കോവിഡ് വ്യാപന സാഹചര്യം; കുട്ടികളുടെ മാനസികാരോഗ്യത്തേയും ബാധിക്കുമെന്ന് മുന്നറിയിപ്പ്


DECEMBER 25, 2021, 6:13 PM IST

കോവിഡ് ബാധയുടെ രണ്ടാം വര്‍ഷവും അവസാനിക്കുമ്പോള്‍ കുട്ടികളുടെ മാനസികാരോഗ്യത്തിലും പ്രശ്‌നങ്ങളുമുണ്ടാകുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. എന്നാല്‍ മാനസികമായി പ്രശ്‌നങ്ങളുണ്ടാകുന്ന അവസ്ഥയിലേക്ക് കുട്ടികള്‍ എത്തിയിട്ടുണ്ടെന്ന വിവരമാണ് ആശുപത്രികളും സ്‌കൂളുകളും പങ്കുവെക്കുന്നത്. 

2021ന്റെ ആദ്യ ഒന്‍പത് മാസങ്ങളില്‍ മാനസികാരോഗ്യം, ആത്മഹത്യ, സ്വയം പരിക്കേപ്പിക്കല്‍ തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് അത്യാഹിത വിഭാഗങ്ങള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. അതോടെ ജീവനക്കാരുടെ കുറവ് അനുഭവിക്കുന്ന ആശുപത്രികള്‍ പലതും വലിയ പ്രതിസന്ധിയിലാവുകയും ചെയ്തു. കോവിഡ് കുട്ടികളുടെ ലോകത്തെ തലകീഴായി മറിച്ചതോടെ വിഷാദവും ഉത്കണ്ഠയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളുമായി നിരവധി കുട്ടികള്‍ സ്‌കൂളുകളില്‍ എത്തിയതോടെ മാനസികാരോഗ്യം നിലനിര്‍ത്താനുള്ള സഹായത്തിന്റെ ആവശ്യം സ്‌കൂളുകളും അഭിമുഖീകരിക്കുകയാണ്. 

അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ്, അമേരിക്കന്‍ അക്കാദമി ഓഫ് ചൈല്‍ഡ് ആന്റ് അഡോളസന്റ് സൈക്യാട്രി, ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ എന്നിവ ബാക്ക് ടു സ്‌കൂള്‍ സീസണിന് ശേഷം ഒക്ടോബറില്‍ കുട്ടികളുടെ മാനസികാരോഗ്യത്തിനായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എന്നാല്‍ പ്രസ്തുത പ്രഖ്യാപനത്തിന് ശേഷം സ്ഥിതി കൂടുതല്‍ വഷളായതായാണ് അമേരിക്കന്‍ അക്കാദമി ഓഫ് ചൈല്‍ഡ് ആന്റ് അഡോളസന്റ് സൈക്യാട്രി പ്രസിഡന്റ് വാറന്‍ യിയു കി എന്‍ജി പറഞ്ഞു. തങ്ങള്‍ പ്രതീക്ഷിച്ചതിലും കൂടുതലാണ് വ്യാപ്തിയെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ മാനസികാരോഗ്യ പ്രതിസന്ധിയുടെ ആഴങ്ങളിലാണ് തങ്ങളെന്നും കോവിഡ് അതിനെ കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ പറയുന്നത് അനുസരിച്ച് 2020നെ അപേക്ഷിച്ച് 2021ന്റെ മൂന്നാം പാദത്തില്‍ കുട്ടികളുടെ ആശുപത്രിയില്‍ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് 38 ശതമാനവും ആത്മഹത്യയും സ്വയം മുറിവേല്‍പ്പിക്കലും 54 ശതമാനവുമാണ് അത്യാഹിത വിഭാഗത്തിലെത്തില്‍ വര്‍ധന രേഖപ്പെടുത്തിയത്. ചില ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തില്‍ ആത്മഹത്യയും സ്വയം മുറിവേല്‍പ്പിക്കുന്ന കേസുകളും മൂന്നും നാലും ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്നാണ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ പ്രസിഡന്റ് ആമി വിംപിനെറ്റ് പറയുന്നത്. 

