ന്യൂഡല്‍ഹി: അമേരിക്കന്‍ നിക്ഷേപക ഗവേഷണ ഏജന്‍സിയായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ വിശദമായ മറുപടിയുമായി അദാനി ഗ്രൂപ്പ്. ആരോപണങ്ങള്‍ നുണയല്ലാതെ മറ്റൊന്നുമല്ലെന്ന് വിശദീകരിച്ച അദാനി ഗ്രൂപ്പ് ഹിന്‍ഡന്‍ബര്‍ഗിന്റേത് ഇന്ത്യക്കു നേരെ കണക്കുകൂട്ടിയ ആക്രമണമാണെന്നും മറുപടിയില്‍ പറഞ്ഞു.
'ഇത് കേവലം ഏതെങ്കിലും കമ്പനിക്ക് നേരെയുള്ള അനാവശ്യ ആക്രമണമല്ല, മറിച്ച് ഇന്ത്യക്കും ഇന്ത്യന്‍സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, സമഗ്രത, ഗുണനിലവാരം എന്നിവയ്ക്കും ഇന്ത്യയുടെ അഭിലാഷങ്ങള്‍ക്കും അതിന്റെ വളര്‍ച്ചാ കഥയ്ക്കും നേരെയുള്ള കണക്കുകൂട്ടിയുള്ള ആക്രമണമാണ്' അദാനി ഗ്രൂപ്പ് അവരുടെ 413 പേജുള്ള വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി.
ഹിന്‍ഡന്‍ബര്‍ഗിന് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനായി ഗൂഢലക്ഷ്യമുണ്ടെന്നും അവര്‍ ആരോപിക്കുന്നു. ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് കളവല്ലാതെ മറ്റൊന്നുമല്ല. 'ഒരു ഗൂഢലക്ഷ്യത്തോടെയുള്ള അടിസ്ഥാനരഹിതവും അപകീര്‍ത്തിപ്പെടുത്തുന്നതുമായ ആരോപണങ്ങളുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളുടെയും മറച്ചുവെച്ച വസ്തുതകളുടെയും സംയോജനമാണ് അവരുടെ റിപ്പോര്‍ട്ട്. തെറ്റായ വിപണി സൃഷ്ടിച്ച് സാമ്പത്തിക നേട്ടം ലക്ഷ്യമിടുന്നുണ്ടെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
അദാനി എന്റര്‍പ്രൈസസിന്റെ ഫോളോഓണ്‍ പബ്ലിക് ഓഫര്‍ തുടങ്ങുന്ന സമയം തന്നെ ഇത്തരമൊരു റിപ്പോര്‍ട്ട് കൊണ്ടുവന്നതിലെ ദുരുദ്ദേശ്യം വ്യക്തമാണെന്നും അദാനിയുടെ വിശദീകരണത്തില്‍ പറയുന്നു.
ഗൗതം അദാനിയും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട കൂട്ടുകുടുംബ വ്യവസായത്തെ കൃത്രിമ കണക്കുകളിലൂടെ രാജ്യത്തെതന്നെ വന്‍ കോര്‍പ്പറേറ്റ് സാമ്രാജ്യമായി ഉയര്‍ത്തി, ഓഹരിവിലയില്‍ ഷെല്‍ കമ്പനികള്‍ വഴി കൃത്രിമം നടക്കുന്നു. കണക്കുകള്‍ പലതും വസ്തുതാപരമല്ല തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നത്. ഇതേ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ കമ്പനികളുടെ വിപണിമൂല്യത്തില്‍ കോടികളുടെ നഷ്ടമുണ്ടാക്കിയിരുന്നു.