അഞ്ചുവര്‍ഷത്തിനിടെ വെട്ടിനിരത്താൻ  മോദി സര്‍ക്കാര്‍ അനുവദിച്ചത് 1.09 കോടി മരങ്ങള്‍


JULY 28, 2019, 1:54 AM IST

ന്യൂഡല്‍ഹി: അഞ്ചുവര്‍ഷത്തിനിടെ 1,09,75,844 മരങ്ങള്‍ വെട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് കണക്കുകള്‍. കേന്ദ്ര പരിസ്ഥിതി മന്ത്രി ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്. വികസന പദ്ധതികള്‍ക്കായി 2014-19നും ഇടയില്‍ വെട്ടിനശിപ്പിച്ച മരങ്ങളുടെ കണക്കാണിത്.

2018-19 കാലഘട്ടത്തിലാണ് ഏറ്റവുമധികം മരങ്ങള്‍ വെട്ടിയത്. 26.91 ലക്ഷം മരങ്ങളാണ് ഇക്കാലയളവില്‍ വെട്ടിയത്. കാട്ടുതീ കാരണം എത്ര മരങ്ങള്‍ നശിച്ചെന്നതു സംബന്ധിച്ച കണക്കുകള്‍ സര്‍ക്കാരിന്റെ പക്കല്‍ ഇല്ലെന്നും ബാബുല്‍ സുപ്രിയോ പറഞ്ഞു.

നമ്മുടെ ഭാവിയെയാണ് ബി.ജെ.പി നശിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

‘മരങ്ങള്‍ ജീവനാണ്. ഓക്‌സിജനാണ്. മരങ്ങള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കുന്നു. മരങ്ങള്‍ പരിസ്ഥിതിയെ സംരക്ഷിക്കുന്നു. 1,09,75,844 മരങ്ങളാണ് അഞ്ചുവര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ വെട്ടിയത്.’ സുര്‍ജേവാല ട്വീറ്റുചെയ്‌തു.

Other News