വൈറ്റമിന്‍ ഡി കുറഞ്ഞാല്‍.....


JANUARY 13, 2020, 3:55 PM IST

ലീന തോമസ് കാപ്പന്‍

ബെറ്റീ വൈറ്റമിന്‍ ഡി കുറവാണെന്ന് പറഞ്ഞ് ഡോക്ടര്‍ പ്രിസ്‌ക്രിപ്ഷന്‍ തന്നിട്ടുണ്ട്. ഈ മഞ്ഞുകാലത്തെങ്കിലും ഇത് കഴിക്കേണ്ടേ ത്രേസ്യാമ്മേ എന്നു ചോദിച്ചുകൊണ്ടായിരുന്നു ദേഷ്യം. കുറുപ്പടിയില്ലാതെ വില്‍ക്കാന്‍ വെച്ചിരിക്കുന്ന ഈ പുറത്തിരിക്കുന്ന വൈറ്റമിന്‍ ഡി കഴിച്ചാല്‍ പോരെ?

ത്രേസ്യാച്ചേട്ടത്തി  കാനഡയില്‍ മാത്രമല്ല വൈറ്റമിന്‍ ഡി കുറവുള്ളവരുള്ളത്. കഴിഞ്ഞ ദിവസം എന്റെ കസിന്‍ മനോജ്, വൈറ്റമിന്‍ ഡി കുറവാണ്, ഏതു വൈറ്റമിന്‍ ഡിയാണ് നല്ലതെന്നൊക്കെ ചോദിച്ച് നാട്ടില്‍നിന്ന് വിളിച്ചിരുന്നു. സൂര്യപ്രകാശമേറ്റാല്‍ പോരേന്നായിരുന്നു അവന്റെ ചോദ്യം.

ഞാന്‍ വൈറ്റമിന്‍ ഡി കുറവുള്ള അവനോടൊപ്പം. എന്റെ എല്ലാ പിന്തുണയും അവനുണ്ട്.  അവന്‍ ചോദിച്ചത് തികച്ചും ന്യായമാണ്. വെയിലുകൊണ്ടാല്‍ തീരുന്ന പ്രശ്‌നമല്ലേയുള്ളൂ.

ത്രേസ്യാച്ചേട്ടത്തി എന്തറിഞ്ഞിട്ടാണ് അവനോടൊപ്പം എന്നങ്ങ് പിന്തുണ പ്രഖ്യാപിക്കുന്നത്. കോട്ടും സൂട്ടും ഇട്ട് എയര്‍കണ്ടീഷനിലിരുന്നാല്‍ എങ്ങനെ വൈറ്റമിന്‍ ഡി കിട്ടുമെന്നാണ്. വെള്ളക്കാര്‍ ഇതൊക്കെ കഴിഞ്ഞ് ശരീരം വെയിലുകൊള്ളാന്‍ പാകത്തിലുള്ള ഉടുപ്പൊക്കെയിട്ട് വെയിലു കൊള്ളും.  അല്ലെങ്കില്‍  വൈറ്റമിന്‍ ഡി കഴിക്കും.   പിന്നെ ഇപ്പോഴത്തെ വെയില്‍ വിശ്വസിച്ചെങ്ങനെ കൊള്ളും. സ്‌കിന്‍ കാന്‍സറു  വരുമോന്നു പേടിക്കേണ്ടെ.

കറുത്ത തൊലിയില്‍ വെളുത്ത തൊലിയെ അപേക്ഷിച്ച് വൈറ്റമിന്‍ ഡി ഉത്പാദനം വളരെ കുറവാണെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. പിന്നെ തൊലിയിലെ വൈറ്റമിന്‍ ഡി ഉത്പാദനം പ്രായമായവരില്‍ യുവാക്കളെ അപേക്ഷിച്ച് എഴുപത്തഞ്ചു ശതമാനം കുറവാണത്രെ. സത്യമായും ഇത് ഞാന്‍ എന്നെത്തന്നെ ഉദ്ദേശിച്ചുപറഞ്ഞതാണേ...ത്രേസ്യാചേട്ടത്തി ചെറുപ്പമല്ലേ.

