നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി പ്രധാനമന്ത്രി മോഡിയെ സന്ദര്‍ശിച്ചു


OCTOBER 22, 2019, 6:12 PM IST

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്ക് ശമനം വരുത്തി നോബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സന്ദര്‍ശിച്ചു.അഭിജിത് ബാനര്‍ജിയുടെ നേട്ടങ്ങളില്‍ രാജ്യം അഭിമാനിക്കുന്നതായി പ്രധാനമന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു.ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു.മാനവ ശാക്തീകരണത്തോടുള്ള അഭിജിത്തിന്റെ അഭിനിവേശം വ്യക്തമാണെന്നും വിവിധ വിഷയങ്ങളില്‍ സമഗ്ര ചര്‍ച്ച നടത്തിയെന്നും അഭിജിത്തിന്റെ എല്ലാ ഭാവി ഉദ്യമങ്ങളിലും ആശംസകള്‍ നേരുന്നതായും മോഡി ട്വീറ്റില്‍ പറയുന്നു. നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അഭിജിത്ത് ബാനര്‍ജി മാലിന്യനിവാരണ പദ്ധതിയുമായി ബദ്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ഇക്കാര്യം അദ്ദേഹം അനുസ്മരിച്ചു.

സാമ്പത്തിക നൊബേല്‍ സമ്മാനത്തിന് അര്‍ഹനായശേഷം ആദ്യമായാണ് അഭിജിത് ബാനര്‍ജി ഇന്ത്യയിലെത്തുന്നത്. ചൊവ്വാഴ്ച അദ്ദേഹം കൊല്‍ക്കത്തയിലേക്ക് പോകും. മാതാവിനെ സന്ദര്‍ശിക്കാനെത്തുന്ന അദ്ദേഹം രണ്ടുദിവസം കൊല്‍ക്കത്തയില്‍ തങ്ങുമെന്നാണ് വിവരം. 

നേരത്തെ അഭിജിത്തിനെ വിമര്‍ശിച്ച കേന്ദ്രമന്ത്രിമാര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തുവന്നിരുന്നു.വിദ്വേഷം ഉയര്‍ത്തുന്ന ചിന്തകളുള്ള ഭരണപക്ഷത്തെ നേതാക്കളോട് സംസാരിച്ചിട്ടു കാര്യമില്ലെന്നായിരുന്നു അഭിജിത്തിന് രാഹുലിന്റെ ഉപദേശം. സോഷ്യല്‍ മീഡിയയില്‍ മോഡി വിരുദ്ധ കൂട്ടായ്മയുടെ പ്രധാന ആയുധം പിന്നീട് അഭിജിത്ത് ബാനര്‍ജിയുടെ സര്‍ക്കാര്‍ വിമര്‍ശനമാകുകയും ചെയ്തു. എന്നാല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതില്‍  ഇപ്പോള്‍ അഭിജിത്ത് ബാനര്‍ജിയെ വിമര്‍ശിക്കുന്ന തിരക്കിലാണ് സോഷ്യല്‍ മീഡിയയിലെ മോഡി വിരുദ്ധര്‍.

തന്നെക്കൊണ്ട് മോഡിവിരുദ്ധ പരാമര്‍ശം നടത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയെന്ന് അഭിജിത് ബാനര്‍ജി പറഞ്ഞതാണ് മോഡി വിരുദ്ധരെ ചൊടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു അദ്ദേഹം ഇങ്ങിനെ പറഞ്ഞത്.”അദ്ദേഹം ടിവി കാണുന്നുണ്ട്, അദ്ദേഹം നിങ്ങളെ കാണുന്നുണ്ട്, നിങ്ങള്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ട് നിര്‍ത്തൂ'' എന്നായിരുന്നു അഭിജിത്തിന്റെ പ്രതികരണം. മോഡിയുമായുള്ള കൂടിക്കാഴ്ചയെ വേറിട്ട അനുഭവമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. തനിക്കായി ഒരുപാട് സമയം അനുവദിച്ചതിന് അദ്ദേഹം പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു.

ഇന്ത്യയെ കുറിച്ചുള്ള തന്റെ ചിന്തകള്‍ മോഡിപങ്കുവച്ചെന്നും ഭരണത്തോടുള്ള ചിലരുടെ വിമര്‍ശനങ്ങള്‍ എങ്ങനെയാണ് ഭരണത്തെ മെച്ചപ്പെട്ടതാക്കുന്നത് എന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചെന്നും ബാനര്‍ജി പറഞ്ഞു.

നേരത്തെ, അഭിജിത് ബാനര്‍ജിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. അഭിജിത് ബാനര്‍ജിയുടെ നേട്ടത്തില്‍ രാജ്യം അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. മാനവ ശാക്തീകരണത്തോടുള്ള അഭിജിത്തിന്റെ അഭിനിവേശം വ്യക്തമാണെന്നും വിവിധ വിഷയങ്ങളില്‍ സമഗ്ര ചര്‍ച്ച നടത്തിയെന്നും മോദി പറഞ്ഞു. അഭിജിത്തിന്റെ എല്ലാ ഭാവി ഉദ്യമങ്ങളിലും ആശംസകള്‍ നേരുന്നതായും മോദി ട്വീറ്റില്‍ പറയുന്നു.

Other News