ഒമിക്രോണ്‍ ജാഗ്രതയ്ക്കിടയിലും വിദേശത്തുനിന്ന് എത്തിയ 109 പേരെക്കുറിച്ച് വിവരമില്ല


DECEMBER 7, 2021, 9:53 AM IST

മുംബൈ: ആഫ്രിക്കയില്‍ ആദ്യം കണ്ടെത്തിയ കോവിഡിന്റെ പുതിയ വക ഭേദമായ ഒമിക്രോണ്‍  വ്യാപനത്തിനെതിരെ രാജ്യം ജാഗ്രത പാലിക്കുന്നതിനിടെ വിദേശരാജ്യങ്ങളില്‍ നിന്ന് മുംബൈയിലേക്ക് തിരിച്ചെത്തിയ 109 പേരെ കണ്ടെത്താനായില്ല. താണെ ജില്ലയിലേക്കെത്തിയ 295 പേരില്‍ 109 പേരെയാണ് കണ്ടെത്താനുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.

വിദേശത്ത് നിന്ന് തിരിച്ചെത്തിയവരുടെ മൊബൈല്‍ ഫോണുകളില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സ്വിച്ച് ഓഫ് ആണെന്ന പ്രതികരണമാണ് ലഭിക്കുന്നത്. മറ്റുചിലര്‍ നല്‍കിയ വിലാസം തെറ്റാണെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും കല്ല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേധാവി വിജയ് സൂര്യവാന്‍ഷി പ്രതികരിച്ചു.

റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും ഏഴ് ദിവസം ഹോം ക്വാറന്റീനില്‍ കഴിയണമെന്നും എട്ടാം ദിവസം കോവിഡ് പരിശോധന നടത്തണമെന്നുമാണ് നിര്‍ദേശം. നെഗറ്റീവ് ആണെങ്കിലും ഏഴ് ദിവസം കൂടി ക്വാറന്റീനില്‍ കഴിയണം. ക്വാറന്റീന്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഹൗസിങ് സൊസൈറ്റി അംഗങ്ങള്‍ക്ക് ചുമതലയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുബൈയില്‍ രണ്ട് പേര്‍ക്ക് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ മാത്രം ഇത്രത്തില്‍ പത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Other News