പിന്നെ ഈ മഞ്ഞത്ത് എവിടെപ്പോയാണ് വെയിലുകൊള്ളാന്‍ ഉദ്ദേശിക്കുന്നത്.?വൈറ്റമിന്‍ ഡി കുറഞ്ഞാലുണ്ടാകുന്ന ഭവിഷത്തുകളെപ്പറ്റി ഡോക്ടര്‍ പറഞ്ഞായിരുന്നോ?

ഇല്ല മോളെ. ശകാരം കഴിഞ്ഞിട്ട് അതിനൊന്നും സമയം കിട്ടിയില്ല. എല്ലാ മലയാളികളും ഒരേ കണക്കാണെന്നൊക്കെ പറഞ്ഞ് എല്ലാവര്‍ക്കും കൂടിയുള്ളത് വഴക്ക് എനിക്ക് തന്നുവിട്ടൂന്നാ തോന്നുന്നേ. ഞാനിങ്ങനെ ഹോള്‍സൈലായിട്ട് വാങ്ങാന്‍ ഇരിപ്പുണ്ടല്ലോ.എന്നാ ഇനി ഭവിഷ്യത്തുകളുടെ ലിസ്റ്റ് എഴുതിക്കോ

'എല്ലൊടിയും' ബെറ്റി ഗാംഭീര്യത്തോടെ പറയാന്‍ തുടങ്ങി.

ത്രേസ്യാച്ചേടത്തി അവളെയൊന്നു അമ്പരപ്പോടെ നോക്കി ചോദിച്ചു.

നീയെന്താ ഒരു കരുണയില്ലാതെ ഇതൊക്കെ പറയുന്നത്. ?

പിന്നെ ഞാനെങ്ങനെ പറയണം!

ഇവിടെയുള്ള ഏതുമലയാളിയോടും വൈറ്റമിന്‍ ഡി കഴിക്കുന്നുണ്ടോന്നു ചോദിച്ചാല്‍ വെയിലുകൊള്ളുന്നുണ്ട്, പാലിലില്ലേ ? മുട്ടയിലില്ലേ ?   എന്നൊക്കെ ചോദ്യമാണ്.

അന്‍പതുമുതല്‍  ഇരുനൂറുവരെ ഇന്റര്‍നാഷണല്‍ യൂണിറ്റാണ് വൈറ്റമിന്‍ ഡി ചേര്‍ത്ത് മാര്‍ക്കറ്റില്‍ വരുന്ന ആഹാരപദാര്‍ത്ഥങ്ങളിലുള്ളത്. സാധാരണയായി ഇത് ശരീരത്തിന് മതിയാകില്ല. പ്രത്യേകിച്ച് രക്തപരിശോധനയില്‍ വൈറ്റമിന്‍ ഡി കുറവാണെന്നു കണ്ടാല്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത് അമ്പതിനായിരം യൂണിറ്റ് ആഴ്ചയിലൊരിക്കല്‍ കഴിക്കണമെന്നാണ്. ഇത് രണ്ടുമൂന്നു മാസത്തേക്ക് തുടരണം. അല്ലെങ്കില്‍ അമ്പതിനായിരം യൂണിറ്റ് ആഴ്ചയില്‍ മൂന്നുപ്രാവശ്യം വീതം ഒരു മാസത്തേക്ക് കഴിക്കണം. ഈ പ്രാരംഭ ചികിത്സ കഴിഞ്ഞിട്ട് വീണ്ടും കുറഞ്ഞുപോകാതിരിക്കാന്‍ 800 മുതല്‍ 2000 ഇന്റര്‍നാഷണല്‍ യൂണിറ്റ് എല്ലാദിവസവും കഴിക്കേണ്ടതുണ്ട്.

വൈറ്റമിന്‍ ഡിയുടെ കുറവ് (deficiency) എന്നുപറയുന്നത് 20 നാനോഗ്രാം പെര്‍ മില്ലിലിറ്ററില്‍ കുറയുമ്പോഴാണ്. ആവശ്യത്തിന് ഇല്ല (insufficiency ) എന്നുപറയുന്നത് 20 മുതല്‍ 30 വരെയുള്ള നമ്പറുകള്‍ക്കിടയില്‍ നില്‍ക്കുമ്പോഴാണ്.

