ദേഷ്യക്കാരീ....... നിനക്ക്  തൈറോയിഡിന്റെ പ്രശ്‌നമുണ്ടോ..


OCTOBER 17, 2019, 10:52 AM IST

സംഗമം മരുന്നറിവുകള്‍

ലീനാ തോമസ് കാപ്പന്‍

--------------------

പുറത്ത് ചിന്തയിലാണ്ടിരിക്കുന്ന ത്രേസ്യാചേട്ടത്തിയെ ഫാര്‍മസിസിറ്റ് ബെറ്റി കൗണ്‍സിലിങ്ങ് റൂമിലേക്ക് വിളിച്ചു.

'എന്തു പറ്റി ചേട്ടത്തി'.

'ഞാനാകെ സങ്കടത്തിലാണ് മോളെ. എന്റെ രണ്ടാമ്പിള്ളേരുടേം ഭാര്യമാര്‍ എനിക്ക് തങ്കക്കുടങ്ങളാ... പെങ്കുട്ടികളില്ലാത്ത സങ്കടങ്ങളൊക്കെ തീര്‍ന്നുകിട്ടിയത് ഈ പെങ്കുട്ടികള് വന്നുചേര്‍ന്നതില്‍പ്പിന്നെയാണ്. തൈറോയിഡിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞാണ് എന്റെ കൊച്ച് മരുന്നു കഴിച്ചു തുടങ്ങിയത്. ഒന്നു രണ്ടുമാസായിട്ടും ഒരു മാറ്റവുമില്ല.

''ഒട്ടും ദേഷ്യമില്ലായിരുന്ന ഒരു കുട്ടിയായിരുന്നു എന്റെ ആനിമോള്. പെട്ടെന്ന് ദേഷ്യം വരിക എന്നുള്ളതാണ് എനിക്കേറ്റവും പ്രധാനമായി തോന്നിയ ഒരു കാര്യം. ദേഷ്യപ്പെട്ട് കഴിഞ്ഞ് കുറച്ചു കഴിയുമ്പോള്‍ എനിക്ക് ദേഷ്യം നിയന്ത്രിക്കാന്‍ പറ്റുന്നില്ല എന്നു പറഞ്ഞ് സങ്കടപ്പെടും.

എന്നോട് ദേഷ്യപ്പെട്ടാല്‍ എനിക്കൊരു കുഴപ്പവും ഇല്ല. എനിക്കവളെ നന്നായി അറിയാം. ഞങ്ങള്‍ നല്ല ഒരു കെമിസ്റ്റ്രിയാണ് '

.'ഒന്നു രണ്ടു പ്രാവശ്യമായിട്ട് പ്രഷര്‍ ഒരുപാട് കുറഞ്ഞൂന്ന് പറഞ്ഞ് ഹോസ്പിറ്റലില്‍ കൊണ്ടുപോയി ഡ്രിപ് ഇടുന്നു. ജോലി സ്ഥലത്ത് എ.സി മുറിയില്‍ ഇരിക്കുമ്പോള്‍ തണുപ്പ് സഹിക്കാന്‍ പറ്റില്ലെന്നു പറഞ്ഞ് ആ കമ്പിളി ഉടുപ്പുകൊണ്ടാണ് പോകുന്നത്. പിന്നെ വയറ്റില്‍ പ്രശ്‌നമാണെന്നും പറഞ്ഞ് ഓരോ പൊടിയൊക്കെ കലക്കി കുടിക്കും.

മലബന്ധമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വെറുതെ വണ്ണം വെക്കുന്നൂന്ന് പറഞ്ഞ് ഒന്നും കഴിക്കാതായി. രാത്രി ഒറക്കമില്ല.

ഓടിപ്പാഞ്ഞ് നടന്നിരുന്ന കൊച്ച് ഒരുത്സാഹവുമില്ലാത്തെ ചടഞ്ഞുകൂടി കിടപ്പാണ്.  എന്റെ കൊച്ചാകെ മാറിപ്പോയി.

