ഇന്ത്യന്‍ നിറങ്ങളിലുള്ള എം.എച്ച് - 60 റോമിയോ ഹെലികോപ്റ്ററിന്റെ ആദ്യ ചിത്രം പുറത്തുവിട്ട് യുഎസ് കമ്പനി


DECEMBER 4, 2020, 11:01 PM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനാ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ നാവിക സേനയുടെ നിറങ്ങളിലുള്ള എം.എച്ച് - 60 റോമിയോ ഹെലികോപ്റ്ററിന്റെ ആദ്യ ചിത്രം പുറത്തുവിട്ട് അമേരിക്കന്‍ പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍. ട്വിറ്ററിലൂടെയാണ് ആശംസകളോടെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം യു.എസ് പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഏറെ നിര്‍ണായകമായ പ്രതിരോധ ഇടപാടിനായി ഇന്ത്യയും അമേരിക്കയും കൈകോര്‍ത്തത്. കര, നാവിക സേനകള്‍ക്കായി 30 സായുധ ഹെലികോപ്ടറുകളാണ് ഇന്ത്യ അമേരിക്കയില്‍ നിന്നും വാങ്ങുന്നത്. കരസേനയ്ക്കായി ലോകത്തെ ഏറ്റവും മികച്ച എ.എച്ച്.64 ഇ അപ്പാച്ചെയും, നാവിക സേനയ്ക്കായി എം.എച്ച് - 60 'റോമിയോ 'സീഹോക്ക് ഹെലികോപ്ടറുകളുമാണ് ഇന്ത്യ സ്വന്തമാക്കുന്നത്.

എം.എച്ച് - 60 'റോമിയോ ' സീഹോക്ക് ഹെലികോപ്ടറുകള്‍ക്കാണ് ഇന്ത്യ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. 260 കോടി യു.എസ് ഡോളര്‍ (18,400 കോടി രൂപ ) ആണ് ഇവയുടെ ചെലവ്. യു.എസിന് പുറമേ ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ, സൗദി അറേബ്യ, ബ്രസീല്‍, തുര്‍ക്കി, സ്‌പെയിന്‍ എന്നിവയാണ് നിലവില്‍ സീഹോക്ക് ഉപയോഗിക്കുന്ന രാജ്യങ്ങള്‍.

പ്രത്യേകതകള്‍ നീളം - 64 അടി ഉയരം - 13 - 17 അടി വേഗത - മണിക്കൂറില്‍ 267 കിലോമീറ്റര്‍ 8 ഹെല്‍ഫയര്‍ മിസൈലുകളെ വഹിക്കാനുള്ള ശേഷി. സമുദ്ര ദൗത്യങ്ങളില്‍ ഏറ്റവും മികച്ചത്. തെരച്ചിലിന് അത്യാധുനിക ലേസര്‍, റഡാര്‍ സംവിധാനങ്ങള്‍. ശത്രുക്കളെ നേരിടാന്‍ പ്രത്യേക സെന്‍സറുകള്‍. അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ ശേഷിയുള്ള അത്യാധുനിക സംവിധാനങ്ങള്‍. ശക്തമായ പ്രതിരോധ സംവിധാനം. തെരച്ചില്‍ - രക്ഷാപ്രവര്‍ത്തനങ്ങള്‍, വൈദ്യസഹായം, സുരക്ഷ തുടങ്ങിയ മേഖലകളിലും ഉപയോഗിക്കാം.

Other News