എല്ലിന്റെ ബലം നിലനിര്‍ത്തണമെങ്കില്‍ കാത്സ്യം വേണം. ഈ കാത്സ്യത്തിന്റെ ആഗിരണം നടത്തുന്നത് വൈറ്റമിന്‍ ഡി ആണ്. ആവശ്യത്തിന് വൈറ്റമിന്‍ ഡി ഇല്ലാതെയാകുമ്പോള്‍ കാത്സ്യത്തിന്റെ ആഗിരണം നടക്കാതെ വരികയും എല്ലുകളുടെ ബലം കുറഞ്ഞ് ദേ ഞാനിങ്ങനെ ഒന്നുതട്ടിയാല്‍ പോലും ഒടിയുന്ന സ്ഥിതിയാകും.

വൈറ്റമിന്‍ ഡി കുറഞ്ഞാല്‍ ...

വൈറ്റമിന്‍ ഡി കുറഞ്ഞുപോയാല്‍ പ്രമേഹം,  നിരാശ,  പൊണ്ണത്തടി,  ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ അതുലൂലമുണ്ടാകുന്ന സ്‌റ്റ്രോക്ക്, പല്ലിനും മോണക്കുമുണ്ടാകുന്ന പലതരം അസുഖങ്ങള്‍, ജനനവൈകല്യങ്ങള്‍, പ്രതിരോധശേഷി തകരാറിലാകുന്നതുകൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍, മറവിരോഗം ഉള്‍പ്പെടെ ന്യൂറൊണുകള്‍ ക്ഷയിച്ചുപോകുന്നതുകൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍,  മസിലുവേദന, എല്ലുകളുടെ ബലം ക്ഷയിക്കുക, ( osteoporosis) പലതരം കാന്‍സറുകള്‍ എന്നിവക്കൊക്കെ കാരണമാകും.

വാതം, ആസ്ത്മ, അലര്‍ജി തുടങ്ങിയ പ്രതിരോധശേഷിയെ സംബന്ധിക്കുന്ന അസുഖങ്ങള്‍, കാന്‍സര്‍, എന്നിവയെ തടയാനും, മൂഡ്, മസില്‍, നാഡി എന്നിവയുടെ പ്രവര്‍ത്തനം മെച്ചമാക്കാനും, വേദനകളെ കുറക്കാനും, തല ച്ചോറിനെ  വിഷകരമായ രാസപദാര്‍ത്ഥങ്ങളില്‍ നിന്ന് സംരക്ഷിക്കാനും വൈറ്റമിന്‍ ഡി പ്രധാന പങ്കുവഹിക്കുന്നുണ്ട്.

മസിലുവേദനയാണെന്നൊക്കെ പറഞ്ഞാണ് മനോജ് ഡോക്ടറിനെ കാണാന്‍ പോയത്. ഒരു ഡോക്ടര്‍ വേദന കുറയാന്‍ മരുന്നുകൊടുത്തു. പിന്നെയും ശരിയാകാതെ വന്നപ്പോഴാണ് വൈറ്റമിന്‍ ഡി പരിശോധിച്ചതും കുറവാണെന്നതാണ് മസിലുവേദനയുടെ കാരണമെന്നും കണ്ടുപിടിച്ചത്. ഇനി ചേട്ടത്തിയുടെ  തീരുമാനത്തിന് വല്ല മാറ്റവുമുണ്ടെന്ന് പറഞ്ഞാല്‍ ഞാന്‍ ഈ ക്ലാസ് നിര്‍ത്താം.

എന്റെ കുഞ്ഞേ നിര്‍ത്തിക്കോ. ഞാന്‍ നീ പറയുന്നതുപോലെ അനുസരിച്ചോളാമേ. ശരീരവേദന എപ്പോഴുമുണ്ട്.

അനുസരണയുള്ള കുഞ്ഞാടായിരുന്നാല്‍ ചേട്ടത്തികൊള്ളാം.