കോണ്‍ഗ്രസില്‍ നിന്നും കൂറുമാറിയെത്തിയ നാല് എം.എല്‍.എമാര്‍ക്ക് ഗോവയില്‍ മന്ത്രി പദവി


JULY 13, 2019, 12:48 PM IST

പനജി: കോണ്‍ഗ്രസില്‍നിന്നു കൂറുമാറിയെത്തിയ മൂന്നുപേരുള്‍പ്പെടെ നാല് എം.എല്‍.എ.മാരെ ചേര്‍ത്ത് ഗോവ മന്ത്രിസഭ ഇന്ന് വികസിപ്പിക്കും.

പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കവ്‌ലേകററുള്‍പ്പടെ 10 കോണ്‍ഗ്രസ് എം.എല്‍.എ.മാരാണ് കഴിഞ്ഞദിവസം ബി.ജെ.പി.യിലേക്ക് ചേക്കേറിയത്. ഇവരില്‍ മൂന്നുപേരും ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോയുമാണ് ശനിയാഴ്ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക. 10 കോണ്‍ഗ്രസ് എം.എല്‍.എ.മാരെ ബി.ജെ.പി.യിലേക്കു കൂറുമാറ്റുന്നതിന് ചുക്കാന്‍ പിടിച്ചത് ലോബോയായിരുന്നു. നാല്പതംഗ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം ഇതോടെ അഞ്ചായി.ബി.ജെ.പി.യുടേതാകട്ടെ 27 ആകുകയും ചെയ്തു.

അതേസമയംപുതിയവരെ ഉള്‍പ്പെടുത്താനായി ഇപ്പോഴത്തെ നാലു ബി.ജെ.പി മന്ത്രിമാരോട് രാജിവെക്കാന്‍  മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പി.യുടെ സഖ്യകക്ഷികളില്‍നിന്നുള്ളവര്‍ക്കാവും സ്ഥാനം നഷ്ടമാകുന്നത്. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയിലെ (ജി.എഫ്.പി.) മന്ത്രിമാരെയെല്ലാം ഒഴിവാക്കുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു. പ്രാദേശിക പാര്‍ട്ടിയായ ജി.എഫ്.പി. സ്വതന്ത്ര അംഗവും റവന്യൂ മന്ത്രിയുമായ റോഹന്‍ ഖൗണ്ടെയ്ക്കും രാജിവയ്‌ക്കേണ്ടിവരും.

വൈകീട്ട് മൂന്ന് മണിയോടെയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ്.

Other News