തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാക്ടര്‍ കുളത്തിലേക്ക് മറിഞ്ഞ് 26 മരണം


OCTOBER 2, 2022, 5:26 AM IST

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാക്ടര്‍ കുളത്തിലേക്ക് മറിഞ്ഞ് 26 മരണം. സ്ത്രീകളും കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും. ശനിയാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയിലാണ് ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 26 തീര്‍ത്ഥാടകര്‍ മരിച്ചത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

50-ഓളം പേരുമായി ഉന്നാവോയിലെ ചന്ദ്രികാ ദേവി ക്ഷേത്രത്തില്‍ നിന്ന് മടങ്ങുകയായിരുന്ന ട്രാക്ടര്‍ ആണ് അപകടത്തില്‍ പെട്ടത്. കാണ്‍പൂരിലെ ഘതംപൂര്‍ മേഖലയിലാണ് ദുരന്തം ഉണ്ടായത്. പരുക്കേറ്റവരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.

മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ സഹായ ധനവും പ്രഖ്യാപിച്ചു.അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചിച്ചു . യാത്രാ ആവശ്യങ്ങള്‍ക്കായി ട്രാക്ടര്‍ ട്രോളി ഉപയോഗിക്കരുതെന്ന് ആദിത്യനാഥ് ആവശ്യപ്പെട്ടു.

Other News