വിമത നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് ആദിത്യ താക്കറെ


JUNE 27, 2022, 8:59 PM IST

മുംബൈ: ശിവസേനയിലെ വിമത നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് ആദിത്യ താക്കറെ. ഏക് നാഥ് ഷിന്‍ഡെയുടെ കീഴിലുള്ള സംഘത്തെ വിമതര്‍ എന്നല്ല ചതിയന്മാര്‍ എന്നാണ് വിളിക്കേണ്ടതെന്നു പറഞ്ഞ ആദിത്യ താക്കറെ ചതിയന്മാര്‍ എവിടേയും വിജയിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും പലയിടത്തു നിന്നും സ്നേഹവും പിന്തുണയും ലഭിക്കുന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ശിവസേന നയിക്കുന്ന മഹാ വികാസ് അഘാഡി സര്‍ക്കാരിന് എന്താണ് കുഴപ്പമെന്ന് വിമതര്‍ പറയണമെന്ന് ആദിത്യ താക്കറെ ആവശ്യപ്പെട്ടു. അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും മുഖത്ത് നോക്കി സംസാരിക്കണമെന്നും അദ്ദേഹം വിമത എം എല്‍ എമാരോട് പറഞ്ഞു.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ ചേരിതിരിവ് സംബന്ധിച്ച വാദം സുപ്രിം കോടതി കേള്‍ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ആദിത്യ താക്കറെയുടെ പ്രതികരണം.

രാഷ്ട്രീയ പ്രതിസന്ധികള്‍ രൂക്ഷമായതോടെ വിമത മന്ത്രിമാരെ ചുമതലകളില്‍ നിന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഒഴിവാക്കിയിരുന്നു. മന്ത്രിസഭയുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാകാതിരിക്കാനാണ് നടപടിയെന്നും ചുമതല ഉടന്‍ തന്നെ പാര്‍ട്ടിയിലെ മറ്റുള്ളവര്‍ക്ക് കൈമാറുമെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയത്. ഒമ്പത് വിമത മന്ത്രിമാരുടെ ചുമതലകളാണ് താക്കറെ പിന്‍വലിച്ചത്.

Other News