2021 ജൂലൈയോടെ 30 കോടി ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍


NOVEMBER 30, 2020, 7:06 PM IST

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ജൂലൈ ഓടെ രാജ്യത്ത് 25-30 കോടി പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍.

ജൂലായ് - ഓഗസ്റ്റ് മാസങ്ങളോടെ 30 കോടിയോളം ഡോസ് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്.

അടുത്ത വര്‍ഷം ആദ്യ മൂന്ന് നാല് മാസങ്ങളില്‍ തന്നെ വാക്സിന്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ സാധിക്കുമെന്നും ജൂലായ് - ഓഗസ്റ്റ് മാസങ്ങളോടെ 25 മുതല്‍ 30 കോടി വരെ ആളുകള്‍ക്ക് വാക്സിന്‍ നല്‍കാന്‍ സാധിക്കുമെന്നും കേന്ദ്രമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

എല്ലാവരും കോവിഡ് 19 നിയന്ത്രണമാര്‍ഗങ്ങളായ മാസ്‌കും സാമൂഹിക അകലവും പാലിക്കാന്‍ ഓര്‍മിക്കണമെന്നും ഇത് ആരോഗ്യത്തിന് പ്രധാനമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കോവിഡിനെതിരെ രാജ്യം നടത്തുന്ന പോരാട്ടം ഉടന്‍ തന്നെ 11 മാസം പൂര്‍ത്തിയാക്കുമെന്നും എല്ലാവരും സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കുമായി അടിസ്ഥാനപരമായ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തില്‍ ഏറ്റവും വലിയ ആയുധം മാസ്‌കും സാനിറ്റൈസറുമാണെന്നും അദ്ദഹം പറഞ്ഞു.

ലോകത്തു തന്നെ ഏറ്റവുമധികം രോഗമുക്തി നിരക്കുള്ളത് ഇന്ത്യയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'2020 ജനുവരിയില്‍ ഒരു ലാബ് മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ രാജ്യത്ത് 2165 ലാബുകളുണ്ട്. പ്രതിദിനം പത്ത് ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് പരിശോധനകള്‍ നടത്തുന്നു. ഇതിനോടകം മൊത്തം 14 കോടി കൊവിഡ് പരിശോധനകള്‍ നടത്തിക്കഴിഞ്ഞു. ഇത് സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയും കോവിഡ് പോരാളികള്‍ വിശ്രമമില്ലാത്ത പോരാട്ടവുമാണ് കാണിക്കുന്നത്.' അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കീഴില്‍ ഇന്ത്യ മാസ്‌കുകള്‍, പിപിഇ കിറ്റുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവയുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചെന്നും പ്രതിദിനം രാജ്യത്ത് പത്ത് ലക്ഷത്തോളം പിപിഇ കിറ്റുകള്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ശാസ്ത്രജ്ഞര്‍ കോവിഡ് 19 വാക്സിന്‍ ഉടന്‍ തന്നെ ലഭ്യമാക്കാന്‍ പ്രയത്‌നിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Other News