രാജ്യത്ത് 16 കോടി മദ്യപാനികള്‍; രണ്ടാംസ്ഥാനം കഞ്ചാവിന്


JULY 10, 2019, 12:57 PM IST

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 16 കോടി മദ്യപരുണ്ടെന്ന് കേന്ദ്ര സാമൂഹികനീതി-ശാക്തീകരണമന്ത്രി രത്തന്‍ലാല്‍ കഠാരിയ അറിയിച്ചു. ലോക്സഭയില്‍ തൃശൂരില്‍ നിന്നുള്ള പാര്‍ലമെന്റംഗം ടി.എന്‍. പ്രതാപന്റെ ചോദ്യത്തിനു രേഖാമൂലം മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സാമൂഹികനീതി മന്ത്രാലയം നടത്തിയ സര്‍വേ അനുസരിച്ചാണ് ഈ കണക്ക്. മദ്യം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് കഞ്ചാവാണ്. മൂന്നു കോടിയിലേറെപ്പേര്‍ കഞ്ചാവുപയോഗിക്കുന്നു. കറപ്പില്‍നിന്നുത്പാദിപ്പിക്കുന്ന മയക്കുമരുന്നിനാണ് ആവശ്യക്കാര്‍ കൂടുതല്‍.

രണ്ടുകോടിയോളം പേര്‍ വേദനസംഹാരികളായി മയക്കുമരുന്ന് ഉപയോഗിക്കുന്നു.മൂന്നുകോടിയോളം ആളുകള്‍ മദ്യാസക്തിമൂലമുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നു. അരക്കോടിയോളം പേരാണ് കഞ്ചാവിന്റെയും കറപ്പിന്റെയും അടിമകളെന്നും മന്ത്രി അറിയിച്ചു.

നിയമവിരുദ്ധമായ മരുന്നുകളുടെ ഉപയോഗം തടയാനും മയക്കുമരുന്നിന്റെ ആസക്തി ജനങ്ങളില്‍ കുറയ്ക്കാനുമുള്ള പ്രവര്‍ത്തനം നടത്തിവരുന്നുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.

Other News