ആംഫാന്‍ ചുഴലിക്കാറ്റ്; ബംഗാളില്‍ 72 മരണം


MAY 21, 2020, 5:01 PM IST

കൊല്‍ക്കത്ത:  പശ്ചിമ ബംഗാളില്‍ ആംഫാന്‍ സൂപ്പര്‍ സൈക്ലോണ്‍ മൂലമുണ്ടായ അപകടങ്ങളില്‍ 72 പേര്‍ മരിച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി. ഇവരില്‍ 15 പേര്‍ കൊല്‍ക്കത്തയില്‍ നിന്നുള്ളവരാണെന്നും അവര്‍ പറഞ്ഞു.

ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനായി സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിച്ച മമത ബാനര്‍ജി തന്റെ ജീവിതത്തില്‍ ഇത്തരമൊരു ദുരന്തം കണ്ടിട്ടില്ലെന്ന് പറഞ്ഞു.പ്രധാനമന്ത്രിയോട് സംസ്ഥാനത്തെ ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തണമെന്ന്  ആവശ്യപ്പെടുമെന്ന് അവര്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ വിളിച്ചതായും ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് ആരാഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. ചുഴലിക്കാറ്റിന്റെ ആഘാതം വളരെയധികം ഉണ്ടായതായും സംസ്ഥാന സെക്രട്ടേറിയറ്റ് ഉള്‍പ്പെടുന്ന നബന്ന കെട്ടിടം ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ഉലഞ്ഞതായും മിസ് ബാനര്‍ജി പറഞ്ഞു.

വൈദ്യുത വാര്‍ത്താവിതരണ ബന്ധങ്ങള്‍ പുന:സ്ഥാപിച്ചുകഴിഞ്ഞാല്‍ മൂന്നോ നാലോ ദിവസത്തിന് ശേഷം താന്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് മമത പറഞ്ഞു.

ടെലിഫോണ്‍ കണക്ഷനുകള്‍ തകരാറിലായെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതിയില്ലെന്നും അവര്‍ പറഞ്ഞു.

തെക്കന്‍ 24 പര്‍ഗാന, വടക്കന്‍ 24 പര്‍ഗാന ജില്ലകളില്‍ കുടിവെള്ളക്ഷാമമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ജില്ലകളില്‍ ജലവിതരണം ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ദുരിതബാധിത പ്രദേശങ്ങളിലെ 40% മരങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതിനാല്‍ വനവകുപ്പിന് മരങ്ങള്‍ നട്ടുപിടിപ്പിക്കേണ്ടിവരുമെന്ന് ബാനര്‍ജി പറഞ്ഞു.

Other News