കോവിഡ് ലോക്ക് ഡൗണ്‍  90 ശതമാനം ഇന്ത്യന്‍ സ്ത്രീകളുടെ പോഷകാഹാരത്തെ ബാധിച്ചുവെന്ന് പഠനം


AUGUST 1, 2021, 9:41 AM IST

വാഷിങ്ടണ്‍: കോവിഡിനെ തുടര്‍ന്ന് 2020ല്‍ രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഇന്ത്യയിലെ സ്ത്രീകളുടെ പോഷകാഹാരത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് യുഎസിലെ ഗവേഷകരുടെ പഠനം.  ഇന്ത്യയിലെ 10 സ്ത്രീകളില്‍ ഒന്‍പത് പേര്‍ക്കും പോഷകാഹാര നിലവാരത്തെ ബാധിക്കുന്ന ഭക്ഷണം കുറവായിരുന്നുവെന്നാണ് പുതിയ പഠനം പറയുന്നത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, ബിഹാറിലെ മുങ്കര്‍, ഒഡിഷയിലെ കാന്ധമല്‍, കാലഹണ്ടി എന്നീ ജില്ലകളില്‍ ടാറ്റാ-കോര്‍ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് ന്യൂട്രിഷന്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

2019 മെയ് മാസത്തെ അപേക്ഷിച്ച് 2020 മെയ് മാസത്തില്‍ സ്ത്രീകളുടെ ഭക്ഷണ വൈവിധ്യത്തിലും ഗാര്‍ഹിക ഭക്ഷ്യച്ചെലവിലും കുറവുണ്ടായതായി പഠനം പറയുന്നു. മാംസം, മുട്ട, പച്ചക്കറി, പഴങ്ങള്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കളിലാണ് പ്രധാനമായി ദൗര്‍ലഭ്യം നേരിട്ടത്.

ആനുകൂല്യം ലഭിച്ചിട്ടും സ്ത്രീകള്‍ക്ക് പോഷകാഹാര ദൗര്‍ലഭ്യം നേരിടേണ്ടിവന്നുവെന്നാണ് പഠനം പറയുന്നത്.പ്രത്യേക പൊതുവിതരണ സംവിധാനം വഴിയുള്ള ആനുകൂല്യം 80 ശതമാനം ആള്‍ക്കാരിലേക്കും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം 50 ശതമാനം ആള്‍ക്കാരിലേക്കും അംഗന്‍വാടികളില്‍ നിന്നുള്ള റേഷന്‍ 30 ശതമാനം ആള്‍ക്കാരിലേക്കും എത്തിയിരുന്നു. എന്നിട്ടും സ്ത്രീകള്‍ക്ക് ലോക്ക് ഡൗണ്‍ കാലയളവില്‍ പോഷകാഹാര ദൗര്‍ലഭ്യം നേരിടേണ്ടി വന്നുവെന്ന് എക്കണോമിയ പൊളിറ്റിക്ക ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

സാമ്പത്തിക വളര്‍ച്ചയില്‍ സ്ത്രീകളുടെ അനുപാതമില്ലായ്മ, പ്രധാന ധാന്യ കേന്ദ്രീകൃത സുരക്ഷ പദ്ധതിയുടെ സ്വാധീനം, വൈവിധ്യമാര്‍ന്ന പോഷകാഹാരങ്ങളുടെ ലഭ്യതയുള്ള വിപണികളുടെ കുറവ് എന്നിവയുടെ തെളിവാണ് പഠനം എന്നും ജേര്‍ണലില്‍ പറയുന്നു.

കോവിഡിന് മുന്‍പുതന്നെ സ്ത്രീകളുടെ ഭക്ഷണക്രമത്തില്‍ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളുടെ അഭാവം ഉണ്ടായിരുന്നുവെന്നും കോവിഡ് സ്ഥിതി കൂടുതല്‍ വഷളാക്കിയെന്നും പഠനത്തില്‍ പങ്കെടുത്ത ടാറ്റാ-കോര്‍ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് എക്കണോമിസ്റ്റ് സൗമ്യ ഗുപ്ത പറയുന്നു. സൗമ്യക്കൊപ്പം ടിസിഐ ഡയറ്കടര്‍ പ്രഭു പിങ്കളി, അസിസ്റ്റന്റ് ഡയറക്ടര്‍ മാത്യു എബ്രഹാം, കണ്‍സള്‍ട്ടന്റ് പായല്‍ സേത്ത് എന്നിവര്‍ ചേര്‍ന്നാണ് പഠനം പൂര്‍ത്തിയാക്കിയത്.

സുരക്ഷ പദ്ധതികള്‍ ശക്തിപ്പെടുത്തുന്നതിലൂടെ സ്ത്രീകളുടെ പോഷകാഹാരത്തെ ബാധിക്കുന്ന കൊവിഡ് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളുടെ അനുപാതം നയനിര്‍മാതാക്കള്‍ തിരിച്ചറിയണമെന്ന് ഗവേഷകര്‍ ആവശ്യപ്പെട്ടു.

Other News