കോവിഡ് എല്ലാവരേയും പരമാവധിയിലേക്ക് എത്തിച്ചതായും അതില്‍ നിന്നും കുട്ടികളുടെ ആശുപത്രികളും വ്യത്യസ്തമല്ലെന്നും അവര്‍ പറഞ്ഞു. തങ്ങള്‍ക്കും ജീവനക്കാരുടെ എണ്ണത്തില്‍ കുറവുണ്ടെന്നും ആമി വിംപിനെറ്റ് പറഞ്ഞു. 

വിദഗ്ധരുടെ അഭിപ്രായത്തില്‍ കോവിഡിന് മുമ്പുള്ള ദശകത്തില്‍ തന്നെ കുട്ടികളുടെ മാനസികാരോഗ്യ പ്രതിസന്ധി ഉയര്‍ന്നുവന്നിരുന്നു. കോവിഡ് പ്രശ്‌നത്തെ വഷളാക്കുകയും വര്‍ധിപ്പിക്കുകയും ചെയ്തു. അഞ്ചു മുതല്‍ പത്തു വര്‍ഷം വരെയുള്ള കാലത്തേക്ക് തങ്ങളിത് പ്രതീക്ഷിക്കുന്നതായി പറയുന്ന വിദഗ്ധര്‍ പ്രാഥമികമായി ഇപ്പോള്‍ അഞ്ച് മുതല്‍ 18 വയസ്സുവരെയുള്ള ശ്രേണിയിലുള്ളവരെയാണ് ബാധിക്കുകയെന്നും വിംപി നൈറ്റ് പറഞ്ഞു. എങ്കിലും നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി ആവശ്യമാണെന്ന് സിയാറഅറില്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ സൈക്യാട്രി ആന്റ് ബിഹേവിയറല്‍ മെഡിസിന്‍ യൂണിറ്റിന്റെ ക്ലിനിക്കല്‍ ഡയറക്ടര്‍ അലീഷ തോംസണ്‍ ചൂണ്ടിക്കാട്ടി. 

സിയാറ്റില്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ഏറ്റവും കൂടുതല്‍ അത്യാഹിത വിഭാഗത്തില്‍ മാനസികാരോഗ്യ സന്ദര്‍ശനങ്ങള്‍ രേഖപ്പെടുത്തിയ രണ്ട് മാസങ്ങള്‍ ഈ വര്‍ഷം ഒക്ടോബര്‍, നവംബര്‍ എന്നിവയാണ്. യഥാക്രമം 360, 380 രോഗികളാണ് ഇവിടെയെത്തിയത്. കിടത്തിച്ചികിത്സയ്ക്ക് 41 കിടക്കകളാണ് യൂണിറ്റിലുള്ളത്. ഡിസംബറിലെ എണ്ണം അന്തിമമായിട്ടില്ല. എന്നാല്‍ മുമ്പുള്ള രണ്ടു മാസങ്ങളുടെ അതേ അവസ്ഥയിലാണ് ഡിസംബറും മുന്നേറുന്നത്. അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ മാനസികാരോഗ്യ അടിയന്തര സന്ദര്‍ശനങ്ങളില്‍ കുറവുണ്ടാകുമെന്നാണ് ആശുപത്രി പ്രതീക്ഷിക്കുന്നത്. 

യുവാക്കള്‍ക്കിടയില്‍ ഉയരുന്ന മാനസികാരോഗ്യ അടിയന്തരാവസ്ഥയെ കുറിച്ച് ഡിസംബറില്‍ സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. അതോടെയാണ് യുവാക്കളുടെ മാനസികാരോഗ്യത്തിന് ബൈഡന്‍ ഭരണകൂടം കൂടുതല്‍ ശ്രദ്ധ കാണിച്ചത്. പൊതുജനാരോഗ്യ പ്രതിസന്ധിയെ മറികടക്കാന്‍ മറ്റൊന്നിനെ അതിന്റെ സ്ഥാനത്ത് വളരാന്‍ അനുവദിക്കുകയാണെങ്കില്‍ അത് ദുരന്തമായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. 