'ലക്ഷണങ്ങള്‍ വെച്ചു നോക്കുമ്പോള്‍ തൈറോയിഡ് എന്ന ഹോര്‍മോണിന്റെ കുറവിനാണ് ആനി മരുന്നു കഴിക്കുന്നത്. ആനി ഈ മരുന്ന് എങ്ങനെയാണ് കഴിക്കുന്നതെന്ന് ത്രേസ്യാച്ചേടത്തി ഒന്നു നിരീക്ഷിക്കണം'.

'ഓ അതെന്നാ നിരീഷിക്കാനാ.

ബ്രേക്ക്ഫാസ്റ്റ് കഴിച്ചൂന്ന് വരുത്തി,  ജോലിക്കു പോകാനിറങ്ങുമ്പോള്‍ മരുന്നു കഴിച്ചോന്ന് ഞാനോര്‍പ്പിച്ചാല്‍ ഒരു കവിള്‍ വെള്ളത്തിന്റെ കൂടെ തത്രപ്പെട്ടങ്ങു വിഴുങ്ങിയേച്ചുപോകും.

ഈ മരുന്നിനെന്നതാ ഇത്ര പ്രത്യേകത?'

'ഒഴിഞ്ഞ വയറ്റില്‍ ഒരു കപ്പ് വെള്ളത്തിന്റെ കൂടെ വേണം മരുന്നു കഴിക്കാന്‍. രാവിലെ കഴിക്കുന്നതാണ് ഉത്തമം. വൈകുന്നേരമോ ഭക്ഷണത്തിന്റെ കൂടെയോ ഒക്കെ കഴിക്കുന്നവരുണ്ട്. പ്രത്യേകിച്ച് പ്രായമായവരോടൊക്കെ വെറുംവയറ്റില്‍ കഴിക്കണമെന്ന് ഞങ്ങള്‍ നിര്‍ബന്ധന വെക്കാറില്ല.

പേഷ്യന്റ് ഫ്രണ്ട്‌ലി ആകാനാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശം. പക്ഷേ ഭക്ഷണത്തിന്റെ കൂടെയാണ് കഴിക്കുന്നതെങ്കില്‍ എല്ലാ ദിവസവും അങ്ങനെ തുടരണം. വെറും വയറ്റിലാണെങ്കില്‍ അതു തന്നെ തുടരണം എന്നേയുള്ളൂ'

.'ഒരു പ്രധാനപ്പെട്ട ചോദ്യമുണ്ട്. ഈ മരുന്ന് വെറും വയറ്റില്‍ കഴിക്കണമെന്ന് പറയുമ്പോള്‍ രാവിലെ എഴുന്നേക്കുമ്പോള്‍ ഇതങ്ങു കഴിക്കുകയാണെന്ന് സങ്കല്‍പ്പിക്കുക. ആ മരുന്നും വെള്ളവും കൂടി ആദ്യം ചെല്ലുന്നത് വെറുംവയറ്റിലാണല്ലോ. അതുകഴിഞ്ഞ് ഒരു ചായ കുടിക്കാമല്ലോ?

അങ്ങനെയാ എന്റെ നാത്തൂന്റെ ഒരു തിയറി'.

'ഇതെന്നാ ത്രേസ്യാചേട്ടത്തി, റ്റിന്റുമോന്റെ ഭൂതം കൂടിയതു പോലെ സംസാരിക്കുന്നത്?

നമ്മളെന്തിനാ ഈ ഒഴിഞ്ഞ വയറ്റില്‍ കഴിക്കണമെന്നൊക്കെ പറയുന്നത്? ഈ മരുന്ന് നമ്മുടെ ശരീരം ഉത്പാദിപ്പിക്കുന്ന ഹോര്‍മോണിന്റെ അതേ രാസപ്രതിരൂപമാണ്. അതിന്റെ  ആഗിരണം നന്നായി നടക്കുന്നത് ഒഴിഞ്ഞവയറ്റില്‍ ഒരുഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തിന്റെ കൂടെ കഴിക്കുമ്പോഴാണ്. എന്നുവെച്ചാല്‍ ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുമ്പും ഭക്ഷണം കഴിച്ചാല്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞുമുള്ള അവസ്ഥയാണ്  'ഒഴിഞ്ഞ വയറ്' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

