കോണ്‍ഗ്രസിന് തിരിച്ചടി: മേഘാലയയിലെ 17 എംഎല്‍എമാരില്‍ 12 പേരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു


NOVEMBER 25, 2021, 8:03 AM IST

ന്യൂഡല്‍ഹി:  മേഘാലയ മുന്‍ മുഖ്യമന്ത്രി മുകുള്‍ സാംഗ്മയും 17 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 11 പേരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇത് സംബന്ധിച്ച് മേഘാലയ എംഎല്‍എമാര്‍ നിയമസഭാ സ്പീക്കര്‍ മെത്ബ ലിങ്‌ദോക്ക് കത്തു നല്‍കി. നിയമസഭയില്‍ 60 സീറ്റുകളാണുള്ളത്.

പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജി ഡല്‍ഹിയിലെത്തി നടത്തിയ നീക്കങ്ങളാണ് തൃണമൂലിനെ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയാക്കിയത്.

കഴിഞ്ഞ രണ്ട് മാസങ്ങളായി, തൃണമൂല്‍ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ ശക്തിയായി മാറാനുള്ള ശ്രമങ്ങളില്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളെയും എംഎല്‍എമാരെയും ലക്ഷ്യം വെച്ചാണ് തൃണമൂലിന്റെ വിപുലീകരണ നീക്കം.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി നല്ല ബന്ധം പങ്കിടുന്ന ബാനര്‍ജി ഇത്തവണ ഡല്‍ഹിയിലെത്തിയപ്പോള്‍ അവരെ കണ്ടില്ല. എന്നാല്‍ കൂടിക്കാഴ്ചയുണ്ടായേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

അതേ സമയം സോണിയയുമായി കൂടിക്കാണാതിരുന്നതിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പൊട്ടിത്തെറിച്ചാണ് മമത മറുപടി പറഞ്ഞത്.

 'പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാല്‍' സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ചയൊന്നും ആവശ്യപ്പെട്ടിരുന്നില്ലെന്ന് മമത ബാനര്‍ജി പറഞ്ഞു.

 'ഞങ്ങള്‍ എന്തിനാണ് സോണിയയെ എല്ലാ തവണയും കാണേണ്ടത്? ഇതെന്താ ഭരണഘടനാപരമായ വല്ല കാര്യവുമാണോ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Other News