കശ്‌മീർ:ബി ജെ പിയെ പിന്തുണച്ച് രാഹുലിന്റെ വിശ്വസ്‌ത അദിതി സിംഗ്,ജ്യോതിരാദിത്യ........... 


AUGUST 6, 2019, 9:30 PM IST

ലക്‌നോ:കശ്‌മീരിരിന് പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് രാഹുല്‍ ഗാന്ധിയുടെ വിശ്വസ്‌തരില്‍ പ്രധാനിയും സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ എം എല്‍ എയുമായ അദിതി സിംഗ്.പ്രത്യേക പദവി റദ്ദാക്കിയതിലൂടെ കശ്‌മീരില്‍ വികസനം സാധ്യമാകുമെന്ന് അദിതി പറഞ്ഞു.

ബില്ലിനെ പിന്തുണച്ചത് വ്യക്തിപരമാണെന്നും ഉത്തര്‍പ്രദേശ് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം എല്‍ എയായ അദിതി സിംഗ് ട്വിറ്ററില്‍ കുറിച്ചു. അതേസമയം, കശ്‌മീരിലെ ജനങ്ങളുടെ ശബ്‌ദത്തെ അടിച്ചമര്‍ത്തരുതെന്നും അദിതി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും രാഹുല്‍ ഗാന്ധിയുടെയും നിലപാടുകള്‍ തള്ളിയാണ് അദിതി ബി ജെപിക്ക് അനുകൂല നിലപാട് സ്വീകരിച്ചത്.

ഇവര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് ബി ജെ പി അനുകൂല പ്രസ്‌താവന.അഞ്ച് തവണ റായ്ബറേലി എം എല്‍ എയായിരുന്ന അഖിലേഷ് സിംഗിന്‍റെ മകളാണ് അദിതി സിംഗ്. 90000 വോട്ടുകള്‍ക്കാണ് മണ്ഡലത്തില്‍നിന്ന് ജയിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധിയുടെ പ്രചരണത്തിന്  ചുക്കാന്‍ പിടിച്ചത് അദിതി സിംഗായിരുന്നു. 

രാജ്യത്തിന് അനിവാര്യമായ തീരുമാനമാണിതെന്ന് കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.ഭരണഘടനയനുസരിച്ചുള്ള നടപടിക്രമങ്ങൾ പാലിച്ചിരുന്നെങ്കിൽ ചോദ്യങ്ങളുയരില്ലായിരുന്നെന്നും എന്തുതന്നെ ആയാലും ഇത് രാജ്യത്തിന്‍റെ നല്ലതിന് വേണ്ടി തന്നെയാണെന്നും ജ്യോതിരാദിത്യ ട്വീറ്റ് ചെയ്‌തു. 

ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയുകയും, സംസ്ഥാനത്തെ വിഭജിക്കാനുമുള്ള പ്രമേയത്തിലും ബില്ലുകളിലും കൃത്യമായ നിലപാടില്ലാതെ കോൺഗ്രസ് ഉഴറുകയും ചെയ്യുന്നതിനിടെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് വരെ പലരും ആവശ്യപ്പെടുന്ന ജ്യോതിരാദിത്യ സിന്ധ്യ ബി ജെ പി അനുകൂല നിലപാടുമായി രംഗത്തെത്തിയത്.രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിന് പിന്നാലെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് അധ്യക്ഷ പദവിയിലേക്ക്  കരുനീക്കം നടത്തിയ ജ്യോതിരാദിത്യ സിന്ധ്യയുടെ നിലപാട് ഒറ്റപ്പെട്ടതല്ല.

മുതിർന്ന കോൺഗ്രസ് നേതാവും സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറിയുമായിരുന്നു ജനാർദ്ദൻ ദ്വിവേദി, ഹരിയാനയിൽ നിന്നുള്ള മുൻ കോൺഗ്രസ് എം പി ദീപേന്ദർ എസ് ഹൂഡ തുടങ്ങി തീരുമാനത്തെ അംഗീകരിച്ച് നേരത്തെ തന്നെ രംഗത്തെത്തി.ഇത്തരക്കാരുടെ പട്ടിക ദിവസേന നീളുകയാണ്.

Other News