സിഡ്‌നി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വാലറ്റ് മോഷ്ടിച്ച  എയര്‍ ഇന്ത്യ റീജിയണല്‍ഡയറക്ടറെ സസ്‌പെന്‍ഡ് ചെയ്തു


JUNE 24, 2019, 11:33 AM IST

ന്യൂഡല്‍ഹി: സിഡ്നി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വാലറ്റ് മോഷ്ടിച്ച സംഭവത്തില്‍ ഓസ്ട്രലേഷ്യ റീജിയണല്‍ ഡയറക്ടര്‍ രോഹിത് ഭാസിനെ എയര്‍ ഇന്ത്യ സസ്പെന്‍ഡ് ചെയ്തു. കിഴക്കന്‍ മേഖലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് പൈലറ്റ് കൂടിയായ രോഹിത് ഭാസ്.

ഇനിയൊരു അറിയിപ്പോ മുന്‍കൂര്‍ അനുമതിയോ ലഭിക്കാത്തിടത്തോളം കാലം എയര്‍ ഇന്ത്യ ഓഫീസിലേക്ക് പ്രവേശിക്കരുതെന്ന് സസ്പെന്‍ഷന്‍ ഉത്തരവിലൂടെ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. എയര്‍ ഇന്ത്യ ഇക്കാര്യത്തില്‍ അന്വേഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്വേണം പൂര്‍ത്തിയാകും വരെ ആരോപണ വിധേയന് എയര്‍ ഇന്ത്യയുടെ ഓഫീസില്‍ പ്രവേശിക്കാന്‍ സാധിക്കില്ല.

എയര്‍ ഇന്ത്യ 301 എന്ന വിമാനത്തിലെ പൈലറ്റാണ് രോഹിത് ഭാസിന്‍. ഇയാളുടെ വീട്ടിലുള്ളവരില്‍ ചിലരും പൈലറ്റുമാരായാണ് സേവനം അനുഷ്ഠിക്കുന്നത്.

കഴിഞ്ഞ ദിവസം സിഡ്‌നിയില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടാനിരിക്കെയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ രോഹിത് മോഷണം നടത്തിയെന്ന് കണ്ടെത്തിയത്. എയര്‍ ഇന്ത്യ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ രോഹിത് ഭാസിന്‍ കുറ്റം ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടിയെടുത്തതെന്ന് എയര്‍ ഇന്ത്യ വിശദീകരിക്കുന്നു.

ഇന്ത്യന്‍ സമയം ആറരയോടെയാണ് സിഡ്‌നിയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ രോഹിത് ഭാസിന്‍ എത്തിയത്. വൈകുന്നേരം ഏഴരയ്ക്ക് പുറപ്പെടേണ്ട വിമാനത്തിന്റെ പൈലറ്റായിരുന്നു ഓസ്ട്രലേഷ്യ റീജിയണല്‍ ഡയറക്ടര്‍ കൂടിയായ രോഹിത്. വാലറ്റ് മോഷ്ടിച്ച വിവരം ഡ്യൂട്ടി ഫ്രീ ഷോപ്പിലെ സെക്യൂരിറ്റി സംവിധാനമാണ് കണ്ടെത്തിയത്.

Other News