ന്യൂഡല്‍ഹി: ഫെബ്രുവരിയോടെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകള്‍ കൂടി ഇന്ത്യയിലേക്ക് എത്തിയേക്കും. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്കു തന്നെയാണ് രണ്ടാംഘട്ട ചീറ്റകളുമെത്തുക.
റിപ്പബ്ലിക് ദിനത്തോടുകൂടി ചീറ്റകളെത്തിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ദക്ഷിണാഫ്രിക്കയില്‍ നിന്നും സ്ഥിരീകരിച്ചിട്ടില്ല. ഇതു സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം.
ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധ സംഘം ദക്ഷിണാഫ്രിക്ക സന്ദര്‍ശിക്കുന്നുണ്ട്. ഇന്ത്യയിലേക്കുള്ള ചീറ്റകള്‍ ദക്ഷിണാഫ്രിക്കയില്‍ രണ്ടിടങ്ങളിലായി ക്വാറന്റീനിലാണുള്ളത്. ഇന്ത്യയിലെത്തിയാലും ഇവയെ ക്വാറന്റീനിലാക്കും.
രണ്ടാം ഘട്ടത്തിലെ ചീറ്റകളില്‍ ഏഴെണ്ണം ആണും അഞ്ചെണ്ണം പെണ്ണുമാണ്. ഒരു മാസത്തെ ക്വാറന്റീന് കാലാവധിക്ക് ശേഷം അഞ്ചു സ്ക്വയര്‍ കിലോമീറ്റര്‍ വരുന്ന പ്രദേശത്തേക്ക് ഇവയെ തുറന്ന് വിടും. പിന്നീട് മെല്ലെയാകും ഇവരെ ഉദ്യാനത്തിലേക്ക് മാറ്റുക.
മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ നിലവില്‍ എട്ടു ചീറ്റകളാണ് ഉള്ളത്. സെപ്റ്റംബര്‍ 17നാണ് ഇവയെ രാജ്യത്ത് എത്തിച്ചത്. ഇവ പരിസരവുമായി നല്ല രീതിയില്‍ ഇണങ്ങിയിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം.