കൊറോണ വൈറസ് വ്യാപനത്തിന് പല വഴികൾ


OCTOBER 20, 2020, 10:26 AM IST

 

സാർസ് കോ വി-2  വൈറസുകൾ "വലിയ കരുത്തന്മാർ" ആണെന്ന് പഠനം. കറൻസി നോട്ടുകൾ, ഗ്ലാസ്, ടച്ച് സ്‌ക്രീനുകളുള്ള മൊബൈൽ ഫോൺ പോലുള്ള ഉപകരണങ്ങൾ, വാതിലുകൾ വലിച്ചു തുറക്കുന്നതിനുള്ള കൈപ്പിടികൾ, കൈവരികൾ തുടങ്ങിയ പ്രതലങ്ങളിൽ പുതിയ കൊറോണ വൈറസുകൾ 28 ദിവസം വരെ സാംക്രമിക ഭീഷണി ഉയർത്തി നിലകൊള്ളുമെന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞർ പറയുന്നത്. 

ഓസ്‌ട്രേലിയയിലെ പ്രമുഖ ജൈവ സുരക്ഷാ ലാബായ ഓസ്‌ട്രേലിയൻ സെന്റർ ഫോർ ഡിസീസ് പ്രിപ്പേഡ്‌നെസ് എന്ന ലാബ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. പഠനഫലം വൈറോളജി ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഒരു മുറിക്കുള്ളിൽ സാധാരണ ഉണ്ടാകാറുള്ള 20 ഡിഗ്രി സെൽഷ്യസ് (68 ഡിഗ്രി ഫാരൻഹീറ്റ്‌) എന്ന താപനിലയിലാണ് ഇത്രയും കാലം വൈറസുകൾ ജീവിക്കുക. ഫ്ലൂ വൈറസുകൾ 17 ദിവസങ്ങൾ മാത്രമേ ഇത്തരം അന്തരീക്ഷത്തിൽ നിലനിൽക്കുകയുള്ളൂ. 

40 ഡിഗ്രി സെൽഷ്യസിൽ ചില പ്രതലങ്ങളിൽ വൈറസുകൾ ഒരു ദിവസത്തിൽ കുറഞ്ഞ സമയം മാത്രമേ  നിലനിൽക്കുകയുള്ളൂ. തണുത്ത കാലാവസ്ഥയിൽ കൊറോണ വൈറസുകൾ കൂടുതൽ സമയം നിലനിൽക്കുമെന്നാണ് ഇത് കാണിക്കുന്നത്. വേനൽക്കാലത്തെ അപേക്ഷിച്ച് ശൈത്യകാലത്ത് വൈറസിനെ നിയന്ത്രിക്കുക പ്രയാസമായിരിക്കുമെന്നാണ് ഇത് നൽകുന്ന സൂചന. മഹാമാരിയുടെ വ്യാപനം, അതിനെ ഇല്ലാതെയാക്കൽ എന്നിവ കൂടുതൽ കൃത്യമായി പ്രവചിക്കാൻ ഈ പഠനം സഹായിക്കും. 

കൈകളും പ്രതലങ്ങളും  കൂടെക്കൂടെ ശുചിയാക്കേണ്ടതിന്റെ ആവശ്യകത പഠനം വെളിപ്പെടുത്തുന്നു. 

രോഗ ബാധിതരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസുകൾ പടർന്നു പിടിക്കുന്നത്. രോഗിയായ ആൾ ചുമയ്ക്കുക, തുമ്മുക, സംസാരിക്കുക, പാട്ടുപാടുക, ശ്വസിക്കുക എന്നിങ്ങനെയുള്ള പ്രവൃത്തികൾ ചെയ്യുമ്പോൾ പുറത്തേക്കു വരുന്ന സ്രവങ്ങളിലൂടെ   വൈറസ് പടരുന്നു. ഇവ പ്രതലങ്ങളെ മലിനമാക്കുന്നതിലൂടെയും രോഗം പടരുന്നതിനുള്ള സാധ്യത കൂടുതലാണ്. 