പാല്‍, പാലുത്പന്നങ്ങള്‍ മറ്റു കാത്സ്യം അടങ്ങിയ  ഭക്ഷണങ്ങളിലെ  കാത്സ്യം ഇതുമായി കൂടിച്ചേര്‍ന്ന് തൈറോയ്ഡ് ഹോര്‍മോണിന്റെ ആഗിരണത്തെ തടസപ്പെടുത്തും. പിന്നെ അലുമിനിയവും മഗ്‌നീഷ്യവും അടങ്ങിയ വയറ്റിലെ അസിഡിറ്റിക്കെതിരെ ഉപയോഗിക്കുന്ന അന്റാസിഡുകളും തൈറോയ്ഡ് ഹോര്‍മോണിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തും. അതുകൊണ്ട് ഇവയൊക്കെ നാലു മണിക്കൂറെങ്കിലും കഴിഞ്ഞേ കഴിക്കാവൂ.ഒരു കാര്യം ചോദിക്കട്ടെ ചേട്ടത്തി. വീട്ടില്‍ അയൊഡൈഡ് ചേര്‍ന്ന ഉപ്പാണോ ഉപയോഗിക്കുന്നത്?'

'അയൊഡിന്‍ ചേര്‍ന്ന ഉപ്പ് നല്ലതാണെന്നു പറഞ്ഞല്ലേ അതു ചേര്‍ത്ത് ഉപ്പുണ്ടാക്കുന്നത്. അപ്പോള്‍ നമ്മള്‍ പ്രോത്സാഹിപ്പിക്കണ്ടേ?

'ചേട്ടത്തി ഒന്നും അങ്ങനെ കണ്ണും പൂട്ടി വിശ്വസിക്കരുത്.

ശരാശരി 45 മില്ലി ഗ്രാം അയൊഡിനാണ് ഒരു കിലോ ഗ്രാം ഉപ്പിലുള്ളത്. പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന് ഒരു ദിവസം വേണ്ടത് 150 മൈക്രോഗ്രാം അയൊഡിനാണ്., ഇത് വളരെ ചെറിയ അളവാണ്. ഒരു ടീസ്പൂണിന്റെ പകുതിയോ മുക്കാലോ ഭാഗം ഉപ്പില്‍നിന്ന് നമുക്കാവശ്യമുള്ള അയിഡിന്‍ ലഭ്യമാണ്.

അയൊഡിന്‍ ഇതില്‍ക്കൂടുതലായാല്‍ അത് തൈറോയിഡിന്റെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കും. അയൊഡിന്‍ ചേര്‍ത്ത ഉപ്പിനു പുറമെ മറ്റ് ആഹാരപദാര്‍ത്ഥങ്ങളില്‍ നിന്നും അയൊഡിന്‍ ശരീരത്തിലെത്തുന്നുണ്ട്. ശരീരം ഒരുപരിധിവരെ ഈ കൂടിയ അളവിനെ കൈകാര്യം ചെയ്യും. പക്ഷേ പരിധി കഴിഞ്ഞാല്‍ ചിലപ്പോള്‍ പലരീതിയില്‍ പ്രതികരിക്കും.

ഞാന്‍ അയൊഡിന്‍ ചേര്‍ത്ത ഉപ്പ് സ്ഥിരമായി ഉപയോഗിക്കുന്നത് നിര്‍ത്തിയിട്ട് നാളുകളായി. ഊണുമേശപ്പുറത്ത് മാത്രം വെച്ചുപയോഗിക്കും.

അടുക്കളയില്‍ സാധാരണ ഉപ്പാണ് ഉപയോഗിക്കുന്നത്'.

'ചേട്ടത്തി വിഷമിക്കേണ്ട. ആനിയെ ഞാന്‍ വന്നുകണ്ട് ഇതെല്ലാം പറഞ്ഞ് മനസ്സിലാക്കിപ്പിച്ചുകൊള്ളാം. എല്ലാം ശരിയാകും. എന്നെ വിശ്വസിക്ക്'

ബെറ്റിയുടെ വാക്കുകള്‍ ത്രേസ്യച്ചേട്ടത്തിയുടെ മനസില്‍ ആശ്വാസത്തിന്റെ തെന്നലായി...