ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു.
വ്യായാമം ചെയ്യാം, പിന്നെ ഉപ്പും കുറച്ചുനോക്കാം. സമ്മര്‍ദ്ദം എന്റെ വരുതിയിലാക്കാന്‍ പറ്റുമോന്നു ഞാനൊന്നു ശ്രമിച്ചുനോക്കട്ടെ ഡോക്ടര്‍. ഇപ്പോള്‍ എന്നും വ്യായാമം ചെയ്യുന്നുണ്ട്. ഒരുപക്ഷേ ഉപ്പുകൂടി കുറച്ചുനോക്കിയാല്‍ ശരിയായാലോ. ഒരിക്കല്‍ മരുന്നു കഴിച്ചുതുടങ്ങിയാല്‍പ്പിന്നെ നിര്‍ത്താന്‍ പറ്റില്ലല്ലോ'.ഡോക്ടര്‍ സന്തോഷിന്റെ അഭിപ്രായത്തെ മാനിച്ചുകൊണ്ടു തുടര്‍ന്നു. 'ശരി, രണ്ടാഴ്ച ഇതെല്ലാം പരീക്ഷിച്ചുനോക്കാനുള്ള സമയം തരാം. അതുകഴിഞ്ഞു എന്നെ വന്നുകാണണം'
'ശരി ഡോക്ടര്‍'. എന്നുപറഞ്ഞു പിരിഞ്ഞിട്ട് സന്തോഷ് വ്യായാമം നന്നായിത്തന്നെ തുടര്‍ന്നു. വീട്ടിലെ പാചകത്തില്‍ ഉപ്പു വളരെ കുറക്കുകയും ചെയ്തു.
പക്ഷെ, രണ്ടാഴ്ച വളരെ ആല്‍മാര്‍ത്ഥമായിത്തന്നെ പരിശ്രമിച്ചെങ്കിലും വീണ്ടും ഡോക്ടറിന്റെ പരിശോധനയില്‍ സന്തോഷിന്റെ രക്തസമ്മര്‍ദ്ദം 157/110 എന്നതില്‍ത്തന്നെയായിരുന്നു. ഡോക്ടര്‍ ചോദിച്ചു.
'രാത്രിയില്‍ കൂര്‍ക്കം വലിക്കുന്നുണ്ടോ?'
ഭാര്യയാണ് മറുപടി പറഞ്ഞത് ' ഉണ്ട് ഡോക്ടര്‍, ചിലപ്പോള്‍ ശ്വാസം നിന്നുപോകുന്നതുപോലെ തോന്നിയിട്ട് ശ്വാസംവലിച്ചു തുടങ്ങുംവരെ ഞാന്‍ സകല ഈശ്വരന്‍മാരേയും വിളിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ട് നോക്കിയിരിക്കും.
'അപ്പോള്‍ എന്തായാലും നമുക്കൊരു 'സ്ലീപ് സ്റ്റഡി' (sleep study) ചെയ്തുനോക്കണം. ഇപ്പോള്‍ പ്രഷറിനു മരുന്നു കഴിച്ചുതുടങ്ങാം. ഉറക്കത്തില്‍ ഏതാനും നിമിഷത്തേക്ക് ശ്വാസം നിലച്ചുപോകുന്ന അവസ്ഥയാണ് സ്ലീപ് അപ്‌നിയ (Sleep apnea). ഇതിന്റെ ലക്ഷണമാണ് കൂര്‍ക്കംവലി (snoring). sleep apnea, snorin-g എന്നീ രണ്ടുവാക്കുകള്‍ക്കും കൂര്‍ക്കംവലി എന്നാണ് മലയാളത്തില്‍ പറയാവുന്നത്. പേടിപ്പിക്കാനല്ല, ശ്രദ്ധിക്കാന്‍ വേണ്ടിയാണ് പറയുന്നത്. കൂര്‍ക്കംവലിക്കുന്ന എല്ലാവര്‍ക്കും ഈ ശ്വാസതടസ്സം ഉണ്ടാകണമെന്നില്ല. അതിനാണ് സ്ലീപ് സ്റ്റഡി ചെയ്തു നോക്കുന്നത്.