കഴിഞ്ഞ രണ്ടു വര്‍ഷമായി വ്യാപകമായ മരണവും രോഗവും രാജ്യത്തെ കുട്ടികളുടെ വൈകാരിവസ്ഥയെ ബാധിച്ചിട്ടുണ്ട്. കോവിഡ് വ്യാപകമായ സമയത്ത് 120,000 കുട്ടികള്‍ക്കെങ്കിലും തങ്ങളുടെ രക്ഷിതാക്കളില്‍ ഒരാളെ നഷ്ടമായിട്ടുണ്ട്. മറ്റൊരു 22,000 പേര്‍ക്ക് തങ്ങളുടെ രണ്ട് രക്ഷിതാക്കളേയും നഷ്ടമാവുകയും ചെയ്തു. 

കുട്ടികളുടെ മാനസിക പിരിമുറുക്കം ആശുപത്രികളില്‍ മാത്രമല്ല അപ്പോയ്ന്‍മെന്റുകള്‍ക്കും സഹായത്തിനുമായി അമിതമായ അഭ്യര്‍ഥനകള്‍ നേരിടുന്ന ശിശു മനോരോഗ വിഗ്ധര്‍, മനഃശാസ്ത്രജ്ഞര്‍ എന്നിവരിലും സമ്മര്‍ദ്ദം വര്‍ധിപ്പിച്ചു. 

മാനസിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട പരിചരണത്തിലേക്കുള്ള പ്രവേശനം പ്രധാന വെല്ലുവിളിയാണെന്നും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ മഹാമാരിയെ ഉള്‍ക്കൊള്ളാനും ചിന്തിക്കാനും രൂപകല്‍പ്പന ചെയ്യപ്പെടുകയോ നിര്‍മിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നും എന്‍ജി കൂട്ടിച്ചേര്‍ക്കുന്നു. 

മസാച്യുസെറ്റ്‌സിലെ ഫ്രെമിംഗ്ഹാം പബ്ലിക്ക് സ്‌കൂളുകളുടെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് ഡയറക്ടര്‍ ജൂഡി സ്റ്റെയറിന്റെ അഭിപ്രായത്തില്‍ മാനസിക പ്രശ്‌നങ്ങളുടെ വര്‍ധനവ് കൈകാര്യം ചെയ്യുന്ന സ്‌കൂളുകളുടെ ഭാരം വര്‍ധിച്ചതായും മിഡില്‍, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വിഷാദം, ഉത്കണ്ഠ, ആത്മഹത്യ പ്രവണത എന്നിവ വര്‍ധിച്ചിരിക്കുന്നുവെന്നാണ്. പതിനഞ്ച് വര്‍ഷക്കാലമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താന്‍ ഇത്രയും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടിട്ടില്ലെന്നും പറഞ്ഞു. 

മാനസിക രോഗങ്ങളുമായി മല്ലിടുന്നവര്‍ക്കും പെരുമാറ്റ ആരോഗ്യ പ്രൊഫഷണലുകള്‍ക്കും കൂടുതല്‍ പിന്തുണയും അംഗീകാരവും നല്കണമെന്ന് അഭിഭാഷകരും വിദഗ്ധരും ആവശ്യപ്പെടുന്നു. ആശുപത്രികളിലെ ശേഷി വര്‍ധിപ്പിക്കുന്നതിന് മുന്‍ഗണന നല്കുക, സ്‌കൂളുകളില്‍ മാനസികാരോഗ്യം സമന്വയിപ്പിക്കുക, മാനസികാരോഗ്യ പ്രവര്‍ത്തകരുടെ റിക്രൂട്ട്‌മെന്റും നിലനിര്‍ത്തലും മെച്ചപ്പെടുത്തല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 

മറ്റൊരു പകര്‍ച്ചവ്യാധിയാണ് മാനസികാരോഗ്യ പ്രശ്‌നങ്ങളെന്നും കൂടുതല്‍ വഷളാകാനാണ് സാധ്യതയെന്നും പറഞ്ഞ സിയാറ്റില്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ തോംസണ്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും വിശദീകരിച്ചു.

Other News