തണുത്ത കാലാവസ്ഥയിൽ ഒരു ഡസനോളം പ്രതലങ്ങളിൽ കൊറോണ വൈറസ് 5 മുതൽ 7 ഇരട്ടിവരെ കൂടുതൽ  സമയം നിലനിൽക്കും. വേനൽക്കാലത്തെ  സാധാരണ താപനിലയുടെയും അന്തരീക്ഷോഷ്മാവിന്റെയും സാഹചര്യങ്ങളിൽ നിലനിൽക്കുന്നതിനെ അപേക്ഷിച്ച് വസന്ത-ശരത്കാലങ്ങളിൽ കുറഞ്ഞ സമയം മാത്രമേ വൈറസുകൾ നിലനിൽക്കുകയുള്ളൂ. ഇതെല്ലാം കൊണ്ട് ശൈത്യകാലത്ത് ഉത്തരാർദ്ധ ഗോളത്തിൽ കോവിഡ് 19 നിയന്ത്രിക്കുക പ്രയാസമായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

തുണി പോലെയുള്ള സുഷിരങ്ങൾ നിറഞ്ഞ പ്രതലത്തെക്കാൾ സുഷിരങ്ങളില്ലാത്തതും മിനുസമുള്ളതുമായ പ്രതലത്തിലാണ് വൈറസുകൾ  കൂടുതൽ സമയം നിലനിൽക്കുകയെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. സൂര്യരശ്മികൾ വൈറസിനെ വേഗതയിൽ നിർവീര്യമാക്കുമെന്നതിനാൽ അൾട്രാ വയലറ്റ് രശ്മികൾ കടക്കാത്ത ഇരുട്ടത്തായിരുന്നു പഠനം നടത്തിയത്. 

വിവിധ പ്രതലങ്ങളിൽ വിവിധ താപനിലകളിൽ വൈറസുകളുടെ സാന്നിധ്യം 90% കുറയുന്നതിന് എടുത്ത സമയം വ്യത്യസ്തമായിരുന്നു. സ്റ്റെയ്ൻലെസ്സ് സ്റ്റീലിൽ 20  ഡിഗ്രി സെൽഷ്യസിൽ  5.96 ദിവസങ്ങളും 30 ഡിഗ്രി സെൽഷ്യസിൽ 1.74 ദിവസവും 40  ഡിഗ്രി സെൽഷ്യസിൽ 4.86 മണിക്കൂറുകളുമാണ് അതിനായെടുത്തത്.

പോളിമെർ കറൻസികളിൽ   ഇത് യഥാക്രമം  6.85 ദിവസങ്ങളും 2.04 ദിവസങ്ങളും 4.78 മണിക്കൂറുകളുമായിരുന്നു. പേപ്പർ കറൻസികളിൽ  9.13 ദിവസങ്ങൾ, 4.32 ദിവസങ്ങൾ, 5.39 മണിക്കൂറുകൾ എന്നിങ്ങനെയായിരുന്നു സ്ഥിതി. ഗ്ലാസ് പ്രതലങ്ങളിൽ 6.32 ദിവസങ്ങൾ, 1.45 ദിവസങ്ങൾ, 6.55 മണിക്കൂറുകൾ എന്നിങ്ങനെയായിരുന്നു.

വോൾ പേപ്പറുകൾക്കും മറ്റും ഉപയോഗിക്കുന്ന വിനൈലിൽ രോഗാണുക്കൾ അപ്രത്യക്ഷമാകാൻ യഥാക്രമം  6.34 ദിവസങ്ങളും 1.4 ദിവസങ്ങളും 9.9 മണിക്കൂറുകളുമെടുത്തു. തുണിയിൽ ഇത് യഥാക്രമം 5.57 ദിവസങ്ങളും 1.65 ദിവസങ്ങളുമെടുത്തപ്പോൾ 40 ഡിഗ്രി സെൽഷ്യസിൽ ഒന്നും തന്നെ കാണാനായില്ല. 