ശ്വാസച്ഛ്വാസത്തിലുള്ള പലതരം ക്രമക്കേടുകൊണ്ടാണ് കൂര്‍ക്കംവലി എന്ന ലക്ഷണം കാണുന്നത്. ഇത് ഉറക്കത്തിനിടയില്‍ സംഭവിക്കുന്നതുകൊണ്ട് നാമിത് അറിയാതെപോകും, ആരും ഇതത്ര കാര്യമായെടുക്കുന്നതുമില്ല. പക്ഷേ ശ്രദ്ധിക്കണം. കാരണം, ഉറക്കത്തിനിടയിലെ ശ്വാസതടസ്സം ശരീരത്തില്‍ ഓക്‌സിജന്റെ അളവില്‍ കാര്യമായ കുറവുണ്ടാക്കുമെന്നു മാത്രമല്ല അതുമൂലം രക്തസമ്മര്‍ദ്ദമുണ്ടാക്കുകയും ഒപ്പം, ഹൃദയത്തെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യും. അതുകൊണ്ട് രക്തസമ്മര്‍ദ്ദത്തെ വരുതിയിലാക്കുക എന്നതാണ് ആദ്യപടി. നല്ല മരുന്നാണ് കുറിച്ചിരിക്കുന്നത്, ഇന്നുതന്നെ തുടങ്ങുക. ഒപ്പം മറ്റുടെസ്റ്റുകള്‍ക്കൂടി ചെയ്താല്‍ ശ്വാസംതടസ്സം മാറ്റാനുള്ള വഴികളും നോക്കാം.' ഡോക്ടര്‍ മരുന്നുകുറിച്ചുകൊണ്ട് പറഞ്ഞു.
ശരി ഡോക്ടര്‍, കൂര്‍ക്കംവലിക്ക് ഇത്ര പ്രാധാന്യമുണ്ടെന്നറിയില്ലായിരുന്നു. അപ്പോ ഇനിമുതല്‍ വ്യായാമം ചെയ്യേണ്ടല്ലോ...രക്ഷപെട്ടു' എന്നു പറഞ്ഞ സന്തോഷിനോട് ഡോക്ടര്‍ തുടര്‍ന്നു.
'രാവിലെ തലവേദനതോന്നുന്നത് ശരീരത്തിലാവശ്യത്തിന് ഓക്‌സിജന്‍ കിട്ടാത്തതിന്റേയും കൂടിയ പ്രഷറിന്റെയുമൊക്കെ അനന്തരഫലമാണ്. തല്‍ക്കാലം കാര്യം മനസ്സിലാക്കി മരുന്നു കഴിച്ചാല്‍ മതി. പക്ഷേ വ്യായാമം നിര്‍ത്തരുത്. ഒരു നല്ല ശീലമല്ലേ. മരുന്നിനുപുറമേ ശരീരത്തിന്റെ എല്ലാ ഭാഗത്തും ഓക്‌സിജന്‍ കിട്ടാനും രക്തസമ്മര്‍ദ്ദം നന്നായി നിലനിര്‍ത്താനും അതു വളരെ പ്രയോജനം ചെയ്യും. വ്യായാമത്തോടൊപ്പം മരുന്നുകഴിക്കുമ്പോഴാണ് അത് പ്രയോജനപ്പെടുന്നത്'.
ഡോക്ടര്‍ ടെസ്റ്റിനുകുറിച്ചുകൊണ്ട് രണ്ടുപേരെയും യാത്രയാക്കി.?
നാമെല്ലാം വളരെ നിസ്സാരമായി കാണുന്ന ഒന്നാണ് കൂര്‍ക്കംവലി. അതു കൊണ്ടുതന്നെയാവാം അതിന്റെ അനന്തരഫലങ്ങള്‍ നമുക്കറിയാതെപോകുന്നതും കൂര്‍ക്കംവലിയെപ്പറ്റി ശ്രദ്ധിക്കാത്തതും. അടുത്തുകിടക്കുന്നയാളുടെ ഉറക്കം നഷ്ടപ്പെടുന്നു എന്നതിനപ്പുറം പൊതുവെ നാമിതിനെപ്പറ്റി ശ്രദ്ധിക്കാറെയില്ല. പക്ഷെ ശ്രദ്ധിക്കാനേറെയുണ്ട്.
ക്ഷീണം, തലവേദന, ഒന്നും ചെയ്യാനില്ലാത്തപ്പോഴോ മറ്റുപലപ്പോഴും വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ പോലുമോ ഉറങ്ങിപ്പോകുക, സ്വഭാവത്തില്‍പ്പോലും മാറ്റങ്ങള്‍ വരുക ( ഉദാ: പ്രകോപിച്ചോ ക്ഷോഭിച്ചോ പെരുമാറുക, ആശങ്ക, നിരാശ എന്നിവയൊക്കെ സാധാരണയില്‍ കവിഞ്ഞുതോന്നുക), ഓര്‍മ്മക്കുറവ്, പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാകാതെ വരുക എന്നിവ മുതല്‍ രക്തസമ്മര്‍ദ്ദം, പക്ഷാഘാതം എന്നിവവരെ ഇതിന്റെ പ്രത്യാഘാതങ്ങളാണ്.