ന്യൂഡല്‍ഹി: ബി ജെ പി ഡല്‍ഹി അധ്യക്ഷന്‍ ആദേശ് ഗുപ്തയുടെ വീട് കയ്യേറ്റ ഭൂമിയിലാണ് നിര്‍മിച്ചിരിക്കുന്നതെന്നും ഞായറാഴ്ച രാവിലെ 11 മണിക്കകം കയ്യേറ്റം നീക്കിയില്ലെങ്കില്‍ ബുള്‍ഡോസറുമായി ഗുപ്തയുടെ വീട്ടിലേക്ക് പോകുമെന്നും ആം ആദ്മി പാര്‍ട്ടി. ആദേശ് ഗുപ്ത തന്റെ വീടിനും ഓഫീസിനുമായി പൊതുഭൂമി കൈയേറിയിട്ടുണ്ടെന്നും തങ്ങള്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും ആം ആദ്മി പാര്‍ട്ടി വക്താക്കള്‍ പറഞ്ഞു.
എന്നാല്‍ ഡല്‍ഹിയിലെ റോഹിംഗ്യന്‍ കയ്യേറ്റക്കാരേയും കലാപകാരികളേയും ആം ആദ്മി സംരക്ഷിക്കുകയാണെന്ന വിമര്‍ശനമാണ് ആദേശ് ഗുപ്ത നടത്തിയത്. ഡല്‍ഹി സര്‍ക്കാരിന് പാവപ്പെട്ട ജനങ്ങളോട് താത്പര്യമുണ്ടെങ്കില്‍ കേന്ദ്രത്തിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതി ഡല്‍ഹിയില്‍ നടപ്പാക്കണമായിരുന്നുവെന്നും ആദേശ് ഗുപ്ത പറഞ്ഞു.
ബംഗ്ലാദേശികള്‍, റോഹിംഗ്യകള്‍, തീവ്രവാദികള്‍, കലാപകാരികള്‍ എന്നിവരുടെ സ്വത്തുക്കളാണ് ബി ജെ പി ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതെന്നും അതിന്റെ പേരില്‍ രാഷ്ട്രീയം കളിക്കരുതെന്നും ആദേശ് പറഞ്ഞു.
അനധികൃമായി നിര്‍മിച്ചതാണെന്നാരോപിച്ച് ഹാംഗീര്പുരിയില് ബി ജെ പി ഭരിക്കുന്ന വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകര്‍ത്തിരുന്നു. സുപ്രിം കോടതി ഉത്തരവിനെയും മറികടന്നായിരുന്നു ബി ജെ പിയുടെ നീക്കം.