വൈറസ് പരത്തുന്നതിൽ പ്രതലങ്ങൾ വഹിക്കുന്ന പങ്ക്, പ്രതലങ്ങളുമായുള്ള സമ്പർക്കത്തിന്റെ തോത്, പടർന്നു പിടിക്കുന്നതിനായി ആ പ്രതലങ്ങളിൽ എത്രയളവിൽ വൈറസുകൾ ഉണ്ടാകണമെന്നത്, പ്രതലങ്ങളിൽ വൈറസുകൾ എത്രത്തോളം അതിജീവിക്കുമെന്നതൊക്കെ വലിയ സമ്പർക്ക സാധ്യതയുള്ള മേഖലകളിൽ രോഗനിർവ്യാപനത്തിനുള്ള തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുന്നതിൽ നിർണ്ണായകമാണ്. 

ഗ്ലാസ് പ്രതലങ്ങളിലുള്ള വൈറസുകളുടെ നിലനിൽപ്പ് പ്രധാനപ്പെട്ട ഒരു കണ്ടെത്തലാണ്. മൊബൈൽ ഫോണുകൾ, ബാങ്ക് എടിഎമ്മുകൾ, സൂപ്പർ മാർക്കറ്റുകളിലെ  സെൽഫ്  സർവീസ് ചെക് ഔട്ടുകൾ, വിമാനത്താവളങ്ങളിൽ ചെക്ക് ഇൻ കിയോസ്‌ക്കുകൾ എന്നിവയൊക്കെ മനുഷ്യരുടെ കരസ്പർശം കൂടുതലുള്ള പ്രതലങ്ങളെന്നു മാത്രമല്ല അവ കൃത്യമായി ശുചീകരിക്കാത്തവയുമാണ് എന്നതിനാൽ സാർസ് കോ വി -2 വൈറസുകളുടെ വ്യാപനത്തിന്റെ അപകടസാധ്യത വർധിപ്പിക്കുന്നു.

കാലാകാലങ്ങളിൽ ഉണ്ടാകുന്ന ഫ്ലൂ വൈറസുകളെക്കാൾ കൂടുതൽ സമയം സാർസ് കോ വി-2 വൈറസുകൾ ബാങ്ക് നോട്ടുകളിൽ തങ്ങിനിൽക്കുന്നുവെന്നത് വ്യക്തികൾ തമ്മിലും വിവിധ പ്രദേശങ്ങൾ തമ്മിലും  നടക്കുന്ന നോട്ടുകളുടെ അടിക്കടിയുള്ള  വിനിമയം കണക്കിലെടുക്കുമ്പോൾ വളരെ പ്രധാനപ്പെട്ട വസ്തുതയാണ്. 

സാർസ് കോ വി-2 വൈറസുകളെ ഒരു മഹാമാരിയായി പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ ചൈന പേപ്പർ കറൻസികൾ മുഖേന രോഗ വ്യാപനത്തിനുള്ള സാധ്യത കണക്കിലെടുത്ത് അവയെ അണുവിമുക്തമാക്കിയിരുന്നു. മഹാമാരിയെത്തുടർന്നു യുഎസും സൗത്ത് കൊറിയയും നോട്ടുകൾക്ക് ക്വാറന്റൈൻ ഏർപ്പെടുത്തുകയുണ്ടായി. 

തണുത്ത അന്തരീക്ഷത്തിൽ സ്റ്റെയ്ൻലെസ്സ് സ്റ്റീലിൽ കൊറോണ വൈറസുകൾ നിലനിൽക്കുന്നുവെന്നത്  കോവിഡ് 19 പൊട്ടിപുറപ്പെട്ടതിനെ ഇറച്ചി സംസ്കരണവും കോൾഡ് സ്റ്റോറേജുമായി  ബന്ധിപ്പിക്കുന്നതിനുള്ള ഒരു വിശദീകരണമാണ്‌. പുതിയതും ശീതീകരിച്ചതുമായ ഭക്ഷ്യവസ്തുക്കളിലും സാർസ് കോ വി 2 വൈറസുകൾ നിലനിൽക്കുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.